17-ാം തീയതി അതായത് സംഭവ ദിവസം മാർട്ടിൻ, പൾസർ സുനിയെ ലാൽക്രിയേഷന്റെ ഉടമസ്ഥതയിലുള്ള പടമുഗളിലുള്ള സ്റ്റുഡിയോയിൽ വെച്ചും കാണുന്നുണ്ട്. അതിക്രമത്തിന് അന്തിമരൂപം നൽകിയത് അപ്പോഴായിരുന്നു.

പൾസർ സുനി, പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
2017 ഫെബ്രുവരി 17-ന് രാത്രി 7.45. തൃശ്ശൂരിലെ വീട്ടിൽനിന്ന് അതിജീവതയുമായി കെഎൽ 39 എഫ് 5744 എന്ന എസ്‌യുവി എറണാകുളത്തേക്കു തിരിച്ചു. പിന്നിലെ സീറ്റിലായിരുന്നു അവർ. രണ്ടാംപ്രതി മാർട്ടിൻആന്റണിയാണ് ഡ്രൈവിങ് സീറ്റിൽ. മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ല.
താൻ അഭിനയിച്ച സിനിമയുടെ പ്രമോഷൻ ഗാനം റെക്കോഡ് ചെയ്തശേഷമായിരുന്നു എറണാകുളത്തേക്കുള്ള മടക്കം. ലാൽ ക്രിയേഷനാണ് അതിജീവിതയെ കൊണ്ടുവരാനായി വാഹനം അയച്ചത്. ക്രൂരമായ ലക്ഷ്യത്തെ മാർട്ടിൻ സമർഥമായി ഒളിപ്പിച്ചു. പൾസർ സുനിയുടെ നേതൃത്തിൽ എല്ലാം നേരത്തേ ആലോചിച്ചുറപ്പിച്ചിരുന്നു. ഫെബ്രുവരി 11-ന് വാടക വീട്ടിലായിരുന്നു അതിന്റെ ഗൂഢാലോചന. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠൻ, നാലാം പ്രതി വി.പി. വിജീഷ് എന്നിവരാണ് അതിൽ പങ്കാളികളായത്.
17-ാം തീയതി അതായത് സംഭവ ദിവസം മാർട്ടിൻ, പൾസർ സുനിയെ ലാൽക്രിയേഷന്റെ ഉടമസ്ഥതയിലുള്ള പടമുഗളിലുള്ള സ്റ്റുഡിയോയിൽ വെച്ചും കാണുന്നുണ്ട്. അതിക്രമത്തിന് അന്തിമരൂപം നൽകിയത് അപ്പോഴായിരുന്നു. ഇതിനു പിന്നാലെ പൾസർ സുനി മറ്റു പ്രതികളെ ബന്ധപ്പെട്ട് എല്ലാം പ്ലാൻ ചെയ്തതുപോലെ നടപ്പാക്കാനുള്ള അവസാനവട്ട നിർദേശങ്ങൾ നൽകി.
എല്ലാറ്റിന്റെയും നിയന്ത്രണം പൾസർ സുനിക്കായിരുന്നു. അയാളെ ആരാണ് നിയന്ത്രിച്ചതെന്നതെന്നത് ഇപ്പോഴും അജ്ഞാതം. വൈകീട്ട് 4.30-ന് ലാൽ ക്രിയേഷന്റെ അങ്കണത്തിൽനിന്ന് മാർട്ടിൻ എസ്‌യുവിയുമായി തൃശ്ശൂരിലേക്കു തിരിച്ചു.
എല്ലാം നിയന്ത്രിച്ച് പൾസർ സുനി
വൈകീട്ട് 7.45-ന് തൃശ്ശൂരിലെ വീട്ടിൽനിന്ന് എറണാകുളത്തേക്കുള്ള മടക്കയാത്ര തുടങ്ങിയപ്പോൾ മുതലുള്ള വിവരങ്ങൾ മാർട്ടിൻ കൃത്യമായി പൾസർ സുനിക്ക് കൈമാറിക്കൊണ്ടേയിരുന്നു.
പദ്ധതിയൊന്നും അണുവിടെ തെറ്റുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു ആ ഗൂഢസംഘത്തിന്റെ ഒരോ ചുവടും.
പൾസർ സുനിയും മണികണ്ഠനും വിജീഷും അങ്കമാലി അഡ്‌ലസ് കൺവെൻഷൻ സെന്ററിനു മുൻപിൽ കെഎൽ60 എ 9338 എന്ന രജിസ്റ്റർ നമ്പർ ഉള്ള ടെമ്പോ ട്രാവലറിൽ കാത്തുകിടന്നു.
അതിജീവിതയുടെ വാഹനം ഒരോ പോയിന്റ് കടക്കുമ്പോഴും വിവരങ്ങൾ മൊബൈലിൽ പൾസർ സുനി അറിഞ്ഞുകൊണ്ടേയിരുന്നു.
അതിജീവിതയുമായി എക്‌സ്‌യുവി അഡ്‌ലസ് കൺവെൻഷൻ സെന്റർ പിന്നിട്ടപ്പോൾ പൾസർ സുനിയും സംഘവും ട്രാവലറിൽ അതിനെ പിന്തുടരാൻ തുടങ്ങി. ട്രാവലറിന്റെ ഡ്രൈവിങ് സീറ്റിൽ പൾസർ സുനി തന്നെയായിരുന്നു.
നിശ്ചയിച്ചുറപ്പിച്ച ‘അപകടം’
അത്താണി ജങ്ഷനു സമീപം കോട്ടായിലെത്തിയപ്പോൾ അതിജീവിത സഞ്ചരിച്ചിരുന്ന എസ്‌യുവിയുടെ പിന്നിൽ പൾസർ സുനി ടെമ്പോ ട്രാവലർ കൊണ്ട് ചെറുതായി ഉരസി. നേരത്ത നിശ്ചയിച്ചുറപ്പിച്ച ‘അപകടം’.
അപ്പോൾ സമയം രാത്രി 9.15. എസ്‌യുവി നിറുത്തി മാർട്ടിൻ ഇറങ്ങി. അതിജീവിതയ്ക്ക് അപ്പോഴും തെല്ലും സംശയം തോന്നിയില്ല. പക്ഷേ, വാഹനം നിർത്തിയതിനു പിന്നാലെ മണികണ്ഠനും വിജീഷും അതിജീവിത ഇരുന്ന സീറ്റിലേക്ക് ഇടിച്ചുകയറി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനുമുൻപേ അവർ അതിജീവിതയുടെ വായ പൊത്തുകയും കൈകൾ ബലമായി പിടിച്ചുവെക്കുകയും ചെയ്തു. മൊബൈലും കൈക്കലാക്കി. ഭയന്ന് വിറയ്ക്കുന്ന അനുഭവം.
അപ്പോൾ ഒന്നും അറിയാത്ത പോലെ മാർട്ടിൻ വീണ്ടും ഡ്രൈവിങ് സീറ്റിലേക്ക് കയറി. വാഹനത്തിന്റെ എല്ലാ ചില്ലുകളും ശരിയായി അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കി അയാൾ സെൻട്രൽ ലോക്കിട്ടു.
ടെമ്പോ ട്രാവലറിൽ പിന്തുടർന്ന് പൾസർ സുനി
അതിജീവിതയുടെ വാഹനം വീണ്ടും എറണാകുളത്തേക്കുള്ള യാത്ര തുടർന്നു. ടെമ്പോ ട്രാവലറിൽ പൾസർ സുനി പിന്നാലെയും. ഈ സമയം കളമശ്ശേരിയിൽ അപ്പോളോ ജങ്ഷനിൽ പ്രതികളായ സലിമും പ്രദീപും കാത്തുനിൽപ്പുണ്ടായിരുന്നു. അപ്പോളോ ജങ്ഷനിൽ എത്തിയപ്പോൾ അതിജീവിതയുടെ വാഹനം നിറുത്തുകയും സലിം അതിലേക്ക് കയറുകയും ചെയ്തു.
വാഹനത്തിലെ സ്ഥിതി എന്തെന്ന് പരിശോധിക്കുകയായിരുന്നു അയാളുടെ ചുമതല. വാഹനത്തിലെ അവസ്ഥ പരിശോധിച്ചിറങ്ങിയ സലിം ടെമ്പോ ട്രാവലറിലേക്കാണ് കയറിയത്. കാര്യങ്ങൾ പൾസർ സുനിയോട് വിശദീകരിച്ചു.
ഇതിന് പിന്നാലെ ആറാം പ്രതി പ്രദീപ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിനരികിലേക്കെത്തുകയും നാലാം പ്രതി വിജീഷിനെ ഇറക്കി അവിടേക്കു കയറുകയും ചെയ്തു. പിന്നെ വിജീഷും മണികണ്ഠനും കൂടിയാണ് അതിജീവതയെ പിൻസീറ്റിൽ തടങ്കലിലാക്കിയത്.
പാലാരിവട്ടത്ത് എത്തിയപ്പോൾ അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം വീണ്ടും നിറുത്തി. ആറാം പ്രതി പ്രദീപിനെ വാഹനത്തിൽ നിന്നിറക്കി അഞ്ചാം പ്രതി സലിം വാഹനത്തിലേക്ക് കയറി. നാലാം പ്രതി വിജീഷ് വാഹനത്തിന്റെ മുൻ സീറ്റിലും കയറി.
പൾസർ സുനിയും ആറാം പ്രതിയും ട്രാവലറിൽ അതിജീവിതയുടെ വാഹനത്തെ പിന്തുടർന്നു.
പൾസർ സുനി എസ്‌യുവിയിലേക്ക്
വെണ്ണല ഡിസൈൻ വുഡ് ഇന്റിരീയർ ഷോപ്പിന് മുൻപിൽ എത്തിയപ്പോൾ രണ്ട് വാഹനങ്ങളും നിറുത്തി. പൾസർ സുനി എസ്‌യുവിയിലേക്ക് കയറി. പന്നീട് പൾസർ സുനിയാണ് അതിജീവിതയുടെ വാഹനം ഓടിച്ചത്. ഈ സമയമൊക്കെ അതിജീവതയെ മണികണ്ഠനും സലിമിം പിൻസീറ്റിൽ ബന്ധനസ്ഥയാക്കിയിരിക്കുകയായിരുന്നു.
രണ്ടാംപ്രതി മാർട്ടിനും നാലാംപ്രതി വിജേഷും ആറാംപ്രതിയും ട്രാവലറിൽ അതിജീവിതയുടെ വാഹനത്തെ പിന്തുടർന്നു. ഇതിനുശേഷം വാഹനം നിർത്തി പൾസർ സുനി അതിജീവതയുടെ സീറ്റിലേക്ക് മാറി. തുടർന്ന് അഞ്ചാംപ്രതി സലിം ആണ് വാഹനം ഓടിച്ചത്.
കേട്ടുകേൾവിയില്ലാത്ത അതിക്രമം
ചിറ്റേത്തുകര ഹോട്ടൽ കാമധേനുവിന്റെ മുൻപിൽ എത്തിയപ്പോൾ വാഹനം നുറുത്തി സലിമിനോട് ഒരു കുപ്പി വെള്ളം വാങ്ങാൻ പൾസർ സുനി ആവശ്യപ്പെട്ടു. വെള്ളം വാങ്ങി എത്തിയപ്പോൾ ട്രാവലറിൽനിന്ന് മൊബൈൽ ഫോൺ എടുക്കാനും നിർദ്ദേശിച്ചു. ഈ മൊബൈലാണ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
തുടർന്ന് മൂന്നാംപ്രതി മണികണ്ഠനാണ് വാഹനം ഓടിച്ചത്. വാഹനം ഓടിത്തുടങ്ങിയതോടെ പൾസർ സുനിയുടെ സ്വഭാവം മാറി. അയാൾ അതിജീവതയെ ഭീഷണിപ്പെടുത്തി വീഡിയോ ചിത്രീകരിക്കാൻ തുടങ്ങി. നിഷ്ഠുരമായ അതിക്രമമാണ് അയാളിൽനിന്നുണ്ടായത്. അതിന്റെയൊക്കെ വീഡിയോ അയാൾ ചിത്രീകരിച്ചു.
രണ്ടാംപ്രതി മാർട്ടിനും നാലാംപ്രതി വിജീഷും അഞ്ചാംപ്രതി സലിമും ആറാംപ്രതി പ്രദീപും ഈ സമയമൊക്കെ ടെമ്പോ ട്രാവലറിൽ അതിജീവിതയുടെ വാഹനത്തെ പിന്തുടരുകയായിരുന്നു. നിഷ്ഠുരമായ അതിക്രമത്തിനുശേഷം പൾസർ സുനിയും മണികണ്ഠനും അതിജീവിതയുടെ വാഹനത്തിൽ നിന്നിറങ്ങി. രണ്ടാംപ്രതി മാർട്ടിൻ ഒന്നും അറിയാത്തപോലെ അതിജീവിതയെ സംവിധായകനും നടനുമായ ലാലിന്റെ വീട്ടിൽ എത്തിച്ചു.
കൃത്യത്തിൽ പങ്കാളിയായവർ
- പൾസർ സനി (ഒന്നാംപ്രതി)
- മാർട്ടിൻ ആന്റണി (രണ്ടാംപ്രതി)
- ബി. മണികണ്ഠൻ (മൂന്നാംപ്രതി)
- വി.പി. വിജീഷ് (നാലാംപ്രതി)
- എച്ച്. സലിം (അഞ്ചാംപ്രതി)
- പ്രദീപ് ( ആറാംപ്രതി)
ഉപയോഗിച്ച വാഹനങ്ങൾ
- കെഎൽ 39 എഫ് 5744-എസ്‌യുവി
- കെഎൽ60 എ 9338- ടെമ്പോ ട്രാവലർ
Content Highlights: Unravel the shocking timeline of the 2017 Kerala actress assault case. Discover the intricate plot, the mastermind Pulsar Suni, and the vehicles used. Get the full story.
Published: 09 Dec 2025, 03:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented