
പ്രഖ്യാപന നാൾ മുതലേ സിനിമാ ആസ്വാദകരും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര: ചാപ്റ്റർ 1. ആദ്യഭാഗത്തിന് ലഭിച്ച സ്വീകാര്യതയാണ് രണ്ടാം ഭാഗമെടുക്കാൻ അണിയറപ്രവർത്തകരേയും പ്രേരിപ്പിച്ചത്. എന്നാൽ ചിത്രീകരണം തുടങ്ങിയനാൾ മുതൽ ദുരന്തങ്ങളും വിവാദങ്ങളും വിട്ടൊഴിയാതെ പിന്തുടരുകയാണ് ചിത്രത്തെ. കഴിഞ്ഞദിവസമുണ്ടായ ബോട്ടപകടമായിരുന്നു ഇതിൽ ഏറ്റവും ഒടുവിലത്തേത്.
സിനിമാ ചിത്രീകരണത്തിനിടെ വെല്ലുവിളികളും അപകടങ്ങളും ഉണ്ടാവുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ തുടരെത്തുടരെ അപകടങ്ങളും അപകട മരണങ്ങളും കാന്താരയുടെ സെറ്റിൽ നടക്കുന്നത് ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ നടക്കുന്ന അഞ്ചാമത്തെ അശുഭസംഭവമാണ് കഴിഞ്ഞദിവസമുണ്ടായ ബോട്ടുമറിയൽ. ബോട്ടിലുണ്ടായിരുന്ന നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 അണിയറ പ്രവർത്തകരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ശിവമോഗ ജില്ലയിലെ മസ്തികട്ടേ മേഖലയിലെ മണി ജലസംഭരണിയിൽ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. മെലിന കൊപ്പ എന്ന പ്രദേശത്തിനടുത്തുള്ള ആഴംകുറഞ്ഞ ഭാഗത്തായിരുന്നു ബോട്ട് മറിഞ്ഞത്. ആഴം കുറവായതിനാലാണ് വൻ അത്യാഹിതം ഒഴിവായത്. ക്യാമറകളും മറ്റ് ചിത്രീകരണ ഉപകരണങ്ങളും വെള്ളത്തിൽ മുങ്ങിപ്പോയി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
സിനിമയിൽ പ്രധാനവേഷം അവതരിപ്പിക്കുന്ന രാകേഷ് പൂജാരി ഹൃദയാഘാതംമൂലം മരിച്ചിരുന്നു. ഇതേസിനിമയിൽ മറ്റൊരുവേഷം അവതരിപ്പിക്കേണ്ട മലയാളി തെയ്യം കലാകാരൻ എം.എഫ്. കപിൽ മുങ്ങിമരിക്കുകയായിരുന്നു. മറ്റൊരു മലയാളിതാരമായ വി.കെ. നിജു ഹൃദയാഘാതത്തെത്തുടർന്ന് ഏതാനും ദിവസങ്ങൾക്കുമുൻപാണ് മരിച്ചത്. അതിനുംമുൻപ് ചിത്രത്തിലെ ജൂനിയർ ആർട്ടിസ്റ്റുമാർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് 20-ലധികം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
ഇത്തരം അപകടങ്ങൾക്ക് മുന്നേതന്നെ ചിത്രം വിവാദത്തിൽ അകപ്പെട്ടിരുന്നു. കർണാടകയിലെ ഹേരൂരു ഗ്രാമത്തിനോട് ചേർന്നുള്ള ഗവിഗുഡ്ഡ കാട്ടിൽ സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നു. സിനിമാ ചിത്രീകരണം കാരണം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നു എന്ന് പരിസരവാസികൾ അന്ന് പരാതിയുമായി രംഗത്തെത്തി. ഗ്രാമത്തിൽ മാത്രം ചിത്രീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെങ്കിലും കാടിനകത്ത് കയറിയാണ് സിനിമ ചിത്രീകരിക്കുന്നതെന്നും പരിസരവാസികൾ പരാതിപ്പെട്ടു.
നിരവധി വന്യജീവികളുടെ ആവാസസ്ഥലമായ ഗവിഗുഡ്ഡ കാടുകളിൽ സ്ഫോടനദൃശ്യങ്ങളടക്കമാണ് ചിത്രീകരിക്കുന്നതെന്നും പരാതി ഉയർന്നു. ഇതിന്റെ ദൃശ്യങ്ങൾ വിവിധ കന്നഡ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. വനത്തിനുള്ളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് സിനിമാ സംഘത്തെ കാണാൻപോയ നാട്ടുകാരിൽപ്പെട്ട ഹരീഷ് എന്ന യുവാവിനെ ഷൂട്ടിങ് സംഘം മർദിച്ചതായും പരാതി ഉയർന്നു. സംഭവത്തിൽ വനം വകുപ്പ് അന്വേഷണവും തുടങ്ങിയിരുന്നു.
സിനിമ ഒക്ടോബറിൽ പ്രദർശനത്തിനെത്തിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. സെറ്റിൽ തുടർച്ചയായ അപകടങ്ങളും മരണങ്ങളും നടക്കുന്നതിനാൽ പറഞ്ഞ തീയതിയിൽത്തന്നെ ചിത്രം എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
Content Highlights: Kantara : Chapter 1`s filming plagued by accidents, deaths, and environmental controversies
Published: 16 Jun 2025, 01:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented