ഇന്നസെന്റ്, കെ.ബി. ഗണേഷ് കുമാർ | ഫോട്ടോ: മാതൃഭൂമി
തന്റെ സിനിമാജീവിതത്തിൽ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു ഇന്നസെന്റെന്ന് നടനും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാർ. തന്റെ ആദ്യ സിനിമയായ ഇരകളിലെ ആദ്യരംഗം ഇന്നസെന്റിനും തിലകനുമൊപ്പമായിരുന്നു. അതൊരു ഭാഗ്യമായിരുന്നെന്നും ഗണേഷ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മദ്രാസിൽ ഇന്നസെന്റ് നിർമാതാവായിരിക്കുമ്പോഴേ ഉള്ള ബന്ധമായിരുന്നുവെന്ന് ഗണേഷ് പറഞ്ഞു. പ്രിയദർശന്റെ സിനിമകളിൽ അഭിനയിക്കാൻ അദ്ദേഹം വന്നുതുടങ്ങിയ കാലമാണ്. അദ്ദേഹത്തിന്റെ ഹാസ്യം മറ്റൊരു ശൈലിയാണ്. മലയാളസിനിമയിൽ നമ്മൾ കണ്ടിട്ടുള്ളതും കണ്ടുകൊണ്ടിരിക്കുന്നതുമായ ഹാസ്യത്തിൽ നിന്ന് വ്യത്യസ്തമായി സ്വന്തമായൊരു ശൈലി ഇന്നസെന്റ് ഉണ്ടാക്കിയെടുത്തു. നമ്മളാര് തമാശ പറഞ്ഞാലും അത് മറ്റൊരാളെക്കുറിച്ചായിരിക്കും. എന്നാൽ ഇന്നസെന്റ് ചേട്ടന്റെ കഥകളിലെ ഹാസ്യതാരം ഇന്നസെന്റ് ചേട്ടൻ തന്നെയാണെന്നും ഗണേഷ് പറഞ്ഞു.
"അദ്ദേഹം അദ്ദേഹത്തേപ്പറ്റിയാണ് തമാശ പറയുന്നത്. ലോകത്തുതന്നെ തന്നെപ്പറ്റിത്തന്നെ ഇത്തരം തമാശകൾ ഉണ്ടാക്കിപ്പറയുകയും ഉള്ള തമാശകളെ നല്ലപോലെ മിനുക്കിയെടുക്കുകയും ചെയ്യുന്ന വേറൊരു വ്യക്തിത്വം ഉണ്ടാവില്ല. കാരണം മറ്റുള്ളവരെ കളിയാക്കാനാണ് നമുക്കിഷ്ടം. സ്വന്തമായി കളിയാക്കാനിഷ്ടമല്ല. അദ്ദേഹം ഒരു അദ്ഭുതമനുഷ്യനാണ്. അദ്ദേഹം അമ്മയുടെ പ്രസിഡന്റായിരിക്കുമ്പോൾ ഞാൻ വൈസ് പ്രസിഡന്റായിരുന്നു. കാര്യങ്ങൾ തുറന്നുപറയുമ്പോൾ അത് കേൾക്കാനും അതിന്റെ അന്തസത്ത ഉൾക്കൊള്ളാനുമുള്ള സാമർത്ഥ്യം അദ്ദേഹത്തിനുണ്ടായിരുന്നു."
മമ്മൂക്കയും മോഹൻലാലുമെല്ലാം ഇന്നസെന്റ് ചേട്ടന്റെ വാക്കുകൾക്ക് വിലകല്പിച്ചതിനാലാണ് ട്വന്റി-ട്വന്റി പോലൊരു സിനിമ സംഭവിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ വേറൊരു ഭാഷയിൽ ഇങ്ങനെയൊരു സിനിമയുണ്ടായിട്ടില്ല. അമ്മയുടെ പ്രസിഡന്റായതിനുശേഷം ഒരു കാരണവരുടെ സ്ഥാനം അദ്ദേഹം നേടിയെടുത്തുവെന്നും ഗണേഷ്കുമാർ പറഞ്ഞു.
Content Highlights: innocent passed away, kb ganesh kumar remembering innocent
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..