ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് ഹോളിവുഡ് ചിത്രങ്ങളായ ബാർബിയും ഓപ്പൻഹെെമറും. ആ​ഗോള ബോക്സോഫീസ് കളക്ഷനിൽ ബാർബിയാണ് മുന്നിൽ. ഇന്ത്യയിൽ ​ഗ്രേറ്റ ഒരുക്കിയ ബാർബിയെ ബ​ഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് നോളൻ സംവിധാനം ചെയ്ത ഓപ്പൻഹെെമർ. 

To advertise here,

റിലീസ് ചെയ്ത് ആദ്യ ആറ് ദിനങ്ങൾ കൊണ്ട് 67.85 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ഓപ്പൻഹെെമർ നേടിയിരിക്കുന്നത്. ആറാം ​​ദിവസം 5.85 കോടി രൂപ ചിത്രം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബാർബി ഇന്ത്യയിൽ നിന്ന് 23 കോടിയിലധികം നേടിയെന്നാണ് റിപ്പോർട്ടുകൾ.

500 മില്യൺ ഡോളറിലേയ്ക്ക് എത്തുകയാണ് ബാർബിയുടെ കളക്ഷൻ. ഓപ്പൻഹെെമറിന്റേത് 220 മില്യൺ ഡോളറാണ്. യു.എസ്, യു.കെ എന്നിവിടങ്ങൾ കഴിഞ്ഞാൽ ഇന്ത്യയാണ് ഓപ്പൻഹെെമറിന്റെ ഏറ്റവും വലിയ മാർക്കറ്റ്. 2023 ജൂലെെ 21-നാണ് ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയത്. 

2020-ൽ‍ പുറത്തിറങ്ങിയ ടെനെറ്റിനു ശേഷം നോളൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ’ഓപ്പൻഹൈമർ’. ‘അണുബോംബിന്റെ പിതാവെ’ന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൻഹൈമറുടെ ജീവിതം പറയുകയാണ് ചിത്രത്തിലൂടെ.

2005-ലെ പുലിറ്റ്‌സർ സമ്മാനത്തിന് അർഹമായ ‘അമേരിക്കൻ പ്രൊമിത്യൂസ്: ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൺഹൈമർ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ടാം ലോകയുദ്ധവും അണുബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കിലിയൻ മർഫിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, റാമി മാലെക്ക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.