
മഞ്ജു വാര്യര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച 'കയറ്റം' സിനിമ സൗജന്യമായി ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. ചിത്രം വിമിയോയിലും ഗൂഗിളിള്‍ ഡ്രൈവിലുമാണ് സംവിധായകന് അപ്ലോഡ് ചെയ്തത്. ഇതിന്റെ ലിങ്കുകള്‍ പൊതുജനങ്ങള്‍ക്ക് കാണാന്‍ പാകത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.
സബ്ടൈറ്റിലോടുകൂടിയ ചിത്രത്തിന്റെ പൂര്‍ണരൂപമാണ് സംവിധായകന് പുറത്തുവിട്ടത്. പൂര്‍ണമായും ഐ ഫോണിലാണ് ചിത്രം ഷൂട്ട് ചെയ്തതെന്ന് സംവിധായകന് പറയുന്നു. 2019-ല്‍ ഹിമാലയത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നിര്‍മാണ പങ്കാളിയായിരുന്നു.
നേരത്തെ, ടൊവിനോ തോമസ് നായകനായ വഴക്ക് എന്ന ചിത്രവും സനല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ജീവന് തന്നെ പണയംവെച്ചാണ് ചിത്രം ഷൂട്ട് ചെയ്തതെന്ന്, റിലീസിന് മുമ്പുള്ള ഫെയ്സ്ബുക്ക് ലൈവില്‍ സനല്‍ പറഞ്ഞു. മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ നിയമനടപടികള്‍ നേരിടുന്ന സംവിധായകന് ജോര്ജിയയില്നിന്നാണ് റിലീസ് വിവരം അറിയിച്ചത്.
ചിത്രത്തിന്റെ റിലീസ് നീണ്ടുപോയതോടെ അക്കാര്യം സംസാരിക്കാനായി മഞ്ജു വാര്യരെ ബന്ധപ്പെട്ടപ്പോഴാണ് അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് മനസിലായതെന്ന് റിലീസിന് മുമ്പുള്ള ഫെയ്സ്ബുക്ക് ലൈവില്‍ സനല്‍ പറഞ്ഞു. രണ്ടുവര്‍ഷമായി താന്‍ മഞ്ജുവാര്യരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
മഞ്ജുവുമായി സംസാരിച്ചതെന്ന് അവകാശപ്പെടുന്ന രണ്ട് ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ സനല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ശബ്ദരേഖകള്‍ പുറത്തുവന്നതിന് ശേഷം തനിക്ക് മഞ്ജുവുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സനല്‍ പറഞ്ഞു. തനിക്കെതിരായ കേസ് പിന്‍വലിക്കണമെന്നും സിനിമ റിലീസ് ചെയ്യണമെന്നും മഞ്ജുവിനോട് ആവശ്യപ്പെട്ടു. എന്നാലത് തന്റെ നിയന്ത്രണത്തിലല്ലെന്നും സാധിക്കില്ലെന്നുമായിരുന്നു മഞ്ജുവിന്റെ മറുപടി. തന്റേത് മാത്രമല്ല മകളുടെ ജീവനും ഭീഷണിയാണെന്നും മഞ്ജു പറഞ്ഞതായി സനല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Manju Warrier's ‘Kayattam’ to released online for free
Published: 23 Jan 2025, 05:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented