നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രശംസിച്ച് ഗായിക ചിന്മയി ശ്രീപദ. ഇത്തരം സന്ദര്‍ഭങ്ങളിലാണ് കേരളം 'റോക്‌സ്റ്റാര്‍' ആവുന്നതെന്ന് ചിന്മയി എക്‌സില്‍ കുറിച്ചു. നേരത്തെ, വിധി എന്തായാലും താനെന്നും അതിജീവിതയോടൊപ്പമായിരിക്കുമെന്ന് ചിന്മയി വ്യക്തമാക്കിയിരുന്നു.
വിധിക്കെതിരേ അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ എക്‌സ് പോസ്റ്റ് റീ ഷെയര്‍ ചെയ്തായിരുന്നു ചിന്മയിയുടെ പ്രതികരണം. 'ഇവിടെയാണ് കേരളം റോക്‌സ്റ്റാര്‍ ആവുന്നത്. അതെപ്പോഴും അങ്ങനെയായിരിക്കും. ബലാത്സംഗം ചെയ്യുന്നവരെ വേദികളില്‍ കൊണ്ടുവരികയോ അവര്‍ക്കൊപ്പം നൃത്തംചെയ്യുകയോ പിറന്നാള്‍ ആഘോഷിക്കാന്‍ ജാമ്യമനുവദിക്കുകയോ ചെയ്യില്ല', എന്നായിരുന്നു ചിന്മയിയുടെ പോസ്റ്റ്.
വിധി വന്നതിന് പിന്നാലെ ചിന്മയി, 'വൗ ജസ്റ്റ് വൗ', എന്നൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് മുമ്പുള്ള പോസ്റ്റിലാണ് വിധിയെന്തായാലും നടിക്കൊപ്പമെന്ന് ചിന്മയി വ്യക്തമാക്കിയത്.
'ഇന്നത്തെ വിധി ഏതുവഴിക്കാണെങ്കിലും, ഞാന്‍ എപ്പോഴും അതിജീവിതയ്‌ക്കൊപ്പമായിരിക്കും. നീയൊരു ഹീറോയാണ്. മുമ്പും ആയിരുന്നു, ഇനിയും അങ്ങനെതന്നെയായിരിക്കും. നിനക്കൊപ്പം നില്‍ക്കുന്നുവെന്ന് നടിക്കുകയും ആവശ്യമായി വന്നപ്പോള്‍ മൊഴി മാറ്റുകയും ചെയ്ത സ്ത്രീകള്‍ക്കടക്കം എല്ലാവര്‍ക്കും 'അര്‍ഹിക്കുന്നത്' കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- എന്നായിരുന്നു ചിന്മയിയുടെ പോസ്റ്റ്.
നടിയെ ആക്രമിച്ച കേസില്‍ എട്ടാംപ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ കുറ്റംചെയ്‌തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. ഇവര്‍ക്കുള്ള ശിക്ഷയിന്മേല്‍ 12-ന് വാദം കേള്‍ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.
Content Highlights: Singer Chinmayi Sripada applauds the Kerala government`s decision to appeal the verdict in the actress attack case, calling the state a `rockstar` for standing with the survivor
Published: 08 Dec 2025, 04:35 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented