ഹോളിവുഡ് നടി കേറ്റ് വിൻസ്‌ലെറ്റിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. ക്രൊയേഷ്യയിൽ ലീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണം തത്ക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. 

To advertise here,

ചിത്രീകരണത്തിനിടെ തെന്നി വീണ താരത്തെ സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്നും സിനിമയുടെ ഷൂട്ടിങ് ഈയാഴ്ച ഏതെങ്കിലുമൊരുദിവസം പുനരാരംഭിക്കുമെന്നും താരത്തോട് അടുത്തവൃത്തങ്ങൾ പ്രതികരിച്ചു. 

രണ്ടാം ലോക മഹായുദ്ധ കാലത്തെ വോ​ഗ് മാ​ഗസിൻ കവർ മോഡലും ഫോട്ടോ​ഗ്രാഫറുമായിരുന്ന ലീ മില്ലറുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ടൈറ്റിൽ റോളിലാണ് കേറ്റ് എത്തുന്നത്. സിനിമയുടെ യുദ്ധരം​ഗങ്ങൾ ചിത്രീകരിക്കാനാണ് നടിയുൾപ്പെടുന്ന സംഘം ക്രൊയേഷ്യയിലെത്തിയത്.

നാസി കോൺസൺട്രേഷൻ ക്യാമ്പുകളിലെ ക്രൂരതകൾ പുറംലോകം അറിയാനിടയാക്കിയ ചിത്രങ്ങൾ ലോകശ്രദ്ധയിൽക്കൊണ്ടുവന്നവരിൽ ഒരാളാണ് ലീ മില്ലർ.  കേറ്റ് വിൻസ്‌ലെറ്റ് നായികയായി 2004-ൽ പുറത്തിറങ്ങിയ എറ്റേണൽ സൺഷൈൻ ഓഫ് ദ സ്പോട്ട്ലെസ്സ് മൈൻഡ് എന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹകനായ എലൻ കുറാസാണ് 'ലീ' സംവിധാനം ചെയ്യുന്നത്.