ന്യൂഡല്‍ഹി: ഭര്‍ത്താവ് പീറ്റര്‍ ഹാഗിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി ബോളിവുഡ് താരം സെലിന ജെയ്റ്റ്‌ലി. ഭര്‍ത്താവ് കാരണമുണ്ടായ വരുമാനനഷ്ടം ചൂണ്ടിക്കാട്ടി 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. ഒരു ഓസ്ട്രിയന്‍ സംരംഭകനും ഹോട്ടല്‍ ഉടമയുമാണ് 48 കാരനായ പീറ്റര്‍ ഹാഗ്. 2010 ലാണ് ജെയ്റ്റ്‌ലിയും ഹാഗും വിവാഹിതരായത്. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുമുണ്ട്.

To advertise here,

നോ എന്‍ട്രി, അപ്‌ന സപ്‌ന മണി മണി, മണി ഹേ തോ ഹണി ഹേ, ഗോല്‍മാല്‍ റിട്ടേണ്‍സ്, താങ്ക് യു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് സെലിന ജെയ്റ്റ്‌ലി. നവംബര്‍ 21 ന് മുംബൈ കോടതിയിലാണ് സെലിന ഹര്‍ജി സമര്‍പ്പിച്ചത്. പിന്നാലെ ഹാഗിന് നോട്ടീസയച്ചു.

ഹാഗ് ഒരു തന്നിഷ്ടക്കാരനാണെന്നും സ്വന്തം കാര്യം മാത്രം നോക്കുന്ന വ്യക്തിയുമാണെന്നും തന്നോടും കുട്ടികളോടും യാതൊരു സഹാനുഭൂതിയുമില്ലെന്നും 47 കാരിയായ സെലീന ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഭര്‍ത്താവില്‍ നിന്ന് വൈകാരികമായും ശാരീരികമായും ലൈംഗികമായും വാക്കാലുമുള്ള പീഡനങ്ങള്‍ നേരിടേണ്ടി വന്നതായി സെലീന പരാതിയില്‍ അവകാശപ്പെട്ടു. അതുകൊണ്ടാണ് ഓസ്ട്രിയയില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് വരാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ പരാതിയില്‍ പറഞ്ഞു.

കരണ്‍ജാവാല ആന്റ് കോ എന്ന നിയമസ്ഥാപനമാണ് സെലീനയ്ക്ക് വേണ്ടി കോടതിയെ സമീപിച്ചത്. പ്രതിമാസം പത്ത് ലക്ഷം രൂപ ജീവനാംശം വേണമെന്നും ഹാഗ് മുംബൈയിലെ തന്റെ വസതിയില്‍ പ്രവേശിക്കുന്നത് തടയണമെന്നും സെലിന കോടതിയില്‍ ആവശ്യപ്പെട്ടു. കൂടാതെ മൂന്ന് കുട്ടികളുടെ സംരക്ഷണാവകാശം വേണമെന്നും സെലിന ഹര്‍ജിയില്‍ പറഞ്ഞു. കുട്ടികളെല്ലാം നിലവില്‍ ഹാഗിനൊപ്പം ഓസ്ട്രിയയിലാണ് കഴിയുന്നത്.

കുട്ടികളുണ്ടായതിന് ശേഷം തന്നെ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കിയെന്നും തന്റെ സാമ്പത്തിക സ്വാതന്ത്ര്യവും അന്തസ്സും കവര്‍ന്നെടുത്തുവെന്നും സെലീന പറയുന്നു. ഇടയ്‌ക്കൊക്കെ ഹാഗിന്റെ അനുമതിയോടെ മാത്രമേ ചെറിയ പ്രൊജക്ടുകളുടെ ഭാഗമാകാന്‍ സാധിക്കാറുള്ളൂവെന്നും സെലീന പറയുന്നു.

ഈ വര്‍ഷം ഓഗസ്റ്റില്‍ ഹാഗ് ഓസ്ട്രിയയിലെ ഒരു കോടതിയില്‍ വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സെലിന ഹര്‍ജിയില്‍ വ്യക്തമാക്കി.

2012 ലാണ് സെലീനയ്ക്കും ജെയ്റ്റ്‌ലിക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടും ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ ജനിച്ചെങ്കിലും അതില്‍ ഒരു കൂട്ടി ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാല്‍ മരണപ്പെട്ടു.