ഒരു ട്രെയിലർ ഇറങ്ങിയാൽ അത് പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. ഒപ്പം പോസ്റ്ററുകളും ഹോർഡിങുകളും നിറഞ്ഞ പഴയ പരമ്പരാഗത രീതിയും വേണം.

സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടൻ ബിജു മേനോനെതിരെ സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചർച്ച ചൂടുപിടിക്കുന്നു. ഈ വിഷയത്തിൽ വേറിട്ട നിലപാടുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. വട്ടംകൂടിയിരുന്ന് അഭിമുഖങ്ങൾ നൽകുന്നതല്ല പ്രമോഷനെന്നും സിനിമയുടെ ഗുണമേന്മയാണ് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഈ തനിനിറ'ത്തിന്റെ പ്രചാരണ വേളയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അനൂപ് മേനോൻ. നടൻ ബിജു മേനോൻ പ്രമോഷനിൽ സഹകരിക്കാത്തതിനാൽ ഒരു നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു കഴിഞ്ഞദിവസം ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്.
സിനിമ പ്രൊമോഷൻ എന്ന വിഷയത്തിന് പല അടരുകളുണ്ടെന്ന് അനൂപ് മേനോൻ പറഞ്ഞു. ഏഴു പേർ വട്ടം കൂടിയിരുന്ന് വലിയൊരു ചാനലിന് അഭിമുഖം നൽകുന്നതാണോ ഒരു സിനിമയുടെ പ്രമോഷനെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ ആണെങ്കിൽ ഇവിടെ ഇറങ്ങുന്ന പല സിനിമകൾക്കും ആദ്യദിവസം നിറയെ ആളുകൾ വരണമല്ലോ. ഓൺലൈൻ ഇന്റർവ്യൂകളിൽ പ്രഗൽഭരായ പല നടന്മാരുടെയും സിനിമകൾ ഇത്തരത്തിൽ പ്രമോട്ട് ചെയ്യപ്പെടുന്നുണ്ടല്ലോ. അങ്ങനെയെങ്കിൽ ആ സിനിമകൾക്കെല്ലാം ആദ്യദിവസം തന്നെ തിയേറ്ററിൽ വലിയ തിരക്ക് അനുഭവപ്പെടേണ്ടതല്ലേ? പക്ഷേ പലപ്പോഴും അത് സംഭവിക്കാറില്ല. അതുകൊണ്ട് തന്നെ, പ്രൊമോഷൻ കൊണ്ടുമാത്രം ഒരു സിനിമ ജനങ്ങളെ ആകർഷിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും അനൂപ് മേനോൻ അഭിപ്രായപ്പെട്ടു.
ഒരു സിനിമ വിജയിക്കുന്നത് അതിന്റെ മൂല്യം കൊണ്ടാണ്. സിനിമ റിലീസ് ആയതിന് ശേഷം വേണം യഥാർഥ പ്രചാരണം തുടങ്ങേണ്ടതെന്നാണ് വ്യക്തിപരമായ വിശ്വാസം. പടം ഇറങ്ങുന്നുണ്ട് എന്ന് എല്ലാവരെയും അറിയിക്കാൻ വേണ്ടി മാത്രം ഒരുപാടുപേർ വട്ടം കൂടിയിരുന്ന് മറ്റുള്ളവരുടെ സമയം കളയേണ്ട കാര്യമുണ്ടോ? ഇത്തരത്തിൽ കുറെ അഭിമുഖങ്ങൾ കൊടുത്തതുകൊണ്ട് മാത്രം ആളുകൾ സിനിമ കാണാൻ വരില്ല. ഒരു സിനിമ കാണണമെന്ന് പ്രേക്ഷകർ തീരുമാനിക്കുന്നത് അതിന്റെ ട്രെയിലർ കണ്ടിട്ടാണ്. അതുകൊണ്ട് ട്രെയിലറാണ് ഏറ്റവും കൂടുതൽ പ്രൊമോട്ട് ചെയ്യപ്പെടേണ്ടത്.
ഒരു ട്രെയിലർ ഇറങ്ങിയാൽ അത് പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം. ഒപ്പം പോസ്റ്ററുകളും ഹോർഡിങുകളും നിറഞ്ഞ പഴയ പരമ്പരാഗത രീതിയും വേണം. ഇപ്പോൾ പല പ്രൊഡ്യൂസർമാരും പോസ്റ്ററുകൾ അടിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി ഒട്ടിക്കപ്പെടുന്നില്ല. വിതരണ ഓഫീസുകളിൽ പോസ്റ്ററുകൾ കെട്ടിക്കിടക്കുകയാണ്. ആയിരം പോസ്റ്റർ കൊടുക്കുമ്പോൾ പരമാവധി ഇരുനൂറോളം പോസ്റ്ററുകൾ മാത്രമാണ് മതിലുകളിൽ ഒട്ടിക്കപ്പെടുന്നത്, ബാക്കി ഡിസ്ട്രിബ്യൂഷൻ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. അവിടങ്ങളിലൊക്കെയാണ് യഥാർഥത്തിൽ പ്രൊമോഷൻ നടക്കേണ്ടത്.
അഭിനേതാക്കൾ എന്ന നിലയിൽ കരാറിൽ ഒപ്പിടുമ്പോൾ നമ്മൾ പ്രമോഷന് വരുമെന്ന് സമ്മതിക്കാറുണ്ട്. പക്ഷേ, ആ കരാറിൽ ഏത് സമയത്ത് വരണമെന്ന് കൃത്യമായി പറയുന്നില്ല. ഉദാഹരണത്തിന്, സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ഒരു നടൻ ജമ്മു കശ്മീരിലെ മിലിട്ടറി ഏരിയയിൽ മറ്റൊരു സിനിമയുടെ ഷൂട്ടിങിലാണെന്ന് കരുതുക. പത്തു ദിവസം മാത്രം അനുമതിയുള്ള ആ ലൊക്കേഷൻ ഉപേക്ഷിച്ച് വരാൻ അയാൾക്ക് കഴിയില്ല. അയാൾ അവിടെ വേണ്ടേ? അവിടെ ലക്ഷങ്ങൾ മുടക്കി ഷൂട്ട് ചെയ്യുന്ന മറ്റൊരു പ്രൊഡ്യൂസർ അയാളെ വിട്ടയക്കില്ലല്ലോ. ചുരുക്കത്തിൽ, ഇതെല്ലാം പരസ്പരമുള്ള സ്നേഹത്തിലും വിശ്വാസത്തിലുമാണ് മുന്നോട്ട് പോകുന്നത്." അനൂപ് മേനോന്റെ വാക്കുകൾ.
ഒരു നിർമാതാവ് സിനിമയ്ക്കും മാർക്കറ്റിങ്ങിനുമായി എത്രമാത്രം ഇൻവെസ്റ്റ് ചെയ്യുന്നു എന്നതും പ്രധാനമാണ്. പ്രൊഡ്യൂസറും ആർട്ടിസ്റ്റുകളും തമ്മിൽ അത്തരമൊരു ബന്ധം ഉണ്ടാകുമ്പോൾ എല്ലാ ആർട്ടിസ്റ്റുകളും പ്രചാരണത്തിന് വരുന്നുണ്ട്. പ്രൊമോഷൻ നടക്കുന്ന സമയത്ത് മറ്റൊരു സിനിമയുടെ വർക്കിൽ ആണെങ്കിൽ ആ പ്രൊഡ്യൂസർ വിടുമോ, അയാൾ ലക്ഷങ്ങൾ മുടക്കി പടം ചെയ്യുന്നതല്ലേ. ഇക്കാര്യത്തിൽ കർക്കശമായ നിയമങ്ങളൊന്നുമില്ല. സങ്കീർണമായ ഒരു ചോദ്യവും അതിന് വൈവിധ്യമാർന്ന ഉത്തരങ്ങളുമുള്ള ഒരു വിഷയമാണിതെന്നും അനൂപ് മേനോൻ വ്യക്തമാക്കി.
Content Highlights: Anoop Menon shares his views on film promotion, stating movie quality and trailers are key, not just interviews. Understand the debate.
Published: 10 Feb 2026, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented