തന്റെ പുതിയ ചിത്രമായ 'ഛപാകി'ലെ കഥാപാത്രം ആസിഡ് അക്രമത്തിനിരയായ പെണ്‍കുട്ടി 'മാള്‍ട്ടി'യായി നടി ദീപികാ പദുക്കോണ്‍ മുംബൈയിലെ തെരുവില്‍. ആസിഡ് ആക്രമണത്തിന് ഇരയായവരോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ നടത്തിയ പരീക്ഷണത്തിന്റെ വീഡിയോ താരം പങ്കുവെക്കുകയായിരുന്നു.

To advertise here,

മുംബൈയിലെ തെരുവുകളിലൂടെ കഥാപാത്രത്തിന്റെ വേഷവിധാനവുമായി നടന്ന താരത്തെ രഹസ്യക്യാമറകള്‍ പിന്തുടരുകയായിരുന്നു. ആദ്യം മൊബൈല്‍ഫോണ്‍ വില്‍ക്കുന്ന കടയിലെത്തിയ ദീപിക കടയിലുണ്ടായിരുന്ന സ്ത്രീയോട് സെല്‍ഫിയെടുക്കാന്‍ ആവശ്യപ്പെടുകയും അവര്‍ സന്തോഷത്തോടെ ഇതിനു തയ്യാറാകുകയും ചെയ്തു. തുടര്‍ന്ന് പലചരക്ക് കടയിലെത്തിയ ഇവരെ സഹായിക്കാന്‍ ചിലര്‍ വിസമ്മതിക്കുന്നു, വെറുപ്പോടെ നോക്കുന്നു. പഴയസാധനങ്ങള്‍ വില്‍ക്കുന്ന ചന്തയിലെത്തിയ ദീപികയില്‍നിന്ന് ഒരുസ്ത്രീ മക്കളെ മറയ്ക്കുന്നതും സഹായം അഭ്യര്‍ഥിച്ചപ്പോള്‍ മറ്റൊരാള്‍ ദേഷ്യത്തോടെ നിലവിളിക്കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

''കണ്‍മുന്നില്‍ നടക്കുന്ന, നമ്മള്‍ മനസ്സിലാക്കാത്ത ഒട്ടേറെ കാര്യങ്ങളിലൂടെയാണ് ഞാനിന്ന് കടന്നുപോയത്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകലാണ് പ്രധാനം'' -വീഡിയോയുടെ അവസാനം ദീപിക പറഞ്ഞു. പതിനഞ്ചാംവയസ്സില്‍ ആസിഡ് അക്രമത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പ്രമേയമാകുന്ന ചിത്രം 10-ന് പ്രദര്‍ശനത്തിനെത്തും.

Content Highlights: Deepika Padukone at Mumbai street as Chhapaak Malti to see people’s reactions, social experiment with Acid attack victims