തിരുവനന്തപുരം: വെള്ളിയാഴ്ച തുടങ്ങുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യദിനം, ഉദ്ഘാടനചിത്രമായ 'പലസ്തീന്‍ 36' ഉള്‍പ്പെടെ 11 ചിത്രങ്ങള്‍ കാണികള്‍ക്കു മുന്നിലെത്തും. ആന്‍മേരി ജാസിര്‍ സംവിധാനംചെയ്ത 'പലസ്തീന്‍ 36', ബ്രിട്ടീഷ് വിരുദ്ധസമരവും ജനജീവിത സംഘര്‍ഷങ്ങളുമാണ് ചര്‍ച്ചചെയ്യുന്നത്. 98-ാമത് ഓസ്‌കര്‍ പുരസ്‌കാരത്തിന് ഔദ്യോഗികമായി തിരഞ്ഞെടുത്ത പലസ്തീന്‍ ചിത്രമാണിത്.

To advertise here,

കലാഭവന്‍ തിേയറ്ററില്‍ 10-ന് പ്രദര്‍ശിപ്പിക്കുന്ന ലോറ കസബെയുടെ 'വിര്‍ജിന്‍ ഓഫ് ക്വാറി ലേക്ക്' ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തിലെ മുഖ്യ ആകര്‍ഷണമാണ്. അര്‍ജന്റീനയിലെ കടുത്ത സാമ്പത്തികപ്രതിസന്ധി പശ്ചാത്തലമാക്കിയ ചിത്രം, കൗമാരക്കാരായ മൂന്നു പെണ്‍കുട്ടികളുടെ കഥ പറയുന്നു. ലാറ്റിനമേരിക്കയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരികതലങ്ങളെ ചിത്രം ആഴത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.

വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ അലക്സാണ്‍ട്രിയ ട്രൈലജിയുടെ മൂന്നാംഭാഗമായ 'അലക്സാണ്‍ട്രിയ എഗൈന്‍ ആന്‍ഡ് ഫോര്‍ എവര്‍' പത്തിന് നിള തിേയറ്ററില്‍ പ്രദര്‍ശിപ്പിക്കും. മേളയില്‍ 'ഇന്ത്യന്‍ സിനിമ നൗ' വിഭാഗത്തില്‍ ഏഴ് ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അനൂപ് ലോക്കുര്‍ സംവിധാനംചെയ്ത 'ഡോണ്ട് ടെല്‍ മദര്‍', രവിശങ്കര്‍ കൗശിക്കിന്റെ 'ഫ്‌ളെയിംസ്', തനിഷ്ഠ ചാറ്റര്‍ജിയുടെ 'ഫുള്‍ പ്ലേറ്റ്', പ്രഭാഷ് ചന്ദ്രയുടെ 'ഹാര്‍ത്ത് ആന്‍ഡ് ഹോം', ഇഷാന്‍ ഘോഷിന്റെ 'മിറാഷ്', അനുപര്‍ണ റോയ് സംവിധാനംചെയ്ത 'സോങ്സ് ഓഫ് ഫോര്‍ഗോട്ടന്‍ ട്രീസ്', നിഷാന്ത് കാളിന്ദിയുടെ 'തിയറ്റര്‍' എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

ചലച്ചിത്രമേളയുടെ മീഡിയ സെല്‍ ടാഗോര്‍ തിയേറ്ററില്‍ മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനായി. സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ അനുപമ ജി.നായര്‍, നടി സരയു എന്നിവര്‍ പങ്കെടുത്തു.

മേളയുടെ ഫെസ്റ്റിവല്‍ ഓഫീസ് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംവിധായകന്‍ ഷാജി എന്‍.കരുണിനെക്കുറിച്ചുള്ള പുസ്തകം 'കരുണയുടെ ക്യാമറ' അനസൂയ ഷാജിക്കു നല്‍കി മന്ത്രി സജി ചെറിയാന്‍ പ്രകാശനം ചെയ്യും.

മേളയുടെ കൈപ്പുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആഞ്ജല മോളിന, വിയറ്റ്നാമില്‍നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നല്‍കിയും ഡെയിലി ബുള്ളറ്റിന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ക്കു നല്‍കിയും ചലച്ചിത്ര സമീക്ഷ പ്രത്യേക പതിപ്പ് സംവിധായകന്‍ കമല്‍, ബീനാ പോളിനു കൈമാറിയും പ്രകാശനം ചെയ്യും.

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സംവിധായകന്‍ രാജീവ് നാഥിനെ മന്ത്രി സജി ചെറിയാന്‍ ആദരിക്കും. രാജീവ് നാഥിനെക്കുറിച്ച് അക്കാദമി തയ്യാറാക്കിയ 'തണല്‍' പുസ്തകം ടി.കെ.രാജീവ് കുമാര്‍ കെ.മധുവിനു നല്‍കി പ്രകാശനം ചെയ്യും.