തമിഴ് ചലച്ചിത്ര താരങ്ങളായ വിജയ്, തൃഷ എന്നിവരെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളിൽ പ്രതികരണവുമായി നടി ഖുശ്ബു സുന്ദർ. ഇരുവരും ഒരു വിവാഹ ചടങ്ങിൽ ഒന്നിച്ചു പങ്കെടുത്തതിനെത്തുടർന്ന് ഉയർന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് ഖുശ്ബു വ്യക്തമാക്കി. വ്യക്തിജീവിതം ഓരോരുത്തരുടെയും സ്വകാര്യമായ കാര്യമാണ്. അത് പൊതുജനങ്ങളെ ബാധിക്കാത്തടത്തോളം കാലം ചർച്ച ചെയ്യേണ്ടതില്ലെന്നും അവർ അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ IANS -നോട് പ്രതികരിക്കുകയായിരുന്നു അവർ.

To advertise here,

"തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് വളരെയധികം ആവേശം ഉണ്ട്. നടൻ വിജയ് അടുത്തിടെ തൃഷ കൃഷ്ണനൊപ്പം ഒരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്?" എന്നായിരുന്നു ഖുശ്ബു നേരിട്ട ഒരു ചോദ്യം. താരങ്ങളുടെ സ്വകാര്യ ജീവിതം എന്തിനാണ് ഇത്ര വലിയ കാര്യമാക്കുന്നത് എന്നായിരുന്നു ഖുശ്ബു ഇതിനോട് തിരിച്ചുചോദിച്ചത്.

"ഈ സംഭവത്തിൽ ആളുകൾക്ക് എന്തു ചെയ്യാനുണ്ടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതവരുടെ വ്യക്തിപരമായ ജീവിതമാണ്. അവരുടെ വ്യക്തിപരമായ ജീവിതം ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ, നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. അവരുടെ വ്യക്തിപരമായ ജീവിതത്തിന് ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. എന്തിനാണ് ആളുകൾ ഇതിനെ ഒരു വലിയ വിഷയമാക്കുന്നത്? അവർ അവരുടെ സ്വന്തം ജീവിതം കാണും. ആളുകളെ ഒരു തരത്തിലും ബാധിക്കുന്നില്ല." ഖുശ്ബുവിന്റെ വാക്കുകൾ.

ഇത്തരം വിവാദങ്ങൾ വിജയ്‌യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ഖുശ്ബു പറഞ്ഞു. ഇത് ആരുടെയും വ്യക്തിപരമായ ജീവിതത്തെ ബാധിക്കുമെന്ന് താൻ കരുതുന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് പ്രശ്നമല്ല. നമ്മെപ്പോലെ ഒരു സാധാരണക്കാരനാണ്. ജനങ്ങളുടെ വ്യക്തിപരമായ ജീവിതവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുപറയുകയാണെങ്കിൽ എപ്പോൾ എവിടെ വോട്ട് ചെയ്യണമെന്ന് ജനങ്ങൾക്കറിയാമെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.

വിജയ്‌യും തൃഷയും ഒരു വിവാഹ റിസപ്ഷനിൽ ഒരുമിച്ച് പങ്കെടുത്തതിനെ തുടർന്നുണ്ടായ ഗോസിപ്പുകൾ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. വിജയ്‍യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് തൊട്ടുപിന്നാലെയാണ് ഇരുവരും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് എന്നതാണ് വിവാദങ്ങൾക്ക് കാരണമായത്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന വിവാഹമോചന ഹർജിയിൽ സംഗീത ആരോപിച്ചിരുന്നു.

മുൻപ് 'ലിയോ' സിനിമയുടെ വിജയ ആഘോഷ വേളയിൽ തൃഷയെ വിജയ് 'രാജകുമാരി' എന്ന് വിളിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. വിജയ് തനിക്ക് എപ്പോഴും പ്രിയപ്പെട്ടവനാണെന്നും അദ്ദേഹം ഒരിക്കലും നിയന്ത്രണം വിടുന്നത് കണ്ടിട്ടില്ലെന്നും തൃഷയും മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്.