ദിലീപും മഞ്ജുവാര്യരും വർഷങ്ങൾക്കുശേഷം ഒരു ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തത് അടുത്തിടെയായിരുന്നു. എറണാകുളം കാക്കനാട് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിൽ പുതുതായി പ്രവർത്തനമാരംഭിച്ച മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്സിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു ഇത്. ഈ ചടങ്ങിൽനിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരുവരും ഹസ്തദാനം ചെയ്യുന്നതും സംസാരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

To advertise here,

ദിലീപും മഞ്ജുവാര്യരും ഒരുമിച്ചെത്തിയ ചിത്രങ്ങളും വിഡിയോകളും അന്നുതന്നെ നിമിഷനേരത്തിനകം ഓൺലൈനിൽ തരംഗമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇതേ ചടങ്ങിൽനിന്നുള്ള മറ്റൊരു വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. മൾട്ടിപ്ലെക്സിനകത്തുനിന്നുള്ളതാണ് രംഗം. തിയേറ്ററിനകത്ത് ഏറ്റവും പിന്നിലെ നിരയിലിരുന്ന മഞ്ജു വാര്യർക്കരികിലേക്ക് ദിലീപ് എത്തുകയായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം കൈകൊടുത്തു.

തിയേറ്റർ ഉദ്ഘാടനത്തിന് പിന്നാലെ സ്‌ക്രീനിങ് നടന്നിരുന്നു. ഇരുവർക്കും ഒരേ വരിയിലായിരുന്നു ഇരിപ്പിടങ്ങൾ ഒരുക്കിയത്. ഒരേ വരിയിൽ രണ്ട് അറ്റങ്ങളിലായാണ് ഇരുവരും ഇരുന്നത്. ജയസൂര്യയും പൃഥ്വിരാജുമായിരുന്നു മഞ്ജുവിന് അടുത്തുണ്ടായിരുന്നത്. ഉമാ തോമസ് എം.എൽ.എയ്ക്ക് തൊട്ടടുത്തുള്ള സീറ്റിലായിരുന്നു ദിലീപ് ഇരുന്നത്.

ഒരേ ചടങ്ങിനെത്തിയിട്ടും, ഒരേ നിരയിലിരുന്നിട്ടും ഇരുവരും പരസ്പരം സംസാരിച്ചില്ലെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ. തിയറ്ററിനുള്ളിലെ ഒരേ നിരയിലെ സീറ്റുകളിലാണ് ഇരുവർക്കും ഇരിപ്പിടം ഒരുക്കിയിരുന്നതെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്. മറ്റ് താരങ്ങളോട് സൗഹൃദം പങ്കുവെച്ച മഞ്ജു ദിലീപിനെ ശ്രദ്ധിച്ചില്ലെന്നും വാദങ്ങളുണ്ടായിരുന്നു. ഇതെല്ലാം തള്ളുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോ. കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ലെന്നും ഇത് സത്യമാണോ എന്നെല്ലാമാണ് വന്നിരിക്കുന്ന മിക്ക കമന്റുകളും. ഇത് എഐ ആണോയെന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്.

വിവാഹമോചനത്തിന് ശേഷം പൊതുവേദികളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കിയിരുന്ന ഇരുവരും മാജിക് ഫ്രെയിംസിന്റെ അൻപതാമത് സ്ക്രീൻ ഉദ്ഘാടന ചടങ്ങിലാണ് ഒന്നിച്ചെത്തിയത്. മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു.