തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകരത്തെക്കുറിച്ച് സന്തോഷം പ്രകടിപ്പിച്ച നടൻ ഹരീഷ് പേരടി. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെ മുൻനിർത്തി ജയമോഹൻ എഴുതി ബ്ലോഗിൽ മലയാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.തമിഴ്നാട്ടിലെ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു അതിലെ ഒരോ നടൻമാരെയും പേരെടുത്ത് അന്വേഷിച്ചെന്നും അദ്ദേഹം കുറിച്ചു. അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ലെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.
ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാൻ പറ്റില്ല, വിശദീകരണം വേണം; ജയമോഹനെതിരേ ബി ഉണ്ണികൃഷ്ണൻ
ഹരീഷ് പേരടിയുടെ കുറിപ്പ്
ഇന്നലെയും ഷൂട്ടിങ്ങുമായി ചെന്നൈയിൽ ആയിരുന്നു..അവിടെയാരും ജയമോഹനന്റെ മലയാളി വിദ്വേഷത്തെകുറിച്ചും വംശീയവെറിയെ കുറിച്ചും ഒന്നും പറഞ്ഞില്ല...പക്ഷെ എല്ലാ സിനിമക്കാരും സാധാരണ മനുഷ്യരും മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് വാ തോരാതെ സംസാരിച്ചു..അതിലെ ഒരോ നടൻമാരെയും പേരെടുത്ത് ചോദിച്ചു...അവരെയൊക്കെ"ചേട്ടാ" നേരിട്ട് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു...എല്ലാം എന്റെ അനിയൻമാരാണെന്ന് ഞാൻ അഭിമാനത്തോടെ പറഞ്ഞു...അല്ലെങ്കിൽ അവിടെ പിടിച്ചുനിൽക്കാൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി..അടുത്തതവണ ചെന്നൈയിൽ പോകുന്നതിനുമുൻപ് എനിക്ക് മഞ്ഞുമ്മൽ ബോയ്സ് കാണണം..അല്ലെങ്കിൽ അവരെന്നോട് എന്ത് പറയും എന്ന് എനിക്ക് ഏകദേശ ധാരണയുണ്ട്....അങ്ങിനെ തമിഴന്റെ സ്നേഹത്തിനുവേണ്ടി ഞാൻ ഒരു ഞാൻ ഒരു മലയാളസിനിമ ഉടനെ കാണും...മഞ്ഞുമ്മൽ ബോയ്‌സ്...
ജയമോഹന്റെ വിവാദമായ കുറിപ്പ്
‘‘തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മലയാളികളുടെ യഥാർഥ മനോനില തന്നെയാണ് സിനിമയിലും ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല കാടുകളിലേക്കും അവർ എത്താറുണ്ട്. അത് മദ്യപിക്കാനും ഓക്കാനിക്കാനും ഛർദ്ദിക്കാനും കടന്നുകയറാനും വീഴാനും വേണ്ടി മാത്രമാണ്. മറ്റൊന്നിലും അവർക്ക് താൽപര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവർക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികൾ പൊതുനിരത്തിൽ മോശമായി പെരുമാറുന്നത് ഞാൻ ചുരുങ്ങിയത് പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്.
സിനിമയിലുള്ളതുപോലെ കുടിച്ചശേഷം മദ്യക്കുപ്പികൾ റോഡിലെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂർ–ഊട്ടി റോഡോ പരിശോധിച്ചാൽ മതി. വഴിനീളെ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പികൾ കാണാം. ഇത്തരം കാര്യങ്ങൾ അവർ അഭിമാനത്തോടെ സിനിമയിൽ കാണിക്കുകയും ചെയ്യുന്നു. അവരുമായി ഞങ്ങൾ പലതവണ സംഘർഷത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വാഗമൺ പുൽമേട്ടിൽ ഞങ്ങളോടൊപ്പം വന്ന മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനായ സെന്തിൽകുമാർ അവർ എറിഞ്ഞ കുപ്പികൾ പെറുക്കി നീക്കിയിരുന്നു. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛർദ്ദിൽ ആയിരിക്കും. ഇവർക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിലാവും ഉത്തരം. എന്നാൽ മറ്റുള്ളവർ അവരുടെ ഭാഷ അറിഞ്ഞിരിക്കണമെന്ന് പറയുകയുംചെയ്യും.
ഓരോ വർഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും കാലിൽ കുപ്പിച്ചില്ല് തറച്ചുകയറി വൃണംവന്ന് ചരിയുന്നുണ്ട്. അതിനെ അപലപിച്ചാണ് ഞാൻ ആന ഡോക്ടർ എന്ന നോവലെഴുതിയത്. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ല. ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർഥമാണ്. കേരളത്തിലെ വിവാഹങ്ങൾക്ക് പോവുക എന്നത് ഒരു പരീക്ഷണമാണ്. ഏത് കല്യാണത്തിനും മദ്യപർ പ്രശ്നമുണ്ടാക്കുന്നു. രണ്ട് തരം മലയാളികളാണ് ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയർപ്പാക്കുന്നവർ. രണ്ട് നാട്ടിൽ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികൾ. തമിഴ്നാടും ഇപ്പോൾ കേരളത്തിൻറെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. ലഹരി ആസക്തിയെ സാമാന്യവൽക്കരിക്കുന്നവരാണ് മലയാളികൾ. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്.
മലയാള സിനിമയിൽ സാധാരണക്കാർ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറുകൂട്ടമാണ്. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവൽക്കരിക്കുന്ന സിനിമകൾ മുൻപും അവിടെ ഉണ്ടായിട്ടുണ്ട്. കേരളത്തിൻറെ ക്ഷേമം കാംക്ഷിക്കുന്ന ഒരു സർക്കാർ അവിടെയുണ്ടെങ്കിൽ ഇത്തരം സംവിധായകർക്കെതിരെ നടപടി എടുക്കണം. അത്തരം സിനിമകൾ ആഘോഷിക്കുന്ന തമിഴ്നാട്ടുകാരെ ഞാൻ നികൃഷ്ടരായാണ് കാണുന്നത്.
സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തിൽ 'പെറുക്കികളെ' സാമാന്യവൽക്കരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ. അവരെ രക്തസാക്ഷികളായും സൗഹൃദത്തിൻറെ പതാകാവാഹകരായും ചിത്രീകരിക്കുന്നു. ക്രിമിനൽ ഗ്യാങ്ങുകൾക്കുള്ളിൽ പരിത്യാഗത്തിൻറേതായ ഒരു തലമുണ്ട്. സിനിമയുടെ അവസാനം അതിലൊരാൾക്ക് അവാർഡ് ലഭിച്ചുവെന്ന് പറയുന്നുണ്ട്. അയാളെ ജയിലിലിടുകയാണ് വേണ്ടിയിരുന്നത്. സാധാരണക്കാരനെ രക്ഷിക്കുന്ന ഒരു തമിഴ് നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ ഹീറോ.’’–ജയമോഹന്റെ വാക്കുകൾ.
ജയമോഹന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ജനിച്ച ജയമോഹൻ മലയാളത്തിൽ നിരവധി പുസ്തകങ്ങൾ രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. ഒഴിമുറി, കാഞ്ചി, വൺ ബൈ റ്റു എന്നിവയാണ് ജയമോഹൻ തിരക്കഥയൊരുക്കിയ മലയാള സിനിമകൾ. അങ്ങാടി തെരു, കടൽ, നാൻ കടവുൾ, കാവ്യ തലൈവൻ, പൊന്നിയിൻ സെൽവൻ 1,2, വിടുതലൈ-1 സർക്കാർ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ജയമോഹൻ പ്രവർത്തിച്ചിട്ടുണ്ട്. നെടുംപാതയോരം, ഉറവിടങ്ങൾ, നൂറ് സിംഹാസനങ്ങൾ, ആന ഡോക്ടർ എന്നിവയാണ് അദ്ദേഹം മലയാളത്തിൽ എഴുതിയ കൃതികൾ.
Content Highlights: Hareesh peradi on B. Jeyamohan, remark against Malayala ciinema Manjummal boys criticsm
Published: 11 Mar 2024, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented