ചെന്നൈ: വിജയ് ചിത്രം 'ജനനായകൻ' ഓൺലൈനിൽ ചോർന്ന സംഭവത്തിൽ ആറുപേരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് സൈബർ ക്രൈം വിങ്. ആറുപേരേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ പരാതിയെത്തുടർന്നെടുത്ത കേസിലാണ് അറസ്റ്റ്.

To advertise here,

ചിത്രം പ്രചരിപ്പിച്ച 300-ഓളം ലിങ്കുകൾ നീക്കം ചെയ്തു. പരാതിക്ക് പിന്നാലെ ഭാരതീയ ന്യായ സംഹിതയുടേയും ഐടി ആക്ടിന്റേയും പകർപ്പവകാശ നിയമത്തിന്റേയും സിനിമാറ്റോഗ്രഫി ആക്ടിന്റേയും വിവിധ വകുപ്പുകൾ ചേർത്ത് സംസ്ഥാന സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ സെന്റർ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിനായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിരുന്നു.

ക്ലൗഡ് സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമുകളിൽ ചിത്രം അപ്‌ലോഡ് ചെയ്തശേഷം ലിങ്കുകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. അറസ്റ്റിലായവരിൽനിന്ന് ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു. നിർമാതാക്കളുടെ പരാതിയിൽ 21 പേർക്കെതിരേയാണ് കേസെടുത്തത്.

സിനിമ ചോർന്നത് ബോക്‌സോഫീസ് വിജയത്തെ ബാധിക്കുമെന്ന് നിർമാതാക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചോർന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽനിന്ന് ഉടൻ നീക്കം ചെയ്യണമെന്നും കുറ്റവാളികളുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ഒട്ടേറെ താരങ്ങൾ പൈറസിക്കെതിരേ കർശനനിലപാടുമായി രംഗത്തെത്തി. സിനിമ ചോർന്നതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സെൻട്രൽ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. സിനിമകൾ സുരക്ഷിതമായ കീ ഡെലിവറി മെസേജ് സംവിധാനം വഴിയാണ് കൈകാര്യം ചെയ്യുന്നതെന്നും പാസ്വേഡ് ഇല്ലാതെ ഇത് ആർക്കും കാണാനാവില്ലെന്നും അവർ വ്യക്തമാക്കി.