വിക്രമിനെ നായകനാക്കി കോബ്രയുടെ ആര്‍.അജയ് ജ്ഞാനമുത്തു രചനയും സംവിധാനവും ചെയ്ത കോബ്ര സെപ്റ്റംബര്‍ 28 മുതല്‍ സോണീ ലിവില്‍ സ്ട്രീം ചെയ്യും. 

To advertise here,

സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ വ്യത്യസ്ത വേഷപ്പകര്‍ച്ചകളുമായിട്ടാണ് ചിയാന്‍ വിക്രം എത്തുന്നത്. അക്രമങ്ങളുടെ ലോകത്തേക്ക് കോബ്ര എന്ന വ്യക്തിത്വം സ്വീകരിച്ചുകൊണ്ട് പ്രവേശിക്കുന്ന, ഗണിതശാസ്ത്രജ്ഞനായ മതിയഴകന്റെ കഥയാണ് ചിത്രം പറയുന്നത്. വേഷംമാറിയ ഐഡന്റിറ്റിയില്‍ അയാള്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത് തുടങ്ങുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

 'ഈ സിനിമ എനിക്കും മറ്റ് അഭിനേതാക്കള്‍ക്കും വലിയ ഒരു ബ്രേക്കാണ് സമ്മാനിച്ചത്. ഇത്രയും കഴിവുള്ള അഭിനേതാക്കള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. കഴിവുറ്റ പുതിയ വ്യക്തികളാണ്  സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ചിത്രത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. ശക്തമായ കഥാപാത്രങ്ങളും കഥയും പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്തും. സോണിലിവില്‍ കോബ്രയുടെ ഓടിടി റിലീസിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു', ചിയാന്‍ വിക്രം പറഞ്ഞു.

 7 സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മിച്ച ചിത്രത്തിന്  ഓസ്‌കാര്‍ ജേതാവായ എ ആര്‍ റഹ്മാനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ജനപ്രിയ അഭിനേതാക്കളായ ശ്രീനിധി ഷെട്ടി, റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിയാന്‍ വിക്രമിനൊപ്പം അഭിനയിക്കുന്നത്. മിയ, മാമുക്കോയ, കെ.എസ്. രവികുമാര്‍, രേണുക,  റോബോ ശങ്കര്‍, മൃണാളിനി രവി, മീനാക്ഷി ഗോവിന്ദരാജന്‍, പൂവൈയ്യാര്‍ തുടങ്ങിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.