തിരുവനന്തപുരം: 30-ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 2021 ലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. സാംസ്‌കാരിക-സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണയും മികച്ച എന്‍ട്രികളില്ലാത്തതിനാല്‍ മികച്ച ടെലിസീരിയല്‍ എന്ന വിഭാഗത്തില്‍ അവാര്‍ഡുകള്‍ നല്‍കിയില്ല. മികച്ച സംവിധായകനും ഇക്കുറി പുരസ്‌കാരമില്ല. കഥാ വിഭാഗത്തില്‍ 52 എന്‍ട്രികളും കഥേതര വിഭാഗത്തില്‍ 138 എന്‍ട്രികളുമാണ് സമര്‍പ്പിച്ചത്. രചനാവിഭാഗത്തില്‍ 13 എന്‍ട്രികളും ലഭിച്ചു. 

To advertise here,

മികച്ച ലേഖനത്തിനും അര്‍ഹമായ എന്‍ട്രികളില്ലാത്തതിനാല്‍ അവാര്‍ഡ് നല്‍കേണ്ട എന്നായിരുന്നു ജൂറി തീരുമാനം. മികച്ച ടെലിസീരിയലിനും മികച്ച രണ്ടാമത്തെ ടെലിസീരിയലിനും അര്‍ഹമായ എന്‍ട്രികളില്ലാത്തതിനാല്‍ പിറ മികച്ച മൂന്നാമത്തെ ടെലിഫിലിമായി തിരഞ്ഞെടുത്തു.

കാതറിനാണ് മികച്ച നടി. ഫ്‌ളവേഴ്‌സ് ടിവിയിലെ അന്ന കരീന എന്ന ടെലിസീരിയലിലെ അഭിനയത്തിനാണ് പുരസ്‌കാരം. കൊമ്പലിലെ പ്രകടനത്തിന് ജോളി ചിറയത്ത് മികച്ച രണ്ടാമത്തെ നടിയായി.  പിറയിലെ പ്രകടനത്തിലൂടെ ഇഷക് കെ. മികച്ച നടനുള്ള പുരസ്‌കാരത്തിനര്‍ഹനായി. മണികണ്ഠന്‍ പട്ടാമ്പിയാണ് മികച്ച രണ്ടാമത്തെ നടന്‍. വായനശാലയിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച ഹാസ്യ നടനായി ഉണ്ണി പി രാജനും(മറിമായം) മികച്ച ബാലതാരമായി നന്ദിതാ ദാസും( അതിര്) തിരഞ്ഞെടുക്കപ്പെട്ടു.മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരത്തിന് ലക്ഷ്മി പുഷ്പ(കൊമ്പല്‍, ജീവന്‍ ടിവി) അര്‍ഹയായി. 

മികച്ച ഛായാഗ്രഹകന്‍: മൃദുല്‍ എസ്(അതിര്), മികച്ച സംഗീത സംവിധായകന്‍(മുജീബ് മജീദ്), മികച്ച എന്റര്‍ടെയ്‌ന്മെന്റ് ടിവി ഷോ: ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി(മഴവില്‍ മനോരമ), മികച്ച കോമഡി പ്രോഗ്രാം: അളിയന്‍സ്(കൗമുദി), മികച്ച കുട്ടികളുടെ ഷോര്‍ട്ട് ഫിലിം: (മഡ് ആപ്പിള്‍സ്).

മഞ്ജു പത്രോസും കെ.കെ രാജീവും പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹരായി.