അബുദാബി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന മിസൈൽ ആക്രമണങ്ങളെത്തുടർന്ന് മധ്യപൂർവേഷ്യയിൽ സംഘർഷം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയാ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടി ഇഷ ഗുപ്ത. താൻ നിലവിൽ അബുദാബിയിലാണുള്ളതെന്നും സുരക്ഷിതയാണെന്നും അവർ അറിയിച്ചു.  നിലവിലെ അവസ്ഥ വേദനാജനകവും ഭയപ്പെടുത്തുന്നതുമാണ്. ഉടൻതന്നെ ഇന്ത്യയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്നുവെന്നും ഇഷ പറഞ്ഞു.

To advertise here,

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഇഷ ഗുപ്ത ഈ വിവരങ്ങൾ പങ്കുവെച്ചത്. "അന്വേഷിക്കുന്നവർക്കും സന്ദേശങ്ങൾ അയക്കുന്നവർക്കും നന്ദി, ഞങ്ങൾ സുരക്ഷിതരാണ്" എന്ന് താരം കുറിച്ചു. നിലവിലെ സാഹചര്യത്തിൽ യുഎഇ സർക്കാർ ജനങ്ങളെ സംരക്ഷിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങളിൽ തനിക്ക് വിശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. എത്രയുംവേഗം ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ.

ഇഷ ഗുപ്തയെ കൂടാതെ മറ്റൊരു ബോളിവുഡ് താരമായ സോണൽ ചൗഹാൻ ദുബായിൽ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സോണൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രാലയത്തോടും സഹായം അഭ്യർത്ഥിച്ചു. സുരക്ഷിതമായി വീട്ടിലെത്താൻ സർക്കാരിന്റെ മാർഗനിർദ്ദേശവും പിന്തുണയും അവർ തേടിയിട്ടുണ്ട്.

അതേസമയം, ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുകയാണ്. ഒമാനിൽ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

ആണവപദ്ധതി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഇറാനുനേരേ ഇസ്രയേലും യു.എസും സംയുക്ത വ്യോമാക്രമണം നടത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമായത്. പ്രാദേശികസമയം ശനിയാഴ്ച രാവിലെ 8.15-നാണ് യു.എസും ഇസ്രയേലും ഇറാനിൽ ആക്രമണം നടത്തിയത്. പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടിക്കാനും തുടങ്ങി. അതോടെ ലോകമൊന്നടങ്കം ഭീതിയിലായി. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലുൾപ്പെടെ ഒട്ടേറെയിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്.