സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന്റെ രണ്ടാം ഭാഗമായ ജെന്റില്‍മാന്‍2 എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം കീരവാണി നിര്‍വഹിക്കുമെന്ന് നിര്‍മാതാവ് കെ.ടി കുഞ്ഞുമോന്‍. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ആരായിരിക്കുമെന്ന് കുഞ്ഞുമോന്‍ കഴിഞ്ഞ ദിവസം ആരാധകരോട് സമൂഹമാധ്യമങ്ങള്‍ വഴി ചോദിച്ചിരുന്നു.

To advertise here,

കൃത്യമായ ഉത്തരം ആദ്യം പ്രവചിക്കുന്ന മൂവര്‍ക്ക് സ്വര്‍ണ നാണയം സമ്മാനം എന്നായിരുന്നു അറിയിപ്പ്. ധാരാളം ആളുകള്‍ മത്സരത്തില്‍ പങ്കെടുക്കുകയും തൊട്ടടുത്ത ദിവസം പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് ആരും പ്രതീക്ഷിക്കാതിരുന്ന കുഞ്ഞുമോന്റെ പ്രഖ്യാപനം. ഇന്ത്യന്‍ സിനിമയുടെ വര്‍ത്തമാന കാല സംഗീതത്തിലെ പ്രമുഖനായ  മഹധീര, ബാഹുബലി തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം നല്‍കിയ എം. എം. കീരവാണിയുടെ പേരാണ് അദേഹം പ്രഖ്യാപിച്ചത്. 

ജെന്റില്‍മാന്‍ ആദ്യഭാഗത്തിന് എ.ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. അതുകൊണ്ടു തന്നെ കൂടുതല്‍ ആളുകളും റഹ്മാന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. അര്‍ജുനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ജെന്റില്‍മാന്‍ സൂപ്പര്‍ഹിറ്റായിരുന്നു. 

ജെന്റില്‍മാന്‍2 വിനെ കുറിച്ചുള്ള വരാനിരിക്കുന്ന അറിയിപ്പുകളും ഇതു പോലുള്ള വിസ്മയങ്ങളായിരിക്കും എന്നാണ് കുഞ്ഞുമോന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നായകന്‍, നായിക, സംവിധായകന്‍ മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും വരും ദിവസങ്ങളില്‍ പുറത്ത് വിടും. കഴിഞ്ഞ വര്‍ഷം പ്രോജക്ട് ആരംഭിക്കേണ്ടിയിരുന്ന പ്രൊജക്ട് വലിയ കാന്‍വാസില്‍ ചിത്രീകരണം നടത്തേണ്ടത് കൊണ്ട് കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുന്നത് കാത്തിരിക്കുകയാണ് കുഞ്ഞുമോന്‍.

Content Highlights:  Gentleman 2, MM Keeravani will score music for Movie, producer KT Kunjumon