മുംബൈ: ഷീന ബോറ വധക്കേസിലെ പ്രധാന പ്രതിയായ ഇന്ദ്രാണി മുഖർജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പരമ്പര 'ദി ഇന്ദ്രാണി മുഖർജി സ്റ്റോറി: ബറീഡ് ട്രൂത്തി'ന്റെ പ്രദർശനം ബോംബെ ഹൈക്കോടതി തടഞ്ഞു. നെറ്റ്ഫ്ളിക്സിനോട് സി.ബി.ഐ ഉദ്യോ​ഗസ്ഥർക്കുമുമ്പാകെ പ്രത്യേക പ്രദർശനം സംഘടിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സി.ബി.ഐ ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച സീരീസിന്റെ സ്ട്രീമിങ് തുടങ്ങാനിരിക്കേയാണ് കോടതിയുടെ നടപടി.

To advertise here,

എന്തുകൊണ്ട് വെബ് സീരീസ് സി.ബി.ഐക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൂടാ എന്ന് കോടതി ചോദിച്ചു. നെറ്റ്ഫ്ളിക്സിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രവി കദം ഇതിനെ എതിർത്തു. അങ്ങനെയൊന്ന് ചെയ്യേണ്ടിയിരുന്നെങ്കിൽ സി.ബി.ഐക്ക് നേരത്തേ കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ പരമ്പരയുടെ റിലീസ് കുറച്ചുദിവസത്തേക്ക് മാറ്റിവെയ്ക്കാം എന്നതിൽ കോടതി ഉറച്ചുനിന്നതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു.  അടുത്ത ഹിയറിങ്ങിന് മുമ്പേ സീരീസ് റിലീസ് ചെയ്യില്ലെന്ന് പിന്നീട് രവി കദം പറഞ്ഞു. ഡോക്യൂ സീരീസിനുവേണ്ടി അഞ്ച് സാക്ഷികളെ അഭിമുഖം ചെയ്തതായും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സീരീസിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. സമർപ്പിച്ച ഹർജി ചൊവ്വാഴ്ച പ്രത്യേക കോടതി തള്ളിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ സി.ജെ.നന്ദോഡ് വഴി സമർപ്പിച്ച അപേക്ഷയിൽ, വിചാരണ പൂർത്തിയാകുന്നതുവരെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയും പ്രദർശിപ്പിക്കുന്നത് തടയാനും പ്രതികൾക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും നിർദേശം നൽകണമെന്ന് സി.ബി.ഐ. കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തെളിവുകൾ നൽകാതെ പുതിയ വെളിപ്പെടുത്തലുകൾ എന്ന പ്രചാരണ അവകാശവാദങ്ങളുള്ള ഡോക്യുമെന്ററിക്ക് മുൻവിധിയോടെയുള്ള അന്തരീക്ഷം സൃഷ്ടിക്കാനും പൊതുജനങ്ങളെ, പ്രത്യേകിച്ച് പ്രോസിക്യൂഷൻ സാക്ഷികളെ തെറ്റിദ്ധരിപ്പിക്കാനും കഴിയുമെന്ന് അന്വേഷണ ഏജൻസി ചൊവ്വാഴ്ച വാദിച്ചു. എന്നാൽ ഇത്തരമൊരു ഹർജിയിൽ നിർദേശം നൽകാൻ ഹൈക്കോടതികൾക്കും സുപ്രീം കോടതിക്കും മാത്രമേ അധികാരമുള്ളൂ എന്നാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഹാജരായ അഭിഭാഷകൻ അബാദ് പോണ്ട വാദിച്ചത്.

അന്വേഷണ ഏജൻസിക്ക് ഉചിതമായ നിയമനടപടി സ്വീകരിക്കാമെന്ന് സി.ബി.ഐ. പ്രത്യേക ജഡ്ജി എസ്.പി. നായിക്‌നിംബാൽക്കർ പറഞ്ഞു. ഇന്ദ്രാണിക്ക് സുപ്രീം കോടതി ജാമ്യം നൽകുകയും അവരുടെ മോചനത്തിന് ചില വ്യവസ്ഥകൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ജാമ്യ വ്യവസ്ഥകൾ അവർ ലംഘിച്ചുവെന്ന് സി.ബി.ഐ. വാദിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. നിയമപരമായ വ്യവസ്ഥകളൊന്നും ശ്രദ്ധയിൽപ്പെടുത്തിയിട്ടില്ലാത്തതിനാലും ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ ഈ കോടതിക്ക് അധികാരമില്ലാത്തതിനാലും അപേക്ഷ നിരസിക്കുന്നുവെന്നും ചൊവ്വാഴ്ച കോടതി പറഞ്ഞിരുന്നു.

ഷാന ലെവി, ഉറാസ് ബാൽ എന്നിവർ ചേർന്നാണ് ഡോക്യു സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രാണി മുഖർജി, മക്കളായ വിധി മുഖർജി, മിഖൈൽ ബോറ എന്നിവരും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യ വിവാഹത്തിലെ മകൾ ഷീന ബോറയെ (25) 2012-ൽ ശ്വാസംമുട്ടിച്ചു കൊന്നെന്ന കേസിൽ പിടിയിലായ ഇന്ദ്രാണി 2015 മുതൽ വിചാരണത്തടവിലായിരുന്നു. 2022-ൽ ഇന്ദ്രാണിക്കു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഷീനയെ ഇന്ദ്രാണി കൊലപ്പെടുത്തി കത്തിച്ചെന്നാണു കേസ്. ഇന്ദ്രാണിയുടെ മുൻ ഭർത്താക്കൻമാരായ സഞ്ജീവ് ഖന്നയും പീറ്റർ മുഖർജിയും കേസിൽ പ്രതികളാണ്.

ബോംബെ ഹൈക്കോടതിയുടെ നടപടിയോടെ 'ദി ഇന്ദ്രാണി മുഖർജി സ്റ്റോറി ദി ബറിഡ് ട്രൂത്ത്' എന്ന ഡോക്യുമെന്ററി സീരീസിന്റെ സംപ്രേഷണം അടുത്തകാലത്തൊന്നും ആരംഭിക്കില്ല എന്നാണ് സൂചന.