ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി ഫ്രാഞ്ചൈസികളിലൊന്നാണ് 'ധമാൽ'. ചിത്രത്തിന്റെ നാലാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. 'ധമാൽ 4' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം 2026 ജൂലൈ 10-ന് തിയേറ്ററുകളിലെത്തും. ഇന്ദ്ര കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മുൻ ഭാഗങ്ങളെക്കാൾ വലിയ തോതിലുള്ള ചിരിയും സാഹസികതയും ചിത്രം വാഗ്ദാനം ചെയ്യുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഒരു കംപ്ലീറ്റ് എന്റർടൈനറായാണ് അണിയറപ്രവർത്തകർ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

To advertise here,

സ്വർണവേട്ടയെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. നിധി തേടിയുള്ള ഒരു സംഘത്തിന്റെ യാത്രയും അതിനിടയിലുണ്ടാകുന്ന അബദ്ധങ്ങളുമാണ് മൂന്ന് മിനിറ്റ് മുപ്പത്തിയേഴ് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിൽ പ്രധാനമായും കാണിക്കുന്നത്. സ്വർണം ഒളിഞ്ഞിരിക്കുന്ന പർവ്വതത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിനിടെ ധാരാളം സാഹസിക കാഴ്ചകളുമുണ്ട്. നിധിയിലേക്കുള്ള യാത്രയിൽ ഒന്നിനുപുറകെ ഒന്നായി നിരവധി പ്രശ്നങ്ങളും തമാശ നിറഞ്ഞ കുഴപ്പങ്ങളും കഥാപാത്രങ്ങൾ നേരിടുന്നുണ്ട്.

അജയ് ദേവ്ഗൺ നയിക്കുന്ന ഈ വമ്പൻ താരനിരയിൽ അർഷാദ് വാർസി, റിതേഷ് ദേശ്മുഖ്, ജാവേദ് ജഫ്രി, സഞ്ജയ് മിശ്ര, ഇഷ ഗുപ്ത, സഞ്ജീദ ഷെയ്ഖ്, അഞ്ജലി ആനന്ദ്, രവി കിഷൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ നായിക ഇഷ ഗുപ്തയും, റിതേഷ് ദേശ്മുഖിന്റെ നായിക അഞ്ജലി ആനന്ദുമാണ്. ട്രെയിലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന നടൻ റിതേഷ് ദേശ്മുഖ്, തങ്ങൾ വലിയ ആവേശത്തോടെയാണ് ഈ ചിത്രം നിർമിച്ചതെന്നും പ്രേക്ഷകർക്കിത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സോഷ്യൽ മീഡിയയിൽ കുറിച്ചു.

 

ട്രെയിലറിലെ ചില രംഗങ്ങൾ ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു. അജയ് ദേവ്ഗൺ ഡോൾഫിനുകളുടെ മുകളിൽക്കയറി പറന്നുവരുന്ന രംഗം ട്രോളുകളിലും ഇടംപിടിക്കുന്നുണ്ട്. ജാവേദ് ജഫ്രിയുടെ കഥാപാത്രം മുൻ സിനിമകളിലേതുപോലെ "എങ്ങനെയാണ് താൻ എപ്പോഴും ഇത്തരം അപകടകരമായ സാഹചര്യങ്ങളിൽ മുന്നിലെത്തുന്നത് എന്ന് അറിയില്ല" എന്ന് പറയുന്ന സെൽഫ് ട്രോൾ ഡയലോഗ് ആരാധകർക്കിടയിൽ ആവേശം നിറയ്ക്കുന്നുണ്ട്. എങ്കിലും, ട്രെയിലറിലെ ചില തമാശകൾ ബോഡി ഷെയ്മിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.