ഭക്ഷണശാലയ്ക്ക് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ പേര് നല്‍കിയ റസ്റ്റോറന്റ് ഉടമയ്ക്ക് പണികിട്ടി. താരത്തിന്റെ അനുമതിയില്ലാതെ പേരും ചിത്രവും ഉപയോഗിച്ചെന്നുകാണിച്ച് നല്ലഗണ്ടലയില്‍ പ്രവര്‍ത്തിക്കുന്ന 'ചിരഞ്ജീവി ദാബ' ഉടമയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പിന്നാലെ, വിശദീകരണവുമായി ഉടമ രവി തേജ് രംഗത്തെത്തി.

To advertise here,

തന്റെ പേരും ചിത്രവും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരേ ചിരഞ്ജീവി കോടതിയെ സമീപിച്ചിരുന്നു. ആവശ്യം അംഗീകരിച്ച ഹൈദരാബാദ് സിവില്‍ കോടതി, അനുമതിയില്ലാതെ ചിരഞ്ജീവിയുടെ വ്യക്തിത്വം ഉപയോഗിക്കുന്നതിനെതിനെതിരേ ഉത്തരവിറക്കി. ചിത്രങ്ങളും പേരും ഉപയോഗിക്കുന്നത് താത്കാലികമായി വിലക്കിക്കൊണ്ടായിരുന്നു ഉത്തരവ്. തുടര്‍ന്നാണ്, റസ്‌റ്റോറന്റ് ഉടമയ്ക്കും നോട്ടീസ് ലഭിച്ചത്.

നോട്ടീസ് ലഭിച്ചത് സ്ഥിരീകരിച്ച റസ്‌റ്റോറന്റ് ഉടമ, താരത്തോടുള്ള ആരാധനകൊണ്ടാണ് പേരിട്ടതെന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വിശദീകരിച്ചു. മറ്റ് 60 സ്ഥാപനങ്ങള്‍ക്കൊപ്പമാണ് തനിക്കും നോട്ടീസ് ലഭിച്ചത്. ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. സത്യമറിഞ്ഞാല്‍ അദ്ദേഹം അനുഭാവപൂര്‍വ്വം പ്രതികരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ടീമിനെ നേരില്‍ക്കണ്ട് എല്ലാം വിശദീകരിച്ചു. ഉദ്ദേശശുദ്ധി മനസിലാക്കിയ അവര്‍ റസ്റ്റോറന്റ് നിലവിലെ അവസ്ഥയില്‍ തുടരാന്‍ അനുവാദം നല്‍കിയെന്നും രവി തേജ് അവകാശപ്പെട്ടു.

'ലക്ഷക്കണക്കിന് ആരാധകരെപ്പോലെ ഞങ്ങളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ കടുത്ത ആരാധകരാണ്. ഞങ്ങളുടെ ആരാധന പ്രകടിപ്പിക്കാനാണ് റസ്റ്റോറന്റിന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്', രവി തേജ് വ്യക്തമാക്കി.

'ചിരഞ്ജീവിയുടെ പേരോ ചിത്രമോ ഉപയോഗിച്ചതിന് ആളുകളുടെ പേരില്‍ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നു എന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് കാണുന്ന എല്ലാ ആരാധകരോടും എല്ലാവരോടുമായി ഞങ്ങള്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹത്തിന്റെ പ്രതിച്ഛായയെയും പ്രശസ്തിയെയും അന്തസ്സിനെയും ബഹുമാനിക്കുന്നിടത്തോളം കാലം ഭയപ്പെടാന്‍ ഒന്നുമില്ല. സര്‍, അങ്ങയുടെ പേരിന് അപകീര്‍ത്തിയുണ്ടാക്കുന്ന യാതൊന്നും ഞങ്ങള്‍ ചെയ്യില്ലെന്ന് ഹൃദയത്തില്‍നിന്ന് വാക്ക് തരുന്നു. ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി, മുന്‍പത്തെപ്പോലെ ഞങ്ങളുടെ ബിസിനസ്സ് തുടരാന്‍ അനുവാദം നല്‍കിയതിന് ചിരഞ്ജീവി ഗാരുവിന് നന്ദി', രവി തേജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.