മുംബൈ: ഷാരൂഖ് ഖാൻ ആരാധകർ ഏറെ ആഘോഷിച്ച ചിത്രങ്ങളിലൊന്നാണ് കുച്ച് കുച്ച് ഹോത്താ ഹേ. ഇപ്പോഴിതാ, ചിത്രത്തിലെ ബാസ്ക്കറ്റ് ബോൾ സീക്വൻസ് ഒരു ആക്ഷൻ രം​ഗം പോലെ കൈകാര്യം ചെയ്ത താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ നിഖില്‍ അദ്വാനി. സീൻ ഷാരൂഖ് സ്വയം കൊറിയോഗ്രാഫി ചെയ്തതായിരുന്നു. സൈറസ് സെയ്സ് എന്ന പോഡ്കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷാരൂഖിന്റെ സർ​ഗാത്മകമായ സംഭാവനകളെക്കുറിച്ച് സംസാരിക്കുന്നത്. 

To advertise here,

കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിനുപുറമെ നിഖില്‍ അദ്വാനി സഹസംവിധായകനായി പ്രവർത്തിച്ചിരുന്ന കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. കരൺ ജോഹർ സംവിധാനം ചെയ്ത് ഈ ജനപ്രിയ ചിത്രത്തിലെ ഷാരൂഖിന്റെ ഇൻട്രോയിൽ അദ്ദേഹം തൃപ്തനല്ലായിരുന്നു എന്നാണ് നിഖിൽ പറയുന്നത്. 

ഹെലികോപ്ടറിൽ നിന്ന് ഇറങ്ങിവരുന്നതായിട്ടായിരുന്നു ചിത്രത്തിലെ ഷാരൂഖിന്റെ ഇൻട്രോ. ഇത് കേട്ടതോടെ അദ്ദേഹം ഏറെ ആവേശഭരിതനായിരുന്നു. ഹെലികോപ്ടറിൽ നിന്ന് ചാടിയിറങ്ങുന്ന ആക്ഷൻ പാക്ക്ഡ് ഇൻട്രോയായിരിക്കും എന്നാണ് ഷാരൂഖ് കരുതിയത്. എന്നാൽ, കാര്യങ്ങൾ അങ്ങിനെയല്ലായിരുന്നു. വിദേശപഠനം കഴിഞ്ഞ് തിരികെയെത്തുന്ന ഒരു യുവാവ് പതുക്കെ ഹെലികോപ്ടറിൽ നിന്ന് ഇറങ്ങുന്നതാണ് ചിത്രീകരിച്ചത്. ഇക്കാര്യത്തിൽ ഷാരൂഖ് ഏറെ നിരാശനായിരുന്നു. 

ജയ ഭച്ചൻ അവതരിപ്പിച്ച അമ്മയുടെ കാഴ്ചപാടാണ് ചിത്രത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. തിരിച്ചെത്തിയ മകൻ വീട്ടുമുറ്റത്ത് കാലുകുത്തുമ്പോൾ അവർ ഉള്ളുകൊണ്ട് അറിയുന്നുണ്ട്. പിന്നീട് പൂജാ താലവും കൈയ്യിലേന്തി അവരെ സ്വീകരിക്കുന്ന അമ്മയുടെ വൈകാരികത നിറഞ്ഞ സീനായിരുന്നു അത്, നിഖിൽ പറഞ്ഞു.