അടുത്തിടെ ഒരു അഭിമുഖത്തിൽ നടനും സംവിധായകനുമായ സത്യജീത് പുരിയാണ് ധർമേന്ദ്രയ്ക്ക് അധോലോകത്തുനിന്ന് ലഭിച്ച ഭീഷണിയെക്കുറിച്ചുള്ള രസകരമായ കഥ പറഞ്ഞത്.

ധർമേന്ദ്ര | ഫോട്ടോ: AFP
വെള്ളിത്തിരയിൽ എതിരാളികളെ മനക്കരുത്തുകൊണ്ടും കൈക്കരുത്തുകൊണ്ടും തറപറ്റിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ധർമേന്ദ്ര. യഥാർത്ഥ ജീവിതത്തിലും തന്റെ മനസ്സാന്നിധ്യംകൊണ്ട് എതിരാളികളെ നേരിട്ട അനുഭവമുണ്ട് അദ്ദേഹത്തിന്. ഒരിക്കൽ അധോലോകത്തുനിന്ന് വന്ന ഒരു ഭീഷണിയെപ്പോലും ധർമേന്ദ്ര നേരിട്ടിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടനും സംവിധായകനുമായ സത്യജീത് പുരിയാണ് ധർമേന്ദ്രയ്ക്ക് അധോലോകത്തുനിന്ന് ലഭിച്ച ഭീഷണിയെക്കുറിച്ചുള്ള രസകരമായ കഥ പറഞ്ഞത്.
അധോലോകത്തുനിന്ന് ഭീഷണി വന്നാൽ ഏത് നടനായാലും ഒന്ന് ഭയന്നിരുന്ന കാലമായിരുന്നു അതെന്ന് പുരി പറഞ്ഞു. എന്നാൽ അതിൽനിന്നെല്ലാം വിഭിന്നമായാണ് ധർമേന്ദ്ര പ്രതികരിച്ചത്. പഞ്ചാബിൽ നിന്ന് തന്റെ സൈന്യം ഇറങ്ങുമെന്നും തന്നോട് കളിക്കാൻ നിൽക്കരുതെന്നുമാണ് ഭീഷണിയോട് ധർമേന്ദ്ര പ്രതികരിച്ചതെന്നും സത്യജീത് പുരി പറഞ്ഞു.
"അക്കാലത്ത് അധോലോകം വളരെ ശക്തമായിരുന്നു. അധോലോകം ഏതെങ്കിലും നടനെ വിളിച്ചാൽ അവർ ഭയപ്പെടുന്ന കാലമായിരുന്നു അത്. എന്നാൽ ധരംജിയും കുടുംബവും അവരെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. അദ്ദേഹം അവരോട് പറയുമായിരുന്നു, 'നിങ്ങൾ വന്നാൽ, പഞ്ചാബിൽ നിന്ന് സഹനേവാൾ ഗ്രാമം മുഴുവൻ ഇറങ്ങും. നിങ്ങളുടെ പക്കൽ 10 പേരുണ്ടെങ്കിൽ എനിക്കൊരു സൈന്യംതന്നെയുണ്ട്. ഞാൻ ഒരുവാക്ക് പറഞ്ഞാൽ, പഞ്ചാബിൽ നിന്ന് ട്രക്കുകൾ നിറയെ ആളുകൾ എന്നോടൊപ്പം പോരാടാൻ വരും. അതുകൊണ്ട് എന്നോട് കളിക്കാൻ നിൽക്കരുത്. അവർ പിന്നീട് ധർമേന്ദ്രയുമായി ഒരിക്കലും പ്രശ്നമുണ്ടാക്കിയില്ല." സത്യജീത്തിന്റെ വാക്കുകൾ.
2023-ൽ കരൺ ജോഹർ നിർമിച്ച് സംവിധാനം ചെയ്ത 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന റൊമാൻ്റിക്-ഡ്രാമയിലൂടെയാണ് ധർമേന്ദ്ര ഒരിടവേളയ്ക്കുശേഷം തിരിച്ചുവരവ് നടത്തിയത്. അമിത് ജോഷി സംവിധാനം ചെയ്ത തേരീ ബാത്തോം മേം ഐസാ ഉൽഝാ ജിയാ എന്ന ചിത്രത്തിലാണ് ധർമേന്ദ്ര ഒടുവിൽ വേഷമിട്ടത്.
ശ്രീറാം രാഘവൻ ഒരുക്കുന്ന ഇക്കീസ് ആണ് ധർമേന്ദ്രയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. അമിതാഭ് ബച്ചന്റെ കൊച്ചുമകനായ അഗസ്ത്യ നന്ദയാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. 1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ 21-ാം വയസ്സിൽ വീരമൃത്യു വരിച്ച, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരംവീർ ചക്ര ജേതാവായ സെക്കൻഡ് ലെഫ്റ്റനൻ്റ് അരുൺ ഖേതർപാലിൻ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ഇക്കീസ് 2025 ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.
Content Highlights: Dharmendra's Fearless Retort: How the Bollywood Icon Challenged the Underworld
Published: 28 Oct 2025, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented