
'ധുരന്ധർ' സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറായ സൈനി എസ്. ജോറേക്കെതിരായ ലൈംഗികാതിക്രമ പരാതിയുടെ വിവരങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ചണ്ഡീഗഡിലെ താജ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ ജോറേയ്‌ക്കെതിരേ പോലീസ് സെക്ടർ 17 പോലീസ് കേസെടുത്തിരുന്നു. ഇപ്പോഴിതാ ജോറേയ്‌ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.
'ധുരന്ധർ' സംവിധായകൻ ആദിത്യ ധറിന്റേയും നിർമാതാവ് ലോകേഷ് ധറിന്റേയും ഉടമസ്ഥതയിലുള്ള ബി62 സ്റ്റുഡിയോസിലും ജോറേയ്‌ക്കെതിരെ യുവതി പരാതി നൽകിയിരുന്നുവെന്നാണ് ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞവർഷം ഒക്ടോബറിലായിരുന്നു പരാതി നൽകിയത്. പിന്നാലെ, തൊഴിലിടത്തിലെ അതിക്രമങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പോഷ് സമിതി സംഭവത്തിൽ അന്വേഷണം നടത്തി. മാർച്ച് അവസാനത്തോടെ പൂർത്തിയായ അന്വേഷണത്തിൽ, ജോറെ കുറ്റക്കാരനാണെന്ന് സമിതി കണ്ടെത്തി. ജോറേ യുവതിയെ ലൈംഗിക താത്പര്യത്തോടെ കയറിപ്പിടിച്ചെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നുമായിരുന്നു കണ്ടെത്തൽ.
പിന്നാലെ, ഒടിടിയിൽ പുറത്തിറങ്ങിയ ധുരന്ധർ- റോ ആൻഡ് അൺദേഖാ പതിപ്പിൽനിന്ന് ക്രെഡിറ്റിൽ ജോറേയുടെ പേര് ഒഴിവാക്കി.
ഡൽഹി സ്വദേശിയായ യുവതിയാണ് ജോറേയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2025 സെപ്റ്റംബറിലാണ് ഈ സിനിമയുടെ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചത്. കോളേജ് അധ്യാപകൻ വഴിയാണ് യുവതി സിനിമയുടെ അണിയറപ്രവർത്തകർക്ക് ബയോഡാറ്റ നൽകിയതും തുടർന്ന് നിയമനം ലഭിച്ചതും. താൻ ഡൽഹി കോളേജ് ഓഫ് ആർട്ടിലെ പൂർവ്വ വിദ്യാർത്ഥിയാണെന്നും യുവതിയുടെ ഉപദേശകനായി (മെന്റർ) പ്രവർത്തിക്കാമെന്നും പറഞ്ഞ് ജോറേ യുവതിയുടെ വിശ്വാസം നേടിയെടുത്തു.
ഔദ്യോഗിക ചർച്ചകൾക്കാണെന്ന് വിശ്വസിപ്പിച്ച് 2025 സെപ്റ്റംബർ 10-ന് രാത്രിയാണ് ജോറേ യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചത്. മറ്റ് അണിയറപ്രവർത്തകർ ആരും തന്നെ അവിടെ എത്തിയിരുന്നില്ലെന്നും, ഇത് പുറത്തറിയിക്കരുതെന്ന് ജോറേ കർശന നിർദ്ദേശം നൽകിയിരുന്നതായും യുവതി പറയുന്നു. രാത്രി എട്ടരയോടെ മുറിയിലെത്തിയ യുവതിയെ ജോറേ മദ്യം കഴിക്കാൻ നിർബന്ധിച്ചു. ഇത് കഴിച്ചതോടെ തനിക്ക് കഠിനമായ തലകറക്കം അനുഭവപ്പെട്ടുവെന്നും മുറിയിൽ നിന്ന് പോകാൻ അനുവദിക്കാതെ ഇയാൾ തടഞ്ഞുവെച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
തന്നെ നൃത്തം പഠിപ്പിക്കാനെന്ന വ്യാജേന ജോറേ മോശമായ രീതിയിൽ സ്പർശിച്ചതായും യുവതി ആരോപിച്ചു. മുറിയിൽനിന്ന് പുറത്തുപോകണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും തന്നെ പോകാൻ അനുവദിച്ചില്ലെന്നും രാത്രി മുഴുവൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഇവർ വെളിപ്പെടുത്തി. മദ്യം കഴിച്ച് അടുത്ത അരമണിക്കൂറിനുള്ളിൽ പല തവണ ഛർദിച്ചു. ബാത്‌റൂമിൽ ഛർദിച്ചുകൊണ്ടിരിക്കുമ്പോൾ മോശമായി സ്പർശിക്കുന്നത് തുടർന്നു. തന്നോടൊപ്പം രാത്രിയിൽ ഹോട്ടൽ മുറിയിൽ നിൽക്കണമെന്ന് നിർബന്ധിച്ചു. പിറ്റേ ദിവസം രാവിലെയാണ് താൻ അവിടെ നിന്നും മടങ്ങിയതെന്നും യുവതി പരാതിയിൽ പറഞ്ഞു. പിന്നീട് ഇയാൾ തനിക്കെതിരെ മറ്റ് പരാതികൾ നൽകി മാനസികമായി ബുദ്ധിമുട്ടിച്ചുവെന്നും യുവതി ആരോപിച്ചു.
Content Highlights: Production designer Saini S Johray found guilty by the internal POSH committee. Incident occurred in September 2025 at a Chandigarh hotel. Johray's name was removed from the credits of the OTT version of 'Dhurandhar- Raw and Undekha'. The victim alleged drugging and sexual misconduct during a work meeting. B62 Studios conducted a formal investigation concluding in March
Published: 29 May 2026, 09:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented