രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദി റിവഞ്ച്' എന്ന ചിത്രത്തിലെ ക്ലൈമാക്സ് സ്ഫോടനരംഗങ്ങൾ സിജിഐ ഉപയോഗിക്കാതെയാണ് ചെയ്തതെന്ന് സിനിമയുടെ എസ്എഫ്എക്സ് (SFX) സൂപ്പർവൈസർ വിശാൽ ത്യാഗി. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലൈമാക്സ് രംഗം കൃത്രിമമാണെന്ന് തോന്നാതിരിക്കാൻ വിഷ്വൽ ഇഫക്റ്റുകൾക്ക് പകരം യഥാർത്ഥ സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഹിന്ദി റഷ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു വിശാൽ.

To advertise here,

വിഷ്വൽ ഇഫക്റ്റുകൾക്ക് പകരം യഥാർത്ഥ സ്ഫോടനങ്ങൾ വേണമെന്ന് സംവിധായകൻ ആദിത്യ ധറിന് തുടക്കം മുതലേ നിർബന്ധമുണ്ടായിരുന്നുവെന്ന് വിശാൽ ത്യാഗി പറഞ്ഞു. സാധാരണയായി ചെറിയ സ്ഫോടനങ്ങൾ സെറ്റിൽ ചിത്രീകരിക്കുകയും പിന്നീട് ഡിജിറ്റലായി മിനുക്കിയെടുക്കുകയുമാണ് ചെയ്യാറുള്ളത്. 'ധുരന്ധർ 2'-ൽ ആ രീതി ബോധപൂർവ്വം ഒഴിവാക്കി. ഈ രംഗം ചിത്രീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും കഠിനമായ തയ്യാറെടുപ്പുകൾ ഇതിനായി വേണ്ടി വന്നു. സ്ഫോടന മേഖലയ്ക്ക് തൊട്ടടുത്ത് കൂടെ രൺവീർ സിംഗ് നടന്നുപോകുന്നതായിരുന്നു ഈ രംഗം. സുരക്ഷാ കാരണങ്ങളാൽ അർജുൻ രാംപാലിനെ ഈ പ്രത്യേക രംഗത്തിൽ നിന്നും ഒഴിവാക്കിയിരുന്നുവെന്നും വിശാൽ ത്യാഗി പറഞ്ഞു.

ഏറ്റവും വെല്ലുവിളി നിറഞ്ഞ നിമിഷം ക്ലൈമാക്സ് ടാങ്കർ സ്ഫോടന രംഗമായിരുന്നുവെന്ന് വിശാൽ ത്യാഗി ചൂണ്ടിക്കാട്ടി. "വലിയ അപകടങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ ശ്രദ്ധാപൂർവമായ ആസൂത്രണം ആവശ്യമായിരുന്നു. 500 ലിറ്റർ പെട്രോളാണ് ഈ രംഗത്തിനായി വേണ്ടിവന്നത്. തീജ്വാലകൾ രൺവീറിലേക്ക് എത്തിയില്ലെന്ന് ഞാൻ ഉറപ്പുവരുത്തേണ്ടതുണ്ടായിരുന്നു. ഞങ്ങൾ എല്ലാ ജോലികളും ചെയ്തു. രൺവീർ എവിടെമുതൽ നടന്നുതുടങ്ങാമെന്ന് കൃത്യമായി അദ്ദേഹത്തോട് പറഞ്ഞു. ധുരന്ധറിൽ ഞങ്ങൾ യഥാർത്ഥത്തിൽ രക്തവും വിയർപ്പും നൽകിയിട്ടുണ്ട്. ഷൂട്ട് പൂർത്തിയായ ശേഷം, രൺവീർ ടീമിന്റെ പ്രയത്നത്തെ പ്രശംസിക്കുകയും 'നിങ്ങൾ തകർത്തു' എന്ന് പറയുകയും ചെയ്തു." അദ്ദേഹത്തിന്റെ വാക്കുകൾ.

സ്ഫോടനം ചിത്രീകരിക്കുന്നതിനായി ടീം യഥാർത്ഥ ട്രെയിൻ ബേസുകളും കണ്ടെയ്‌നറുകളും ഉപയോഗിച്ചതായി വിശാൽ പറഞ്ഞു. "ഇത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു, പക്ഷേ ഞങ്ങൾ ആത്മവിശ്വാസത്തിലായിരുന്നു. എന്നോട് 250 ലിറ്റർ പെട്രോൾ ഉപയോഗിക്കാനാണ് ടീം പറഞ്ഞത്. പക്ഷേ കുറഞ്ഞത് 500 ലിറ്റർ ഇന്ധനം ആവശ്യമാണെന്ന് ഞാൻ നിർബന്ധം പിടിച്ചു. അത് പൊട്ടിത്തെറിപ്പിക്കാൻ, ശരിയായ ഫലം ലഭിക്കുന്നതിനായി ഈ ടാങ്കുകളിൽ ഓരോന്നിലും 25 കിലോ സ്ഫോടക വസ്തുക്കൾ ചേർക്കേണ്ടി വന്നു. ഞാൻ എല്ലാവരും പറയുന്നത് കേട്ടു, പക്ഷെ എന്റെ മനസ്സ് പറഞ്ഞതാണ് ചെയ്തത്." അദ്ദേഹം കൂട്ടിച്ചേർത്തു.

ജസ്‌കിരത് സിംഗ് രാംഗി എന്ന കഥാപാത്രമായി രൺവീർ എത്തിയ ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, ആർ മാധവൻ, സാറ അർജുൻ, രാകേഷ് ബേദി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. മാർച്ച് 19-ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ജൂലൈയിൽ ജപ്പാനിലും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.