ഗീതു മോഹൻദാസ് സംവിധാനംചെയ്ത യഷ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി'ലെ വീഡിയോ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ നടി കിയാര അദ്വാനിക്കെതിരെ വിമർശനവും സൈബർ ആക്രമണവും. ഗാനരംഗത്തിലെ ഇന്റിമേറ്റ് സീനുകളെ ചൊല്ലിയാണ് വിമർശനം ഏറെയും. നടിമാരായ കാജൾ അഗർവാളിനോടും സായ് പല്ലവിയുമായും താരതമ്യംചെയ്താണ് വിമർശനം.

To advertise here,

'ടോക്‌സിക്കി'ലെ 'തബാഹി' എന്നു പേരിട്ടിരിക്കുന്ന ഗാനം രണ്ടുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ റിലീസിനോട് അടുക്കവെയാണ് വീഡിയോ സോങ് പുറത്തുവിട്ടത്.

യഷിന്റെയും കിയാരയുടെയും തീവ്രമായ പ്രണയരംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് വീഡിയോ.

യഷും കിയാരയും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ് ഗാനരംഗങ്ങളുടെ പ്രത്യേകത. വിഖ്യാത പേർഷ്യൻ കവി റൂമിയുടെ പ്രശസ്തമായ വരികളോടെയാണ് നാലുമിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ഗാനം ആരംഭിക്കുന്നത്. റെട്രോ ശൈലിയിലുള്ള പശ്ചാത്തലത്തിൽ വിന്റേജ് കാറുകളും മറ്റും ഉൾപ്പെടുത്തി മനോഹരമായ ദൃശ്യാവിഷ്‌കാരമാണ് ഗാനത്തിനായി ഒരുക്കിയിരിക്കുന്നത്. റഗ്ഗ്ഡ് ലുക്കിൽ യഷ് എത്തുമ്പോൾ കിയാര ക്ലാസിക് യൂറോപ്യൻ ശൈലിയിലാണ് പ്രത്യക്ഷപ്പെടുന്നത്. നയൻതാര, താര സുതാരിയ എന്നിവരും ഗാനരംഗത്തിൽ വന്നുപോകുന്നു.

വിശാൽ മിശ്രയാണ് ഗാനത്തിന് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. രാജ് ശേഖറാണ് ഹിന്ദിയിലെ വരികൾ എഴുതിയിരിക്കുന്നത്. ഹിന്ദി കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലും ഗാനം ലഭ്യമാണ്. മലയാളം പതിപ്പിലെ വരികൾ റഫീഖ് അഹമ്മദാണ് എഴുതിയിരിക്കുന്നത്.

ഗാനം സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ് ആയതോടെ വിമർശനവുമായി ആരാധകർ എത്തി.  കാജൾ അഗർവാളും സായ് പല്ലവിയും മുമ്പ് ചില അഭിമുഖങ്ങളിൽ ചുംബന, ബിക്കിനി രംഗങ്ങളെക്കുറിച്ച് പറഞ്ഞ നിലപാടുകളും ചിലർ ചൂണ്ടിക്കാട്ടി.

ബിക്കിനി സീനുകളിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല. സ്വകാര്യ ഭാഗങ്ങൾ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നത് ഇഷ്ടമല്ല. ഒരുപരിധിക്കപ്പുറമുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ എനിക്ക് അഭിനയിക്കാൻ കഴിയില്ല', എന്നായിരുന്നു ഒരാഴ്ച മുമ്പ് കാജൾ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

നാഗചൈതന്യക്കൊപ്പം അഭിനയിച്ച ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കവെയായിരുന്നു സായ് പല്ലവി തന്റെ നിലപാട് വ്യക്തമാക്കിയത്. സ്‌ക്രീനിൽ ഒരിക്കലും ചുംബന രംഗങ്ങൾ ചെയ്യില്ലെന്നാണ് തന്റെ നിലപാടെന്ന് നടി പറഞ്ഞു. 'ഞാൻ ഒരിക്കലും ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല. അതെന്റെ നിലപാടിന് എതിരാണ്. ലവ് സ്റ്റോറിയിലെ ചുംബന രംഗത്തിൽ, നാഗചൈതന്യ ശരിക്കും എന്നെ ചുംബിക്കുന്നില്ല. ക്യാമറാ ആംഗിളിന്റെ പ്രത്യേകതകൊണ്ട് അങ്ങനെ തോന്നുന്നതാണ്. എന്റെ നിലപാട് ഞാൻ സംവിധായകനെ അറിയിച്ചിരുന്നു. അദ്ദേഹം ഒരിക്കലും എന്നെ നിർബന്ധിച്ചില്ല. ചുംബിക്കുന്നില്ല എന്നതുകൊണ്ട് ആ സീനിന്റെ പ്രാധാന്യം കുറയില്ല', നടി കൂട്ടിച്ചേർത്തു.

യഷും ഗീതു മോഹൻദാസും ചേർന്നാണ് 'ടോക്സിക്കി'ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യഷ്, കിയാര അദ്വാനി എന്നിവർക്ക് പുറമെ നയൻതാര, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രീകരിച്ച സിനിമ മറ്റ് പ്രമുഖ ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റി പ്രദർശനത്തിനെത്തും. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ നിർമിക്കുന്ന പാൻ- ഇന്ത്യൻ ചിത്രം ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.