ഇന്ത്യൻ സിനിമാലോകത്ത് വലിയ ആരാധകവൃന്ദമുള്ള താരമാണ് ജൂനിയർ എൻടിആർ. താരത്തിൻറെ സിനിമകൾ മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നവയാണ്. ഒടുവിൽ പുറത്തിറങ്ങിയ 'ആർആർആർ' (രൗദ്രം രണം രുധിരം) തിയേറ്ററുകളിൽ തീർത്ത കോളിളക്കം ചെറുതല്ല. അതിനാൽ തന്നെ റിലീസിനൊരുങ്ങുന്ന 'ദേവര'ക്കായ് വൻ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന 'ദേവര' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുമ്പോൾ ആഘോഷമായി ഏറ്റെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആരാധകർ.
അതിനിടയിൽ കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തെ കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ച ഷോർട്ട് റിവ്യൂ വൈറലായിരിക്കുകയുമാണ്. 'ദേവര' എന്നെഴുതിക്കൊണ്ട് ട്രോഫികൾ, കൈയ്യടി, വെടിക്കെട്ട് ഇമോജികളാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ദേവര'യെ കുറിച്ചുള്ള അനിരുദ്ധിന്റെ ആദ്യ 'ബ്ലോക്ക്ബസ്റ്റർ റിവ്യൂ' ആരാധകർ ആഘോഷമാക്കിയിരിക്കുകയുമാണ്. ഇതിന് മുന്നേ ഇത്തരത്തിൽ പങ്കുവെച്ച 'ലിയോ', 'ജവാൻ', 'ജയിലർ' എന്നീ ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായിരുന്നു.
അനിരുദ്ധാണ് ചിത്രത്തിനായ് സംഗീതം ഒരുക്കുന്നത്. അനിരുദ്ധ് സംഗീതം നൽകിയ ഗാനങ്ങളെല്ലാം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചവയാണ്. 'ദേവര'യിലും അനിരുദ്ധിൻറെ മികച്ച സൗണ്ട് ട്രാക്ക് തന്നെയുണ്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ഇതിനകം സിനിമയിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം വൈറലായി കഴിഞ്ഞിട്ടുമുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് പുറത്തിറങ്ങുന്ന ആദ്യഭാഗം ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കും.
'ജനത ഗ്യാരേജി'ന് ശേഷം കൊരട്ടാല ശിവയും എൻടിആറും ഒരുമിക്കുന്ന ചിത്രമാണ് 'ദേവര'. ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലുണ്ട്. ജാൻവിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'ദേവര'. യുവസുധ ആർട്ട്സും എൻടിആർ ആർട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമൂരി കല്യാൺ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരൈൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ചിത്രത്തിലുണ്ട്. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷൻ ഡിസൈനർ: സാബു സിറിൾ, എഡിറ്റർ: ശ്രീകർ പ്രസാദ്. പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Devara, starring Jr NTR and directed by Koratala Siva, is releasing this Friday
Published: 26 Sept 2024, 03:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented