
ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് പിറന്നാൾ സമ്മാനങ്ങൾ വാഗ്ദാനംചെയ്ത് 200 കോടിയുടെ തട്ടിപ്പടക്കം വിവിധ കേസുകളിൽ പ്രതിയായി ഡൽഹി ജയിലിൽ കഴിയുന്ന മലയാളി സുകേഷ് ചന്ദ്രശേഖർ. സ്വകാര്യ ആഡംബര നൗകയും ആരാധകർക്ക് 100 ഐഫോണുകളും വയനാട് ദുരിതാശ്വാസത്തിന് 15 കോടി രൂപയും 300 വീടുകളുമാണ് സുകേഷിന്റെ വാഗ്ദാനങ്ങളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജയിലിൽനിന്ന് ജാക്വിലിൻ ഫെർണാണ്ടസിന് സുകേഷ് അയച്ച കത്ത് മുൻനിർത്തിയാണ് ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മൈ ബേബി ഗേൾ, മൈ ബൊമ്മ എന്നാണ് പിറന്നാളാശംസിച്ചുകൊണ്ടുള്ള കത്തിൽ ജാക്വിലിനെ വിശേഷിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. ജാക്വിലിനുവേണ്ടി ഒരു ആഡംബര നൗകയാണ് സുകേഷ് വാഗ്ദാനംചെയ്തിരിക്കുന്നത്. ലേഡി ജാക്വിലിൻ എന്നാണ് ഇതിന്റെ പേര്. കൂടാതെ ജാക്വിലിന്റെ ആരാധകർക്കായി 100 പുത്തൻ ഐ ഫോണുകളും നൽകും.
സഹജീവികളെ സഹായിക്കാനുള്ള ജാക്വിലിന്റെ മനസിനെ കത്തിൽ പുകഴ്ത്തുന്നുണ്ട് സുകേഷ്. ഇതിന്റെ ഭാഗമായി 15 കോടി രൂപയും 300 വീടുകളും വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നൽകുമെന്നും സുകേഷ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. മറ്റുള്ളവരെ സഹായിക്കുന്നതിനേക്കാൾ വലിയ സന്തോഷം ജാക്വിലിന് ഒരു സമ്മാനത്തിലൂടെയും കിട്ടില്ലെന്നും സുകേഷ് പറഞ്ഞു.
2015 മേയ് 29-ലാണ് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ സുകേഷ് ചന്ദ്രശേഖർ അറസ്റ്റിലായത്. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തു എന്നതായിരുന്നു കേസ്. ഇയാളുടെ ഭാര്യയും നടിയുമായ ലീന മരിയ പോളും കേസില്‍ പിടിയിലായിരുന്നു. സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ സുകേഷില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ കൈപ്പറ്റിയെന്ന കുറ്റത്തിന് നടി ജാക്വിലിന്‍ ഫെർണാണ്ടസിനേയും കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിചേര്‍ത്തത്.
ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടിയോളം രൂപ തട്ടിയെന്നാണ് കണ്ടെത്തല്‍. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്. ഇതിനിടെയാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നത്.
ഇതിനിടയിൽ സുകേഷിനെതിരെ പരാതിയുമായി ജാക്വിലിൻ ഫെർണാണ്ടസ് തന്നെ രംഗത്തെത്തിയിരുന്നു. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും ജീവിതവും തൊഴിലും തകർത്തെന്നും ഡൽഹി പട്യാല ഹൗസ് കോടതിയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. സുകേഷിന്റെ സഹായി പിങ്കി ഇറാനിയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്നുപറഞ്ഞ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. സൺ ടി.വിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നുമാണ് സുകേഷ് തന്നോട് പറഞ്ഞതെന്ന് ജാക്വിലിന്റെ പ്രസ്താവനയിലുണ്ടായിരുന്നു. കഴിഞ്ഞമാസം സുകേഷിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും വേറേയും കേസുകളുള്ളതുകൊണ്ട് ജയിലിൽത്തന്നെ കഴിയുകയാണ്.
Content Highlights: conman sukesh chandrasekhar offered birthday gifts for actress jacqueline fernandez
Published: 12 Aug 2024, 10:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented