'ധുരന്ധർ' സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ സൈനി എസ്. ജോറേക്കെതിരെ ലൈംഗിക പീഡന പരാതി. സംഭവത്തിൽ ചണ്ഡീഗഡ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചണ്ഡീഗഡിലെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് സെക്ടർ-17 പോലീസ് നടപടിയെടുത്തത്. ലൈംഗിക പീഡനം കൂടാതെ, യുവതിയെ അന്യായമായി തടഞ്ഞുവെച്ചതായും മദ്യത്തിൽ ലഹരിവസ്തുക്കൾ കലർത്തി നൽകിയതായും പരാതിയിൽ ആരോപിക്കുന്നു.

To advertise here,

ഡൽഹി സ്വദേശിയായ യുവതി 2025 സെപ്റ്റംബറിലാണ് ഈ സിനിമയുടെ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചത്. കോളേജ് അധ്യാപകൻ വഴിയാണ് യുവതി സിനിമയുടെ അണിയറപ്രവർത്തകർക്ക് ബയോഡാറ്റ നൽകിയതും തുടർന്ന് നിയമനം ലഭിച്ചതും. താൻ ഡൽഹി കോളേജ് ഓഫ് ആർട്ടിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും യുവതിയുടെ ഉപദേശകനായി (മെന്റർ) പ്രവർത്തിക്കാമെന്നും പറഞ്ഞ് ജോറേ യുവതിയുടെ വിശ്വാസം നേടിയെടുത്തിരുന്നു.

ഔദ്യോഗിക ചർച്ചകൾക്കാണെന്ന് വിശ്വസിപ്പിച്ച് 2025 സെപ്റ്റംബർ 10-ന് രാത്രിയാണ് ജോറേ യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചത്. മറ്റ് അണിയറപ്രവർത്തകർ ആരും തന്നെ അവിടെ എത്തിയിരുന്നില്ലെന്നും, ഇത് പുറത്തറിയിക്കരുതെന്ന് ജോറേ കർശന നിർദ്ദേശം നൽകിയിരുന്നതായും യുവതി പറയുന്നു. രാത്രി എട്ടരയോടെ മുറിയിലെത്തിയ യുവതിയെ ജോറേ മദ്യം കഴിക്കാൻ നിർബന്ധിച്ചു. ഇത് കഴിച്ചതോടെ തനിക്ക് കഠിനമായ തലകറക്കം അനുഭവപ്പെട്ടുവെന്നും മുറിയിൽ നിന്ന് പോകാൻ അനുവദിക്കാതെ ഇയാൾ തടഞ്ഞുവെച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

തന്നെ നൃത്തം പഠിപ്പിക്കാനെന്ന വ്യാജേന ജോറേ മോശമായ രീതിയിൽ സ്പർശിച്ചതായും യുവതി ആരോപിച്ചു. മുറിയിൽ നിന്ന് പുറത്തുപോകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും തന്നെ പോകാൻ അനുവദിച്ചില്ലെന്നും രാത്രി മുഴുവൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. മദ്യം കഴിച്ച് അടുത്ത അരമണിക്കൂറിനുള്ളിൽ പല തവണ ഛർദിച്ചു. ബാത്റൂമിൽ ഛർദിച്ചുകൊണ്ടിരിക്കുമ്പോൾ മോശമായി സ്പർശിക്കുന്നത് തുടർന്നു. തന്നോടൊപ്പം രാത്രിയിൽ ഹോട്ടൽ മുറിയിൽ നിൽക്കണമെന്ന് നിർബന്ധിച്ചു. പിറ്റേ ദിവസം രാവിലെയാണ് താൻ അവിടെ നിന്നും മടങ്ങിയതെന്നും യുവതി പരാതിയിൽ പറഞ്ഞു. പിന്നീട് ഇയാൾ തനിക്കെതിരെ മറ്റ് പരാതികൾ നൽകി മാനസികമായി ബുദ്ധിമുട്ടിച്ചുവെന്നും യുവതി ആരോപിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 74, 79, 123, 126(2) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുംബൈ അന്ധേരി സ്വദേശിയായ ജോറി അടുത്തിടെ ധുരന്ധർ സിനിമയ്ക്കായി പാകിസ്ഥാനിലെ ല്യാരി ടൗണിന്റെ മാതൃക തായ്‌ലൻഡിൽ നിർമിച്ച് ശ്രദ്ധ നേടിയിരുന്നു. നിലവിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.