ന്തരിച്ച നടൻ കലാഭവൻ നവാസിന്റെ പിറന്നാളാണ് ആഗസ്റ്റ് 10. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ രഹ്ന. നവാസ് ഒരു ഗാനം ആലപിക്കുന്ന വീഡിയോയും ഇതിനൊപ്പം അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

To advertise here,

താരകരൂപിണീ നിയെന്നുമെന്നുടെ ഭാവനാ രോമാഞ്ചമായിരിക്കും എന്ന ഗാനമാണ് രഹ്ന പങ്കുവെച്ച വീഡിയോയിൽ നവാസ് ആലപിക്കുന്നത്. ഇന്ന് August 10, നവാസ്ക്കയുടെ പിറന്നാളാണ്. കാത്തിരിപ്പിനൊടുവിൽ സുബർക്കത്തിൽ വച്ച് ഞങ്ങൾ വീണ്ടും കണ്ടുമുട്ടും. ഇതിനേക്കാൾ മനോഹരമായി ഞങ്ങൾ അവിടെ ജീവിക്കും എന്നാണ് വീഡിയോക്കൊപ്പം രഹ്ന എഴുതിയത്. നവാസും രഹ്നയും ഊഞ്ഞാലാടുന്ന ഒരു ദൃശ്യവും ഈ വീഡിയോയിലുണ്ട്. നിരവധിപേരാണ് വീഡിയോക്ക് പ്രതികരണവുമായെത്തിയത്.

കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്നിനായിരുന്നു കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചോറ്റാനിക്കരയിലെ ഹോട്ടലിൽ വിശ്രമിക്കവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മിമിക്രി വേദികളിലൂടെയാണ് നവാസ് മലയാളികൾക്ക് സുപരിചിതനാകുന്നത്. കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു. സഹോദരൻ നിയാസ് ബക്കറിനൊപ്പവും അദ്ദേഹം നിരവധി ഷോകളുടെ ഭാഗമായിട്ടുണ്ട്. നടനും നാടക കലാകാരനുമായിരുന്ന അബൂബക്കർ ആണ് നവാസിന്റെ പിതാവ്.

1995-ൽ പുറത്തിറങ്ങിയ 'ചൈതന്യം' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹിറ്റ്ലർ ബ്രദേഴ്സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997), മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദാമാമ (1999), തില്ലാന തില്ലാന (2003) തുടങ്ങിയ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. സിനിമകളിൽ കൂടുതലും ഹാസ്യകഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2025-ൽ ഡിറ്റക്ടീവ് ഉജ്ജ്വലനിൽ വ്യത്യസ്ത ഗെറ്റപ്പിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. 1974-ൽ വടക്കാഞ്ചേരിയിലാണ് ജനനം.