നടൻ ഗോവിന്ദയേക്കുറിച്ചും അദ്ദേഹത്തിന്റെ അമ്മ നിർമലാ ദേവിയേക്കുറിച്ചും പറഞ്ഞ് ബന്ധുവും നടനുമായ വിനയ് ആനന്ദ്. ഒരു മികച്ച നടൻ എന്നതിലുപരി ഗോവിന്ദ തന്റെ കുടുംബത്തോടും പ്രത്യേകിച്ച് അമ്മ നിർമലാ ദേവിയോടും വളരെയധികം ഭക്തിയും സ്നേഹവും പുലർത്തിയിരുന്ന വ്യക്തിയായിരുന്നുവെന്ന് വിനയ് പറഞ്ഞു. സിനിമാ മേഖലയിൽ ഗോവിന്ദ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും വിനയ് ആനന്ദ് സംസാരിച്ചു. ഗോവിന്ദ തനിക്ക് പിതാവിനെപ്പോലെയായിരുന്നെന്നും വിനയ് മനസു തുറന്നു.

To advertise here,

ഹിന്ദി റഷ് പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് വിനയ് ആനന്ദ് ഗോവിന്ദയേക്കുറിച്ച് സംസാരിച്ചത്. നിർമ്മല ദേവിയുടെ ജന്മദിനത്തിൽ നടന്ന വൈകാരികമായ ഒരു സംഭവം അദ്ദേഹം ഓർത്തെടുത്തു. അന്ന് ഗോവിന്ദ തന്റെ അമ്മയുടെ പാദങ്ങൾ ഒരു തളികയിൽ വെച്ച് കഴുകുകയും ആ വെള്ളം കുടിക്കുകയും ചെയ്തുവെന്ന് വിനയ് പറഞ്ഞു.

"എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഗോവിന്ദയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. ഞാൻ മാത്രമല്ല, രാജ്യം മുഴുവൻ അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. അദ്ദേഹത്തെ അനുകരിക്കാത്തതോ അദ്ദേഹത്തെപ്പോലെ നൃത്തം ചെയ്യാത്തതോ ആയ ഒരു സൂപ്പർസ്റ്റാർ പോലും ഉണ്ടായിരുന്നില്ല. നൃത്തം ചെയ്യാൻ അറിയാത്തവർ പോലും ഗോവിന്ദ കാരണം നൃത്തം ചെയ്യാൻ തുടങ്ങി. ഞങ്ങൾ തമ്മിൽ 14 വയസ്സിന്റെ വ്യത്യാസമുണ്ട്. അദ്ദേഹം എന്റെ അമ്മയുടെ സഹോദരനാണ്. എപ്പോഴും ഒരു പിതൃതുല്യനായി ഗോവിന്ദ എന്റെ കൂടെയുണ്ടായിരുന്നു." വിനയ് കൂട്ടിച്ചേർത്തു.

ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജയും അദ്ദേഹത്തിന് അമ്മയോടുണ്ടായിരുന്ന പേടിയെയും ഭക്തിയെയും കുറിച്ച് മുൻപ് സൂചിപ്പിച്ചിട്ടുണ്ട്. അമ്മ ജീവിച്ചിരുന്നപ്പോൾ അദ്ദേഹം അവരെ വളരെയധികം ഭയപ്പെട്ടിരുന്നുവെന്നും അവരുടെ മരണശേഷമാണ് അദ്ദേഹം കൂടുതൽ സ്വതന്ത്രനായി മാറിയതെന്നും സുനിത പറഞ്ഞിരുന്നു.