നടീനടന്മാർക്ക് ആരോഗ്യകരമായ വർക്ക്-ലൈഫ് ബാലൻസ് നിലനിർത്തുന്നതിന് എട്ട് മണിക്കൂർ ജോലി ഷിഫ്റ്റുകൾ വേണമെന്ന ബോളിവുഡ് നടി ദീപിക പദുകോണിന്റെ വാദം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ ആവശ്യം നിർബന്ധമാക്കിയതിനെ തുടർന്ന് സ്പിരിറ്റ്, കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗം എന്നിവയിൽ നിന്ന് ദീപിക പിൻമാറിയതായും റിപ്പോർട്ടുകൾ വന്നു. അതേസമയം, അടുത്തിടെ ടൈംസ് എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ ദീപികയുടെ ഈ നിലപാടിനോട് അനുകൂലമായി പ്രതികരിച്ചിരിക്കുകയാണ് ജ്യോതികയും സൊനാക്ഷി സിൻഹയും. പ്രവൃത്തിസമയത്തിന്റെ കാര്യത്തിൽ ബോളിവുഡും ദക്ഷിണേന്ത്യൻ സിനിമയും തമ്മിലുള്ള പ്രകടമായ വ്യത്യാസവും എന്തെന്നും ജ്യോതിക വെളിപ്പെടുത്തി.

To advertise here,

ദക്ഷിണേന്ത്യൻ സിനിമകളിൽ ജോലി ചെയ്യുമ്പോൾ താൻ എട്ട് മണിക്കൂർ ജോലിക്ക് വേണ്ടി ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് ജ്യോതിക പറഞ്ഞു. എനിക്കറിയില്ല, ദക്ഷിണേന്ത്യയിൽ ഞങ്ങളുടെ ഷിഫ്റ്റ് ആറ് മണിയോടെ കഴിയാറുണ്ട്. 99 ശതമാനം സിനിമകളും ആറ് മണിയോടെ പാക്ക് അപ്പ് ആവാറുണ്ട്. ഞങ്ങൾ അതിരാവിലെ തുടങ്ങാറുണ്ട്. മിക്കപ്പോഴും ഏഴ് മുതൽ ആറ് വരെയോ ഒമ്പത് മുതൽ ആറ് വരെയോ ആയിരിക്കും. എട്ട് മണിക്കൂർ ജോലിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ജ്യോതിക പറഞ്ഞു.

“നാം എന്തുകൊണ്ടാണ് ഇപ്പോഴും അതിനെ ചോദ്യം ചെയ്യുന്നത്? എട്ട് മണിക്കൂറിനപ്പുറം ഒരു മിനിറ്റ് പോലും ജോലി ചെയ്യാത്ത എത്രയോ നടന്മാരുണ്ട്. അവരുടെ ഷോട്ട് കഴിഞ്ഞാലും ഇല്ലെങ്കിലും, അവർ കാറിൽ കയറിപ്പോകും. ആരും അവരെ ചോദ്യം ചെയ്യാറില്ല. ഇപ്പോൾ, നിങ്ങൾ ഒരു നടനോ നടിയോ ആണെങ്കിൽ, ഒപ്പം നല്ല ഒരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ, ആവശ്യത്തിന് ദീർഘകാലം ഇൻഡസ്ട്രിയിൽ നിന്നിട്ടുണ്ടെങ്കിൽ, എട്ട് മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നാണ് എനിക്ക് തോന്നുന്നത്.” സൊനാക്ഷി സിൻഹ പറഞ്ഞു.

ദീപിക എട്ട് മണിക്കൂർ ജോലി അർഹിക്കുന്നുണ്ടെന്നും എന്തിനേക്കാളുമേറെ അവർക്ക് ഒരു കുഞ്ഞിനെ നോക്കാനുണ്ടെന്നും ജ്യോതിക കൂട്ടിച്ചേർത്തു. സൊനാക്ഷിയും ഈ വാദത്തെ അനുകൂലിച്ചു.

കഴിഞ്ഞ വർഷമാണ് ദീപിക സ്പിരിറ്റ് എന്ന ചിത്രത്തിൽ നിന്ന് പിൻമാറിയെന്ന വാർത്തകൾ വന്നത്. എട്ട് മണിക്കൂർ ജോലിയും സിനിമയുടെ ലാഭത്തിൽ നിന്നുള്ള ഓഹരിയും ആവശ്യപ്പെട്ടതാണ് ഇതിന് കാരണമായതെന്നാണ് അഭ്യൂഹം. പിന്നീട് കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിലും ദീപിക ഉണ്ടാവില്ലെന്ന പ്രഖ്യാപനം വന്നു. ഏഴ് മണിക്കൂർ ഷിഫ്റ്റിന് ശേഷം ഓരോ മണിക്കൂറിനും അധിക തുകയും കൂടെയുള്ള ജോലിക്കാർക്ക് പ്രത്യേകം താമസവും ദീപിക ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ജ്യോതികയും സൊനാക്ഷിയും നിലവിൽ തങ്ങളുടെ പുതിയ ചിത്രമായ 'സിസ്റ്റ'ത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. സൊനാക്ഷി അവതരിപ്പിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറെ സഹായിക്കുന്ന, ഒരു കോർട്ട് സ്റ്റെനോഗ്രാഫറായാണ് ജ്യോതിക ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ പ്രമുഖ പ്രതിഭാഗം അഭിഭാഷകനായി അശുതോഷ് ഗോവാരിക്കറും വേഷമിടുന്നു, അദ്ദേഹം സൊനാക്ഷിയുടെ കഥാപാത്രത്തിന്റെ പിതാവ് കൂടിയാണ്. അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്ത് പമ്മി ബാവേജ, ഹർമൻ ബാവേജ, സ്മിത ബലിഗ എന്നിവർ നിർമിക്കുന്ന ചിത്രം മേയ് 22-ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ആയിരിക്കും പുറത്തിറക്കുക.