placeholder
ലണ്ടന്‍: അതിസാഹസിക കഥാപാത്രമായ ജയിംസ് ബോണ്ടിനെ അനശ്വരമാക്കിയ സര്‍ ഷോണ്‍ കോണറി (90) അന്തരിച്ചു.ബഹമാസില്‍ വെച്ച് ഉറക്കത്തിലായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. കുറച്ചു നാളായി അസുഖ ബാധിതനായിരുന്നു. 

To advertise here,

ജയിംസ് ബോണ്ടിനെ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച നടനാണ് ഷോണ്‍ കോണറി. ഏഴ് ചിത്രങ്ങളിലാണ് അദ്ദേഹം ജയിംസ് ബോണ്ടായി വേഷമിട്ടത്. ജയിംസ് ബോണ്ടായി ഏറ്റവും തിളങ്ങിയ നടനും ഷീന്‍ കോണറിയാണ്. ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈ്വസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍. 

ജയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഓസ്‌കര്‍, ബാഫ്ത. ഗോള്‍ഡന്‍ ഗ്ലോബ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. തോമസ് ഷോണ്‍ കോണറി എന്നാണ് മുഴുവന്‍ പേര്. 1951 ലാണ് അഭിനയ രംഗത്തെത്തിയത്. 2000 ത്തില്‍ സര്‍ പദവി അദ്ദേഹത്തിന് സമ്മാനിച്ചു.

ജെയിംസ് ബോണ്ട് വേഷങ്ങളില്‍നിന്ന് പിന്മാറിയ ശേഷം ദി അണ്‍ടച്ചബിളിലെ ഉജ്വല കഥാപാത്രവുമായാണ് കോണറി ഹോളിവുഡില്‍ തിരിച്ചെത്തിയത്. പിന്നീട് തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളിലൂടെ അദ്ദേഹം അഭിനയജീവിതം തുടര്‍ന്നു. 1986-ല്‍ ഇറ്റാലിയന്‍ നോവലിസ്റ്റായ ഉംബര്‍ട്ടോ ഇക്കോയുടെ പ്രഥമ നോവലായ നെയിം ഓഫ് ദ റോസിലെ ഫ്രാന്‍സിസ്‌കന്‍ സന്യാസിയുടെ വേഷത്തില്‍ തിളങ്ങിയ കോണറി ദ റോക്ക് എന്ന ചിത്രത്തില്‍ 13 വര്‍ഷത്തിനു ശേഷവും അതേ തീവ്രതയോടെ സ്‌ക്രീനില്‍ നിറഞ്ഞുനിന്നു.

ലോര്‍ഡ് ഓഫ് ദ റിങ്‌സ്, മാട്രിക്‌സ് തുടങ്ങിയവ കോണറി വേണ്ടെന്നുവെച്ച സിനിമകളും ബോക്‌സോഫിസില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. ഒട്ടേറെ ആനിമേഷന്‍ സിനിമകളിടെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയും കോണറി സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ലബ്ധപ്രതിഷ്ഠ നേടി.

content highlights: James Bond actor Sir Sean Connery dies