ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്)യുടെ 2025-ലെ പത്ത് ജനപ്രിയ ചിത്രങ്ങളുടെ പട്ടിക പുറത്ത്. പട്ടികയിലുള്ള ഏക മലയാളചിത്രം 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യാണ്. മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യബോളിവുഡ് ചിത്രമായ 'ദേവ'യും പട്ടികയില്‍ ഇടംപിടിച്ചു.

To advertise here,

'സയ്യാര'യാണ് പട്ടികയില്‍ ഒന്നാമത്. ഓസ്‌കര്‍ യോഗ്യതനേടിയ ആനിമേറ്റഡ് പുരാണ ഇതിഹാസ ചിത്രം 'മഹാവതാര്‍ നരസിംഹ'യാണ് രണ്ടാമത്. 'ഛാവ' മൂന്നാമതെത്തിയപ്പോള്‍ മറ്റൊരു തെന്നിന്ത്യന്‍ ചിത്രമായ 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്‍' നാലാമതായി. രജനീകാന്തിന്റെ 'കൂലി', പ്രദീപ് രംഗനാഥന്‍ നായകനായ 'ഡ്രാഗണ്‍', ആമിര്‍ ഖാന്റെ 'സിത്താരെ സമീന്‍പര്‍' എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

റോഷന്‍ ആന്‍ഡ്രൂസിന്റെ ‘ദേവ’ എട്ടാമതാണ്. ഒമ്പതാമത് 'റെയ്ഡ് 2'.

പൃഥ്വിരാജ് സുകുമാരനും ജയസൂര്യയും റഹ്‌മാനും പ്രധാനവേഷങ്ങളിലെത്തി, 2013-ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം 'മുംബൈ പോലീസി'ന്റെ ഹിന്ദി റീമേക്കാണ് 'ദേവ'. 'മുംബൈ പോലീസി'ന്റെ ക്ലൈമാക്‌സില്‍ മാറ്റങ്ങളോടെയാണ് 'ദേവ' പുറത്തിറങ്ങിയത്. ഷാഹിദ് കപൂറാണ് നായകന്‍.

‘ദേവ’യുടെ നേട്ടത്തില്‍ സന്തോഷമറിയിച്ച് റോഷന്‍ ആന്‍ഡ്രൂസ് ഫെയ്‌സ്ബുക്കില്‍ നീണ്ട കുറിപ്പ് പങ്കുവെച്ചു. ലൊക്കേഷനില്‍ ഷാഹിദ് കപൂറിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കുറിപ്പ്. ആദ്യഹിന്ദി ചിത്രത്തിന് തന്നെ ഇത്തരമൊരു നേട്ടം ലഭിച്ചത് അവിശ്വസനീയമായി തോന്നുന്നുവെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടു.

ജനപ്രിയ ഇന്ത്യന്‍ വെബ് സീരീസുകളുടെ പട്ടികയും ഐഎംഡിബി കഴിഞ്ഞദിവസം പുറത്തുവിട്ടു. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനംചെയ്ത 'ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' ആണ്‌ ഒന്നാമത്. 'ബ്ലാക്ക് വാറന്റ്', 'പാതാള്‍ ലോക്: സീസണ്‍ 2', 'പഞ്ചായത്ത്- സീസണ്‍ 4', 'മണ്ഡല മര്‍ഡേഴ്‌സ്', 'ഖൗഫ്', 'സ്‌പെഷ്യല്‍ ഓപ്‌സ്- സീസണ്‍ 2', 'കാക്കി: ദ ബംഗാള്‍ ചാപ്റ്റര്‍', 'ദ ഫാമിലി മാന്‍: സീസണ്‍ 3', 'ക്രിമിനല്‍ ജസ്റ്റിസ്: എ ഫാമിലി മാറ്റര്‍' എന്നിവയാണ് ആദ്യപത്തിലെ മറ്റ് സീരീസുകള്‍.

നേരത്തേ, ജനപ്രിയ താരങ്ങളുടേയും സംവിധായകരുടേയും പട്ടിക പുറത്തുവിട്ടിരുന്നു. ജനപ്രിയ സംവിധായകരില്‍ മോഹന്‍ലാല്‍ ചിത്രം 'എല്‍2: എമ്പുരാന്‍' ഒരുക്കിയ പൃഥ്വിരാജ് അഞ്ചാംസ്ഥാനത്തെത്തി. 'ലോകഃ ചാപ്റ്റര്‍ വണ്‍- ചന്ദ്ര' സംവിധായകന്‍ ഡൊമിനിക് അരുണ്‍ എട്ടാമതായും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 'ലോക'യിലെ നായിക കല്യാണി പ്രിയദര്‍ശന്‍ ജനപ്രിയതാരങ്ങളുടെ പട്ടികയില്‍ ഏഴാംസ്ഥാനത്തെത്തി.