47 വർഷങ്ങൾക്കുശേഷം രജനീകാന്തും കമൽഹാസനും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. KH x RK റീ യൂണിയൻ എന്നാണ് വീഡിയോക്ക് നൽകിയിരിക്കുന്ന പേര്. തമിഴിലെ ശ്രദ്ധേയനായ യുവ സംവിധായകൻ നെൽസൺ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം.

To advertise here,

ജയിലർ 2 എന്ന ചിത്രത്തിനുശേഷം രജനീകാന്തും നെൽസണും ഒന്നിക്കുന്ന ചിത്രമാണിത്. കമൽഹാസൻ-നെൽസൺ ടീമാകട്ടെ ആദ്യമായാണ് ഒരുസിനിമ ചെയ്യുന്നത്. രണ്ടുപേർ തമ്മിലുള്ള ഈഗോ ക്ലാഷാണോ ചിത്രം സംസാരിക്കുന്ന വിഷയമെന്ന ആകാംക്ഷയുണ്ടാക്കുന്നതാണ് പ്രൊമോ വീഡിയോ. ബബ്ലു രചിച്ച് അനിരുദ്ധ് ഈണമിട്ട ആജാ രാജാ എന്ന ഗാനവും പശ്ചാത്തലത്തിൽ കേൾക്കാം. നെൽസണും അനിരുദ്ധും വീഡിയോയിൽ സൂപ്പർതാരങ്ങൾക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്.

രാജീവ് മേനോനാണ് റെഡ് ജയന്റ് മൂവീസ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം. എൺ. ഷെമ്പക മൂർത്തിയും ആർ. ആർജുൻ ദുരൈയുമാണ് കോ-പ്രൊഡ്യൂസർമാർ. ഡി.ആർ.കെ കിരൺ ആണ് ആർട്ട് ഡയറക്ടർ. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

താനും കമൽഹാസനും ഒരുമിച്ച് ഒരുചിത്രത്തിൽ വേഷമിടും എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മാധ്യമങ്ങളോട് സംസാരിക്കവേ രജനീകാന്ത് പറഞ്ഞിരുന്നു. "രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്ന് ഒരു ചിത്രം ചെയ്യാൻ പോകുന്നു. സംവിധായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കമലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ഒരു കഥയും കഥാപാത്രവും ലഭിച്ചാൽ ഞങ്ങൾ അഭിനയിക്കും." ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇതൊരു അദ്ഭുതകരമായ സംഭവമാണോ എന്ന് അറിയില്ലെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ നന്നായിരുന്നു എന്നുമാണ് ഇതേ വേദിയിൽവെച്ചുതന്നെ കമൽഹാസൻ പറഞ്ഞത്. അവർ സന്തോഷവാന്മാരാണെങ്കിൽ, ഞങ്ങൾ സന്തോഷവാന്മാരായിരിക്കുമെന്നും കമൽഹാസൻ പറഞ്ഞിരുന്നു.

1970-കളിൽ ഒട്ടനവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും. 1979-ൽ പുറത്തിറങ്ങിയ 'അലാവുദ്ദീനും അത്ഭുതവിളക്കും' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി മുഴുനീള വേഷങ്ങളിൽ ഒന്നിച്ചെത്തിയത്. ഏകദേശം അരനൂറ്റാണ്ടിന് ശേഷമുള്ള ഈ തിരിച്ചുവരവ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
"രജനീകാന്ത് സാറിനെയും കമൽഹാസൻ സാറിനെയും ഈ ചിത്രത്തിനായി ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചത് റെഡ് ജയൻറ് മൂവീസിനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. 47 വർഷങ്ങൾക്ക് ശേഷമുള്ള ഈ പുനഃസമാഗമത്തിന് വേദിയൊരുക്കാൻ സാധിച്ചതിൽ ഞങ്ങൾ അതീവ കൃതാർത്ഥരും അഭിമാനമുള്ളവരുമാണ്. ഇന്ത്യൻ സിനിമയിലെ വൈകാരികവും ചരിത്രപരവുമായ ഈ നിമിഷത്തെ ഏറ്റവും മികച്ച രീതിയിൽ സ്ക്രീനിൽ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," എന്ന് റെഡ് ജയൻറ് നിർമ്മാണ കമ്പനി പ്രതിനിധികൾ പ്രതികരിച്ചു. പിആർഒ: ആതിര ദിൽജിത്ത്.