
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ കലാ സംവിധാന മേഖലയിലെ അവാർഡ് നിർണയ രീതിയിൽ മാറ്റങ്ങളുണ്ടാകണമെന്ന് പ്രൊഡക്‌ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി. സിനിമാ ഇൻഡസ്ട്രിയിൽ ഇപ്പോൾ കലാ സംവിധായകനുമുകളിൽ പ്രൊഡക്ഷൻ ഡിസൈനർ എന്ന ചുമതല വഹിക്കുന്ന ഒരാൾ കൂടിയുണ്ട്. പ്രൊഡക്ഷൻ ഡിസൈനർ പറഞ്ഞുകൊടുക്കുന്ന പണിയാണ് കലാസംവിധായകൻ ചെയ്യുന്നതെന്നും അജയൻ ചാലിശ്ശേരി പറയുന്നു.
ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിയോട് തന്റെ സംശയങ്ങൾ അജയൻ ചാലിശ്ശേരി ഉന്നയിക്കുന്നത്. അവാർഡിനെ പറ്റി എന്തെങ്കിലും പറയുമ്പോൾ അത് കിട്ടാത്തതിന്റെ പ്രശ്നം അല്ലെങ്കിൽ കലാകാരന്മാർ തമ്മിലുള്ള അസൂയ ആണെന്നാണ് ആളുകൾ പറയുക. ഏറ്റവും നല്ലത് മിണ്ടാതെ ഇരിക്കലാണ്. സ്ഥിരം അങ്ങനെ തന്നെയാണ്. കാരണം അടുത്ത സുഹൃത്തുക്കൾ തന്നെയാണ് ജേതാക്കളാകുന്നത്. പക്ഷേ അത്രയ്ക്ക് സംശയം വന്നതുകൊണ്ട് ചോദിക്കുകയാണെന്ന് അജയൻ ചാലിശ്ശേരി എഴുതി.
'കലാകാലങ്ങളായി മലയാള സിനിമയിൽ കലാസംവിധാനം, അല്ലെങ്കിൽ ആർട്ട് ഡയറക്ടറെ മാത്രമേ ആ വിഭാഗത്തിൽ അവാർഡിന് പരിഗണിക്കുമായിരുന്നുള്ളൂ. കുറച്ചുവർഷങ്ങൾക്ക് മുമ്പ് മുതൽ ആർട്ട് ഡയറക്ടർക്ക് സിനിമയിലെ മറ്റുവിഭാഗങ്ങളിലേയും ക്രിയേറ്റിവ് സൈഡ് നോക്കേണ്ടി വന്നതുകൊണ്ട് ഏകദേശം 16 -ഓളം വിഭാഗങ്ങളുടെ ഹെഡ് ആയി 'പ്രൊഡക്ഷൻ ഡിസൈനെർ' എന്ന ലെവലിലേക്ക് മാറി. അയാളുടെ കീഴിൽ വർക്ക് ചെയ്യുന്ന അല്ലെങ്കിൽ അയാൾ പറയുന്ന വർക്കുകൾ ചെയ്തു കൊടുക്കുന്ന ആളാണ് ആർട്ട് ഡയറക്ടർ.'
'ലോക സിനിമയിലും ഇന്ത്യൻ സിനിമകളിലും തുടർന്ന് ആർട്ട് ഡിപ്പാർട്മെന്റ് ഹെഡ് ആയ 'പ്രൊഡക്ഷൻ ഡിസൈനർ'മാർക്ക് ആണ് ലോക സിനിമയിലും ദേശീയ തലത്തിലും ഓരോ സിനിമയിലെയും കലാ പ്രവർത്തനങ്ങൾക്ക് അവാർഡുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വട്ടം കലാസംവിധാനത്തിന് സംസ്ഥാന അവാർഡ് നേടിയ സിനിമയിലെ പ്രൊഡക്ഷൻ ഡിസൈനെർക്ക് (ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ്) അവകാശപ്പെട്ടതോ? അതോ അയാളുടെ ടീമിലെ ആർട്ട് ഡയറക്ടർക്കോ? അതോ നമ്മുടെ മലയാള സിനിമയിൽ ഇങ്ങനെ ആണോ ഇനി?' എന്ന് ചോദിച്ചുകൊണ്ടാണ് അജയൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മഹേഷിന്റെ പ്രതികാരം, ട്രാൻസ്, മാര, ഗ്യാങ്സ്റ്റർ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായകനായും വരത്തൻ, ഇരുൾ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറുമാണ് അജയൻ ചാലിശ്ശേരി.
Content Highlights: kerala state film awards 2022, ajayan chalissery facebook post
Published: 22 Jul 2023, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented