കൊച്ചി: നടി അൻസിബ ഹസ്സനെതിരേ നടനും താരസംഘടന ‘അമ്മ’ എക്‌സിക്യൂട്ടീവ് അംഗവുമായ ടിനി ടോം നടത്തിയെന്ന് ആരോപിക്കുന്ന പരാമർശത്തിൽ വിശദീകരണവുമായി പ്രൊഡക്ഷൻ കൺട്രോളറുടെ മകൻ ശ്രീകൈലാസ്. തന്നെ മതം മാറ്റാൻ ആരും നിർബന്ധിച്ചിട്ടില്ലെന്ന് ശ്രീകൈലാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പോലീസ് ഡേ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് അൻസിബ മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിച്ചിട്ടില്ലെന്നും ശ്രീകൈലാസ് പറഞ്ഞു.

To advertise here,

'പുള്ളിക്കാരി അങ്ങനെ ഒന്നുംചെയ്തിട്ടില്ല. പോലീസ് ഡേ എന്ന സിനിമയിൽ എന്റെ അച്ഛനായിരുന്നു പ്രൊഡക്ഷൻ കൺട്രോളർ. അച്ഛന്റെ കൂടെ സഹായിയായി ഞാൻ പോയിരുന്നു. ആ സമയത്ത് കണ്ടിരുന്നു എന്നതിലുപരി ഒന്നുമില്ല', ശ്രീകൈലാസ് പറഞ്ഞു.

'സെറ്റിൽ ഞാൻ നോമ്പ് അനുഷ്ഠിച്ചിരുന്നു. വ്യക്തിപരമായ താത്പര്യത്തിന് പുറത്താണ് അത് ചെയ്തത്. എന്റെ സുഹൃത്തുക്കൾ ആരോഗ്യത്തിന് ഉൾപ്പെടെ നല്ലതാണെന്ന് പറഞ്ഞിട്ടാണ് നോമ്പെടുത്തത്. അതേ ദിവസം അൻസിബ അവിടെ അഭിനയിക്കാൻ എത്തി. അതെല്ലാം യാദൃച്ഛികമായിരുന്നു', ശ്രീകൈലാസ് വ്യക്തമാക്കി.

പ്രൊഡക്ഷൻ കൺട്രോളറുടെ മകനേയും ടിനി ടോമിന്റെ ഡ്രൈവറേയും മതംമാറ്റാൻ താൻ ശ്രമിച്ചുവെന്ന് നടൻ ആരോപിച്ചു എന്നായിരുന്നു അൻസിബ പറഞ്ഞത്. ഇക്കാര്യത്തിലാണ് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകൻ ശ്രീകൈലാസ് വിശദീകരണവുമായി രംഗത്തെത്തിയത്. രാജീവ് പ്രൊഡക്ഷൻ കൺട്രോളർ ആയ പോലീസ് ഡേയിൽ അൻസിബയും ടിനി ടോമും ഒന്നിച്ച് അഭിനയിച്ചിരുന്നു. രാജീവും ആരോപണം നിഷേധിച്ചിട്ടുണ്ട്.