1991-ലാണ് ഫര്‍ഹാന്‍ അക്തര്‍ തന്റെ സിനിമാ യാത്ര ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ അന്നത്തെ പ്രമുഖ ഛായാഗ്രാഹകന്‍ മന്‍മോഹന്‍ സിങ്ങിന്റെ കീഴില്‍ സഹായിയായി ജോലി ചെയ്തിരുന്ന സമയത്ത് നടന്ന അനുഭവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഫര്‍ഹാന്‍. ശ്രീദേവിയും അനില്‍ കപൂറും അഭിനയിച്ച യഷ് ചോപ്ര സംവിധാനം ചെയ്ത ലംഹേ എന്ന സിനിമ സെറ്റില്‍ നടന്ന ആ സംഭവത്തോടെ തന്റെ കരിയര്‍ അവസാനിക്കുമെന്ന് പേടിച്ചതായും ഫര്‍ഹാന്‍ ഓര്‍ത്തു.

To advertise here,

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തക്കുറിച്ച് അഭിനേതാവും സംവിധായകനുമായ ഫര്‍ഹാന്‍ ഇക്കാര്യം പറഞ്ഞത്. ഷൂട്ടിങ്ങിനിടെ അബദ്ധത്തില്‍ ശ്രീദേവി വീണതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫര്‍ഹാന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

'ശ്രീദേവിയെ വീഴ്ത്താന്‍ ഞാന്‍ ആരാണ്!' തുടര്‍ന്ന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഫര്‍ഹാന്‍ വിശദീകരിച്ചു: 'നിര്‍ഭാഗ്യവശാല്‍, അങ്ങനെയൊരു അപകടം സംഭവിച്ചു. 'ലംഹേ'യില്‍ മന്‍ ജിയുടെ ഏഴാമത്തെയോ എട്ടാമത്തെയോ സഹായിയായിട്ടാണ് ഫര്‍ഹാന്‍ ജോലി ചെയ്തത്. കൊറിയോഗ്രാഫറായ സരോജ് ഖാന്‍ ചിട്ടപ്പെടുത്തിയ ഒരു നൃത്തരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം നടന്നത്‌.

പാട്ടിന്റെ അവസാന രംഗം ക്രെയിന്‍ ഷോട്ടായിരുന്നു. റിഹേഴ്‌സല്‍ ചെയ്യുമ്പോള്‍ ഫ്രെയിമില്‍ തറയില്‍ ഒരു കറ ശ്രദ്ധിച്ച സംവിധായകന്‍ അത് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. ആ സമയത്ത് ഏറ്റവും അടുത്ത് താന്‍ ആയിരുന്നതിനാല്‍ ഓടിച്ചെന്ന് അത് തുടയ്ക്കാന്‍ തുടങ്ങി. എന്നാല്‍ ശ്രീദേവി ഇതേ ദിശയില്‍ വരുന്നത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. അവര്‍ കുനിഞ്ഞിരുന്ന് തറ തുടയ്ക്കുകയായിരുന്ന തന്നെ തടഞ്ഞ് വീഴുകയായിരുന്നെന്ന്‌ ഫര്‍ഹാന്‍ പറഞ്ഞു.

വായുവിലൂടെ ശ്രീദേവി ഉയര്‍ന്ന് സ്ലോ മോഷനില്‍ താഴെ വീഴുന്ന രംഗം ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്ന് ഫര്‍ഹാന്‍ പറഞ്ഞു. ഈ രംഗം കണ്ട് സെറ്റിലുള്ള എല്ലാവരും നിശ്ചലരായി. ഈ സംഭവത്തോടെ തന്റെ സിനിമാജീവിതം അവസാനിച്ചെന്നാണ് കരുതിയതെന്നും ഫര്‍ഹാന്‍ പറഞ്ഞു. എന്നാല്‍ ദേഷ്യപ്പെടുന്നതിന് പകരം ശ്രീദേവി ചിരിക്കാന്‍ തുടങ്ങി. കുഴപ്പമില്ല ഇതൊക്കെ സംഭവിക്കും എന്ന് പറഞ്ഞതോടെ ബാക്കിയുള്ളവരും ചിരിക്കാന്‍ തുടങ്ങി. അപ്പോഴാണ് തനിക്ക് ശ്വാസം നേരെ വീണതെന്ന് ഫര്‍ഹാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

'ലംഹേ'ക്ക് ശേഷം ഫര്‍ഹാന്‍ പരസ്യരംഗത്തേക്ക് മാറി, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം, 'ദില്‍ ചാഹ്താ ഹേ' എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചു. 'ഞാന്‍ എപ്പോഴും ശ്രീദേവിയോട് കടപ്പെട്ടിരിക്കും - എന്റെ കരിയര്‍ അവര്‍ക്ക് കടപ്പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.' സംഭവത്തെ ഓര്‍ത്ത് ഫര്‍ഹാന്‍ പറഞ്ഞു.