
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ പ്രധാനപ്പെട്ട ഏഴ് അവാർഡുകൾ കരസ്ഥമാക്കി ഹെഡ്മാസ്റ്റർ.ചാനൽ ഫൈവിന്റെ ബാനറിൽ ശ്രീലാൽ ദേവരാജ് നിർമ്മിച്ച ചിത്രമാണ് ഹെഡ്മാസ്റ്റർ. പ്രശസ്ത എഴുത്തുകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ പൊതിച്ചോർ എന്ന കഥയുടെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റർ.
ഏറ്റവും മികച്ച ചിത്രം, മികച്ച ചിത്രത്തിന്റെ സംവിധായകൻ രാജീവ്നാഥ്, മികച്ച സംഗീത സംവിധായകൻ കാവാലം ശ്രീകുമാർ, ഗായിക നിത്യമാമ്മൻ, മികച്ച സഹ നടൻ തമ്പി ആന്റണി, പശ്ചാത്തല സംഗീതം റോണി റാഫേൽ, മികച്ച ബാലതാരം ആകാശ് രാജ് എന്നിങ്ങനെ 7 അവാർഡുകൾ ആണ് ഹെഡ്മാസ്റ്റർ വാരിക്കൂട്ടിയത്. 1940..1950 കാലഘട്ടത്തിൽ കേരളത്തിലെ സ്കൂൾ അധ്യാപകർ അനുഭവിച്ചിരുന്ന ദുരിതവും വേദനയുമാണ് അതീവ ഹൃദ്യമായി കാരൂർ പൊതിച്ചോർ എന്ന കൊച്ചു കഥയിലൂയിടെ പറയുന്നത്.
ഒരു ദിവസം സ്കൂളിലെ ഉച്ചയൂണിന്റെ സമയം. ഒരു വിദ്യാർഥിയുടെ പൊതിച്ചോർ കാണാനില്ല. ആരോ ഒരാൾ ഒരു പൊതിച്ചോർ മോഷ്ടിച്ചിരിക്കുന്നു. ആരാവും ഒരു പൊതിച്ചോർ മോഷ്ടിക്കുന്നവൻ, അത്രയും ദാരിദ്ര്യം പിടിച്ചവൻ. പൊതിച്ചോർ എന്ന കഥയിൽ കാരൂർ അടയാളപ്പെടുത്താതെ വിട്ടു പോയ ഇടങ്ങളിലൂടെയുള്ള ഒരു അന്വേഷണമാണ് ഹെഡ്മാസ്റ്റർ. ചില കൂട്ടിച്ചേർക്കലുകൾ, ചില പൊളിച്ചെഴുത്തുകൾ. ഇതാണ് ഹെഡ്മാസ്റ്ററിന്റെ തിരക്കഥയിലൂടെ, രചയിതാക്കളായ കെ.ബി വേണുവും രാജീവ്നാഥും ചേർന്നു നിർവഹിച്ചിരിക്കുന്നത്.
വിധിയുടെ മുന്നിൽ തോറ്റുപോയ ഒരച്ഛന്റെ മകൻ, അച്ഛനെ തോൽപ്പിച്ച വിധിയെ തോൽപ്പിക്കുന്ന കഥയാണ് ചുരുക്കത്തിൽ ഹെഡ്മാസ്റ്റർ. പുതിയ, വർത്തമാന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. വിധിയോട് പൊരുതാൻ പോലും കഴിയാതെ തോറ്റുപോയ അച്ഛനായി തമ്പി ആന്റണിയും, വിധിയെ പൊരുതി തോൽപ്പിക്കുന്ന മകനായി സഹോദരൻ ബാബു ആന്റണിയും അഭിനയിക്കുന്നു. തമ്പി ആന്റണിയുടെ അഭിനയ ജീവിതത്തിലെ വേറിട്ട വേഷമാണ് ഹെഡ്മാസ്റ്ററിലെ ശ്രീധരമേനോൻ. ആ മികച്ച പകർന്നാട്ടം അദ്ദേഹത്തിന് കേരള ഫിലിം ക്രിട്ടിക്സിന്റെ മികച്ച സഹനടനുള്ള പുരസ്കാരം നേടി കൊടുത്തിരിക്കുന്നു.
സംഗീതമാണ് ഈ ചിത്രത്തെ വേറിട്ട് നിർത്തുന്ന മറ്റൊരു ഘടകം. കാവാലം ശ്രീകുമാർ ആദ്യമായി സംഗീതം നിർവഹിക്കുന്ന ചിത്രമാണ് ഹെഡ്മാസ്റ്റർ. മലയാളത്തിനു അന്യമായി കൊണ്ടിരിക്കുന്ന ശുദ്ധസംഗീതം തിരിച്ചുകൊണ്ട് വരുന്നു ഈ ചിത്രത്തിലൂടെ കാവാലം ശ്രീകുമാർ. ഗാനരചന പ്രഭാവർമ്മ. ഗായകൻ ജയചന്ദ്രൻ. ഗായിക നിത്യ മാമ്മൻ. കാവാലം മികച്ച സംഗീത സംവിധായകനായും, നിത്യ മാമ്മൻ ഗായിയായും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ഹെഡ്മാസ്റ്ററിന്റെ മകനായി അഭിനയിക്കുന്ന ബാബു ആന്റണി ഇന്നുവരെ ചെയ്തിരിക്കുന്ന വേഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ചിത്രത്തിലേത്. ആക്ഷൻ കിങ്ങിന്റെ മറ്റൊരു മുഖം, മറ്റൊരു ഭാവം. വളരെ മികച്ച രീതിയിൽ അദ്ദേഹം അദ്ദേഹത്തിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. ഹെഡ്മാസ്റ്ററിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരുന്നത് റോണി റാഫേലാണ്. ഈ ചിത്രം അദ്ദേഹത്തെയും പുരസ്കാരത്തിന് അർഹനാക്കിയിരിക്കുന്നു. മലയാളം സിനിമയിൽ മാറി നടക്കുന്നവരുടെയും വേറിട്ട് നിൽക്കുന്നവരുടെയും ഒരു സംരംഭമാണ് ഹെഡ്മാസ്റ്റർ.
Content Highlights: headmaster malayalam movie, film critics awards 2022, babu antony and thampy antony
Published: 25 May 2023, 02:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented