ബെംഗളൂരു: 'പുഷ്പ 2' സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ അറസ്റ്റിലായ അല്ലു അര്‍ജുന്‍ ഇന്ന് രാത്രി മുഴുവന്‍ ജയിലില്‍ തുടരും. തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവ് രാത്രി വൈകി മാത്രം എത്തിയ പശ്ചാതലത്തിലാണ് ജയിലില്‍ തങ്ങേണ്ടിവരിക. ജയിലിന് മുന്നില്‍ ആരാധകരുടെ വന്‍ നിരയാണ്. ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലാണ് അല്ലു കഴിയുന്നത്. 

To advertise here,

അല്‍പസമയം മുന്‍പ് മാത്രമാണ് ഇടക്കാല ജാമ്യ ഉത്തരവ് ചഞ്ചല്‍ഗുഡ ജയില്‍ സൂപ്രണ്ടിന് ലഭിച്ചത്. തടവുപുള്ളികളെ രാത്രി വൈകി മോചിതരാക്കാന്‍ ജയില്‍ ചട്ടം അനുവദിക്കുന്നില്ല. അതിനാലാണ് ഇന്നു രാത്രി മുഴുന്‍ ജയിലില്‍ കഴിയേണ്ടിവരിക. അതേസമയം നാളെ രാവിലെത്തന്നെ ജയില്‍ മോചനമുണ്ടാകും. ജയിലിലെ എ1 ബാരക്കിലാണ് അല്ലു കഴിയുകയെന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ ജില്ലാ ജയിലിന്റെ റിസപ്ഷനില്‍ ടാസ്‌ക് ഫോഴ്‌സ് പോലീസിന്റെ കസ്റ്റഡിയിലാണ് അല്ലു ഉണ്ടായിരുന്നത്. ജയിലിന് മുന്നിലുണ്ടായിരുന്ന അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് തിരിച്ച് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. അതേസമയം മറ്റു ആരാധകര്‍ ഇപ്പോഴും തടിച്ചുകൂടിയിരിക്കുകയാണ്. 

കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റുചെയ്തത്.