
കൊച്ചി: കരുണ സംഗീതനിശയില്‍ തട്ടിപ്പു നടന്നുവെന്ന് ആരോപണം ഉന്നയിച്ച യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാരിയരില്‍നിന്ന് ജില്ലാ സി ബ്രാഞ്ച് എ.സി.പി. ബിജി ജോര്‍ജ് മൊഴിയെടുത്തു. ആരോപണങ്ങള്‍ ഇദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ ദിവസം മുഖ്യ സംഘാടകനായ ബിജിബാലിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പരിപാടിയുടെ വരുമാന കണക്കുകള്‍, ബാങ്ക് വിവരങ്ങള്‍, പ്രതിഫലം തുടങ്ങിയവ ശേഖരിക്കും. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കണ്ടാലെ കേസെടുക്കൂ.
ഇതിനിടെ, സംഘാടകര്‍ക്കെതിരേ സി.പി.ഐ. ജില്ലാ സെക്രട്ടറി പി. രാജു രംഗത്തുവന്നു. ദുരിതാശ്വാസ നിധിയിലേക്ക് പിരിക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്കോ ആരുടെയെങ്കിലും പോക്കറ്റിലേക്കോ പോകരുതെന്ന് അദ്ദേഹം പറഞ്ഞു. ആശങ്കയുളവാക്കുന്ന വാര്‍ത്തകളാണ് വരുന്നതെന്നും രാജു കുറ്റപ്പെടുത്തി.
ആരോപണങ്ങള്‍ക്ക് മറുപടിയുമായി കരുണയുടെ സംഘാടകര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പ്രസിഡന്റ് ബിജിബാല്‍, സെക്രട്ടറി ഷഹബാസ് അമന്‍, ജോയിന്റ് സെക്രട്ടറിമാരായ ആഷിഖ് അബു, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിശദീകരിച്ചത്.
സംഘാടകരുടെ വിശദീകരണം ഇങ്ങനെ...
500, 1500, 2500, 5000 രൂപയുടെ ടിക്കറ്റുകളാണുണ്ടായിരുന്നത്. രണ്ട് ഓണ്‍ലൈന്‍ ആപ്പുകളിലൂടെ 908 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റത്. പരിപാടി ദിവസം കൗണ്ടറിലൂടെ 39,000 രൂപയുടെ ടിക്കറ്റ് വിറ്റു. ആകെ ലഭിച്ചത് 7,74,500 രൂപ. ഇതില്‍ 18 ശതമാനം ജി.എസ്.ടി., ഒരു ശതമാനം പ്രളയ സെസ്, രണ്ടു ശതമാനം ബാങ്ക് ചാര്‍ജ് എന്നിവ കഴിച്ച് 6,21,936 രൂപയാണുണ്ടായിരുന്നത്. മൊത്ത സംഖ്യയാക്കിയാണ് 6.22 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചത്. 23 ലക്ഷത്തോളം രൂപയാണ് ആകെ ചെലവായത്.
മൂന്നുതട്ടിലാണ് വേദി ക്രമീകരിച്ചത്. അര്‍ധവൃത്താകൃതിയിലാണ് ആളുകളെ ഇരുത്തിയത്. ആകെ നാലായിരത്തില്‍ത്താഴെ ആളുകളാണുണ്ടായിരുന്നത്. ടിക്കറ്റ് വിറ്റത് കൂടാതെയുള്ളത് കോംപ്ലിമെന്ററി പാസുകളാണ്. രാഷ്ട്രീയക്കാര്‍, വിദ്യാര്‍ഥികള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക് പാസ് നല്‍കിയിട്ടുണ്ട്. തിക്കിത്തിരക്കിയെത്തിയവരെ കടത്തിവിട്ടിട്ടുണ്ട്.
ടിക്കറ്റിന്റെ പണം പരിപാടി സംഘടിപ്പിച്ച ഏജന്‍സിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. അവര്‍ക്കുള്ള 19 ലക്ഷത്തിന്റെ ബില്ലില്‍ ടിക്കറ്റിലൂടെ കിട്ടിയ ആറ് ലക്ഷത്തോളം രൂപ കുറച്ച് ബാക്കി 13 ലക്ഷത്തിന്റെ ബില്ലാണ് നല്‍കിയിരിക്കുന്നത്. സ്‌പോണ്‍സര്‍മാരില്ലാത്തതിനാല്‍ കൈയില്‍നിന്നാണ് ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നത്. സംഗീതജ്ഞര്‍ സൗജന്യമായി പരിപാടി അവതരിപ്പിച്ചെങ്കിലും അണിയറക്കാര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും പണം നല്‍കണമായിരുന്നു.
പരിപാടി ഷൂട്ട് ചെയ്തവര്‍ക്കുള്ളതു കൂടാതെ വിമാനം, താമസം, ഭക്ഷണച്ചെലവുകളും വന്നു. എല്ലാവരും സഹകരിച്ചതിനാലാണ് കുറഞ്ഞ തുകയ്ക്ക് പരിപാടി നടത്താനായത്. പൂര്‍ണമായ കണക്കുകള്‍ പുറത്തുവിടും. കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ലോഞ്ചിങ് പരിപാടിയായിരുന്നു അത്. വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചതാണ്. അതിനായി സംഘടിപ്പിച്ച പരിപാടിയല്ല. പരിപാടി നടന്ന റീജണല്‍ സ്‌പോര്‍ട്സ് സെന്റര്‍ അധികൃതര്‍ അയച്ചുവെന്ന് പറഞ്ഞ കത്ത് കിട്ടിയിട്ടില്ല. രക്ഷാധികാരിയായി കളക്ടറുടെ പേര് പറഞ്ഞത് തെറ്റുപറ്റിയതാണ്. വലിയ പരിപാടികള്‍ നടക്കുമ്പോള്‍ അങ്ങനെയൊരു ശീലമുള്ളതുകൊണ്ട് സംഭവിച്ചതാണ്. അദ്ദേഹത്തോട് നേരിട്ട് ക്ഷമ ചോദിച്ചിട്ടുണ്ട്.
ആരോപണങ്ങളില്‍ പതറില്ല. അഞ്ച് ദിവസം നീളുന്ന അന്താരാഷ്ട്ര സംഗീതോത്സവം കൊച്ചിയില്‍ സംഘടിപ്പിക്കും. അത് എല്ലാ വര്‍ഷവും തുടരും. ആരോപണമുന്നയിച്ചവരെക്കൂടി അതിലേക്ക് ക്ഷണിക്കുകയാണ്-സംഘാടകര്‍ പറഞ്ഞു. ആരോപണങ്ങളെത്തുടര്‍ന്ന് വ്യക്തിഹത്യ ഉണ്ടായതില്‍ അതീവ വിഷമമുണ്ടെന്ന് സിതാര കൃഷ്ണകുമാര്‍ പറഞ്ഞു. ട്രഷറര്‍ മധു സി. നാരായണന്‍, കമല്‍ കെ.എം., ശ്യാം പുഷ്‌കരന്‍ എന്നിവരും ഫേസ്ബുക്ക് ലൈവില്‍ പങ്കെടുത്തു.
Content Highlights: Karuna Kochi Music Foundation Controversy, allegation
Published: 20 Feb 2020, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented