ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന 'വാനോളം മലയാളം, ലാല്‍സലാം' എന്ന പരിപാടിയുടെ പേരിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് 'ലാല്‍സലാം' എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

To advertise here,

'ലാല്‍സലാം' എന്നത് കമ്യൂണിസ്റ്റ് അഭിവാദ്യരീതിയാണ്. 'ലാല്‍സലാം' എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പന്‍ അഭിവാദ്യം എന്നാണ് യഥാര്‍ഥ അര്‍ഥം. ഇംഗ്ലീഷില്‍ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പന്‍ അഭിവാദ്യം നേരുന്ന പാര്‍ട്ടി പരിപാടിയായി പൗരസ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സര്‍ക്കാരിനുള്ളത്. കമ്യൂണിസ്റ്റുകഥാപാത്രങ്ങളുടെ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് ചെറിയാന്‍ കല്പകവാടി തന്റെ സിനിമയ്ക്ക് 'ലാല്‍സലാം' എന്ന പേരു നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശനിയാഴ് വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ ആദരിക്കുന്നത്. 'ലാല്‍സലാം' ലാലിനുള്ള സലാം എന്ന് മാത്രമാണ് അര്‍ഥമെന്ന് കഴിഞ്ഞദിവസം സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. കരൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ക്രമീകരണങ്ങളോടെയാകും പരിപാടി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുന്ന എല്ലാവര്‍ക്കും പരിപാടി കാണാന്‍ അവസരം ഉണ്ടായിരിക്കും.