
തെന്നിന്ത്യയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ സംവിധായകൻ ഷങ്കറും തെലുങ്ക് സൂപ്പർതാരവുമായ രാംചരൺ തേജയും ഒരുമിച്ച ചിത്രമായിരുന്നു ഗെയിം ചെയ്ഞ്ചർ. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രം വൻപരാജയമാണ് ബോക്സോഫീസിൽ നേരിട്ടത്. റിലീസ് ചെയ്ത് ആറുമാസത്തിനുശേഷം ചിത്രത്തിന്റെ നിർമാതാവ് ദിൽ രാജു ക്ഷമാപണം പോലെ പറഞ്ഞ വാക്കുകൾ ചലച്ചിത്രലോകത്ത് ചർച്ചയാവുകയാണ്. ഗെയിം ചെയ്ഞ്ചർ എന്ന ചിത്രത്തിന്റെ പരാജയം തന്നെ പല പാഠങ്ങളും പഠിപ്പിച്ചെന്ന് ദിൽ രാജു പറഞ്ഞു. രാംചരണ്‍ ഒരു ഹിറ്റ് നൽകാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വരാനിരിക്കുന്ന ചിത്രം 'തമ്മുടു'വിന്റെ പ്രചാരണത്തിന്റെ ഭാഗമായി എം9 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദിൽ രാജു ഇക്കാര്യം പറഞ്ഞത്. വലിയ സിനിമകൾ ചെയ്യുമ്പോഴും വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോഴും ഈ പ്രശ്നം എപ്പോഴുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സിനിമയുടെ കാര്യത്തിലോ ദിൽ രാജു എന്ന നിർമാതാവിന്റെ കാര്യത്തിലോ മാത്രമല്ല. ഇത് മിക്ക വലിയ സിനിമകളിലും സംഭവിക്കുന്നു. ഗെയിം ചെയ്ഞ്ചർ സിനിമയുടെ ദൈർഘ്യം നാലര മണിക്കൂറായിരുന്നു എന്ന് എഡിറ്റർ നൽകിയ പ്രസ്താവന സത്യമാണ്. എന്നാൽ സിനിമ സംവിധാനം ചെയ്യുന്നത് ഒരു വലിയ സംവിധായകനായതുകൊണ്ട്, നമുക്ക് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
“പ്രശ്നം എന്തെന്നാൽ, നമ്മൾ ഇടപെട്ടാൽ കാര്യങ്ങൾ കുഴപ്പത്തിലാകും. ഒരു തെറ്റ് സംഭവിക്കുകയാണെങ്കിൽ, അത് തടയേണ്ടത് നിർമ്മാതാവിന്റെ ഉത്തരവാദിത്തമാണ്, അത് ഞാൻ ചെയ്തില്ല. അതിനാൽ ഞാൻ ഇതിനെ എന്റെ പരാജയമായി കണക്കാക്കുന്നു. ഞാൻ ഇത് അംഗീകരിക്കേണ്ടിയിരിക്കുന്നു. വലിയ സംവിധായകർക്കൊപ്പം അത്തരം പ്രോജക്റ്റുകൾ ഞാനേറ്റെടുക്കാൻ പാടില്ലായിരുന്നു. ഞാൻ വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കുകയാണെങ്കിൽ, ചുരുങ്ങിയത് എന്റെ കാര്യങ്ങൾ കരാറിൽ വ്യക്തമായി സൂചിപ്പിക്കണം, അത് എനിക്ക് കഴിഞ്ഞില്ല.” ദിൽ രാജു പറഞ്ഞു.
ആർആർആർ എന്ന ചിത്രത്തിലൂടെ ആഗോളശ്രദ്ധ നേടിയ രാംചരണിന് തന്റെ ചിത്രത്തിലൂടെ ഒരു ഹിറ്റ് നൽകാനായില്ലെന്ന വിഷമവും അദ്ദേഹം പങ്കുവെച്ചു. “100% എനിക്ക് ഖേദമുണ്ട്. എനിക്ക് മാനസികമായി വിഷമം തോന്നി, പക്ഷേ അത് എന്റെ കൈകളിലായിരുന്നില്ല. ഇത്തവണ കാര്യങ്ങൾ എന്റെ കൈവിട്ടുപോയി, എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി.” ദിൽ രാജുവിന്റെ വാക്കുകൾ.
കിയാര അദ്വാനി, അഞ്ജലി, എസ്.ജെ. സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം, സമുദ്രക്കനി എന്നിവരായിരുന്നു ഗെയിം ചെയ്ഞ്ചറിലെ മറ്റുപ്രധാനവേഷങ്ങളിൽ. തമൻ ആയിരുന്നു സംഗീത സംവിധാനം.
Content Highlights: Dil Raju reveals `Game Changer`s` original runtime was 4.5 hours
Published: 25 Jun 2025, 01:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented