വ്യാഴാഴ്ച പുറത്തിറങ്ങുന്ന ആദിത്യ ധർ- രൺവീർ സിങ് ചിത്രം 'ധുരന്ധറി'ന്റെ രണ്ടാംഭാഗമായ 'ധുരന്ധർ: ദ റിവഞ്ച്' സെൻസർ പൂർത്തിയായി. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. മൂന്നുമണിക്കൂർ 49 മിനിറ്റ് ആറ് സെക്കൻഡാണ് ചിത്രത്തിന്റെ ദൈർഘ്യം.

To advertise here,

ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ശനിയാഴ്ച ആരംഭിച്ചിരുന്നു. ആഗോള റിലീസിന്റെ തലേദിവസം ബുധനാഴ്ച പെയ്ഡ് പ്രിവ്യൂ ഷോകൾ നടക്കും. അഡ്വാൻസ് ബുക്കിങ്ങിൽനിന്ന് മാത്രം ചിത്രം 130 കോടി കളക്ഷൻ നേടിക്കഴിഞ്ഞു. അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാൻ ഡകെയ്ത്തിന്റെ മരണത്തിന് ശേഷം പാകിസ്താനിലെ ഗുണ്ടാ- അധോലോക- രാഷ്ട്രീയ മേഖലയിൽ തന്റെ സ്വാധീനം വളർത്താൻ ശ്രമിക്കുന്ന രൺവീർ സിങ്ങിന്റെ ഹംസ എന്ന കഥാപാത്രത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന് സെൻസർ രേഖകൾ പറയുന്നു.

ആദ്യഭാഗത്തിനും എ സർട്ടിഫിക്കറ്റായിരുന്നു സെൻസർ ബോർഡ് അനുവദിച്ചത്. 1300 കോടിയാണ് ആഗോളതലത്തിൽ ചിത്രം തിയേറ്റർ കളക്ഷൻ നേടിയത്. ഹംസ അലി മസാരി എന്ന കഥാപാത്രമായാണ് ആദ്യഭാഗത്തിൽ രൺവീർ സിങ്ങിനെ കണ്ടതെങ്കിൽ, അയാളുടെ ഭൂതകാലവും ജസ്‌കിരത് സിങ് രംഗി എന്ന യഥാർഥ വ്യക്തിത്വവും രണ്ടാംഭാഗത്തിൽ വെളിപ്പെടുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. 

രൺവീർ സിങ്ങിന് പുറമേ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ആദിത്യ ധറും ജ്യോതി ദേശ്പാണ്ഡേയും ലോകേഷും ധറുമാണ് ചിത്രം നിർമിക്കുന്നത്. ആദിത്യ ധർ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ചിത്രം തിയേറ്ററിലെത്തും.