തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എൽ വിജയ് ഒരുക്കുന്ന തലൈവിയുടെ ചിത്രീകരണം പുനരാരംഭിക്കുന്നു. കോവിഡ് വ്യാപനത്തെ തുടർന്നാണ് തലൈവിയുടെ ചിത്രീകരണം നിർത്തി വച്ചത്.

To advertise here,

ബോളിവുഡ് നടി കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി വേഷമിടുന്നത്. ചിത്രീകരണത്തിനായി തെന്നന്ത്യയിലേക്ക് വരികയാണെന്നും എല്ലാവരുടെയും അനു​ഗ്രഹം വേണമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു

"സുഹൃത്തുക്കളെ ഇന്ന് ഏറെ പ്രത്യേകതകളുള്ള ദിവസമാണ്. ഏഴ് മാസങ്ങൾക്ക് ശേഷം എന്റെ ജോലി പുനരാരംഭിക്കുന്നു. ഏറെ പ്രതീക്ഷകളുള്ള, എന്റെ ദ്വിഭാഷാ ചിത്രമായ തലൈവിയുടെ ചിത്രീകരണത്തിനായി തെന്നിന്ത്യയിലേക്ക് വരികയാണ്. മഹാമാരിയുടെ ഈ പരീക്ഷണ കാലത്ത് എല്ലാവരുടെയും അനു​ഗ്രഹം തേടുന്നു". .. കങ്കണ കുറിച്ചു.

ഹിന്ദിയിലും തമിഴിലുമായാണ് ചിത്രമൊരുങ്ങുന്നത്. തമിഴിൽ 'തലൈവി' എന്നും ഹിന്ദിയിൽ 'ജയ' എന്നുമാണ് പേര്. 

നടനും തമിഴ്‌നാട് മുൻമുഖ്യമന്ത്രിയുമായ എം.ജി.ആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. മലയാളി നടി ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആർ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.

വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് നിർമാണം. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിങ് ആന്റണിയും ആക്ഷൻ ഡയറക്ടർ സിൽവയുമാണ്.

Content highlights : Kangana To resume shooting for Thalaivi AL Vijay Movie On Jayalalitha Biopic