കൊച്ചി: കേരളത്തിന്റെ അഭിമാന നാടകവേദിയായ കലാനിലയം സ്ഥിരംനാടകവേദിയെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസില്‍വച്ച് കലാനിലയം കൃഷ്ണന്‍ നായരുടെ മകന്‍ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയിയും ചേര്‍ന്ന് കരാറില്‍ ഒപ്പുവച്ചു. അതോടെ കലാനിലയം ഇനി അറിയപ്പെടുക 'ഏരീസ് കലാനിലയം ആര്‍ട്സ് &  തിയറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലായിരിക്കും. ഏരീസും കലാനിലയവും സംയുക്തമായി ചേര്‍ന്നായിരിക്കും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍.

To advertise here,

ഡോള്‍ബി അറ്റ്മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഇനി ഏരീസ് കലാനിലയത്തിന്റെ പ്രദര്‍ശനം. പുത്തന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ പ്രദര്‍ശനം നടത്തുക എന്നതും ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യമാണ്. പാന്‍ ഇന്ത്യന്‍ സിനിമാതാരം വിയാന്‍ മംഗലശ്ശേരി ഏരീസ് കലാനിലയം ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. 

വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ആധുനിക ദൃശ്യ-ശ്രവ്യ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള  അവതരണരീതി കൊണ്ട്  മലയാളക്കരയാകെ ശ്രദ്ധ നേടിയിട്ടുണ്ട് കലാനിലയം. അവതരണത്തിലെ വ്യത്യസ്തത കൊണ്ട് തന്നെയാണ് കലാനിലയം ശ്രദ്ധ നേടിയത്. രക്തരക്ഷസ്, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാര്‍, ഗുരുവായൂരപ്പന്‍, അലാവുദീനും അത്ഭുതവിളക്കും, നാരദന്‍ കേരളത്തില്‍, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരില്‍ വിസ്മയം സൃഷ്ടിച്ച കലാനിലയം ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതില്‍ ഏറെ അഭിമാനം ഉണ്ടെന്ന് സര്‍ സോഹന്‍ റോയ് പറഞ്ഞു. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തില്‍ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണത്തിലൂടെയാണ് ഈ നാടകസംഘം  ശ്രദ്ധേയമായത് എന്നും,  'നാടകം സിനിമ പോലെ നാടാകെ' ഇളക്കി  ജനമനസ്സുകള്‍ കീഴടക്കിയ കലാനിലയം ഇനി പുത്തന്‍ ആശയത്തോടെ വീണ്ടും നാടകപ്രേമികളിലേക്ക് എത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 

1963-ല്‍ ശ്രീ കലാനിലയം കൃഷ്ണന്‍ നായര്‍ നാടകസങ്കല്പത്തില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സ്ഥിരംവേദിയെന്ന ആശയവുമായി രംഗത്ത് എത്തി. 150-ലധികം കലാകാരന്മാര്‍ കലാനിലയത്തിന്റെ ഭാഗമായിരുന്നു അന്ന്. ജഗതി ശ്രീകുമാറിന്റെ പിതാവ് ജഗതി എന്‍.കെ. ആചാരി കലാനിലയത്തിന്റെ നാടകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്ത് മൊഴിമാറ്റി മറ്റ് സംസ്ഥാനങ്ങളിലും നാടകാവതരണം നടത്തിയിട്ടുണ്ട്. സ്‌കൂള്‍തലം മുതല്‍ തന്നെ കുട്ടികളില്‍ നാടകത്തെക്കുറിച്ചുള്ള പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഏരീസ് കലാനിലയത്തിന് ഉണ്ട്. വിദ്യാലയങ്ങളില്‍ ഇതിനായി പ്രത്യേക ഡ്രാമ ക്ലബ്ബുകള്‍ രൂപീകരിക്കും. ഇതുവഴി കുട്ടികളുടെ അഭിരുചി വളര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഏരീസ്.