തെന്നിന്ത്യൻ താരമായ അല്ലു അർജുന്റെ വരാനിരിക്കുന്ന ചിത്രമാണ് രാക്ക. ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദീപികാ പദുക്കോണാണ് രാക്കയിൽ അല്ലുവിനൊപ്പം എത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്നവരിൽ ദക്ഷിണേന്ത്യക്കാർ മാത്രമല്ല ഉള്ളതെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ ബിഹാറിലെ വിതരണാവകാശം സ്വന്തമാക്കാനായി വിതരണക്കാർ മത്സരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

To advertise here,

ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ കരുത്തുറ്റ ആരാധകവൃന്ദമാണ് 44-കാരനായ അല്ലു അർജുനുള്ളത്. കഴിഞ്ഞ ചിത്രങ്ങളായ പുഷ്പ: ദി റൈസ്, പുഷ്പ 2: ദി റൂൾ എന്നിവയിലൂടെയാണ് അല്ലു ഉത്തരേന്ത്യയുടെ മനസിലും ഇടം സ്വന്തമാക്കിയത്. ഈ രണ്ട് ചിത്രങ്ങളും നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ വമ്പൻ വിജയമാണ് കൊയ്തത്.
Also Read: ദീപികാ പദുക്കോൺ ഗർഭിണി; രാക്കയിലെ ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പിനെ ഉപയോഗിക്കാൻ ആറ്റ്‌ലീ

രാക്കയുടെ ബിഹാറിലെ അവകാശം സ്വന്തമാക്കാനായി പല വിതരണക്കാരും നിർമാതാക്കളെ ഇതിനകം സമീപിച്ചുകഴിഞ്ഞുവെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ബിഹാറിലും സമീപ സംസ്ഥാനങ്ങളിലും അല്ലു അർജുന് വലിയ എണ്ണം ആരാധകരുണ്ട് എന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. പുഷ്പ 2: ദി റൂൾ അസാധാരണമായ വിജയമാണ് ബിഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നേടിയത്. ഈ പ്രദേശങ്ങളിലെ അടച്ചുപൂട്ടിയ പല തിയേറ്ററുകളും ചിത്രത്തിന്റെ വമ്പൻ സ്വീകാര്യത കാരണം വീണ്ടും തുറന്ന് പ്രവർത്തിച്ച സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. രാക്കയുടെ കാര്യത്തിലും സമാനമായ പ്രതികരണം ഉത്തരേന്ത്യയിൽ നിന്നുണ്ടാകുമെന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്.

സൺ പിക്‌ചേഴ്‌സ് വൻ ബജറ്റിൽ നിർമിക്കുന്ന ചിത്രം, കഥ പറച്ചിലിലും സാങ്കേതിക വിദ്യയിലും പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുന്ന ഒരു ബ്രഹ്‌മാണ്ഡ വിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്. സൺ പിക്‌ചേഴ്‌സ്, ഐക്കൺ സ്റ്റാർ അല്ലു അർജുൻ, ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലി എന്നിവർ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'രാക്ക'യ്ക്കുണ്ട്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാണ് പ്രൊജക്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

'രാജാ റാണി', 'തെരി', 'മെർസൽ', 'ബിഗിൽ' തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും 'ജവാൻ' എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നതെന്നാണ് വിവരം. അറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്റെ 22-ാമത്തെ ചിത്രവും ആറ്റ്‍ലീയുടെ ആറാമത്തെ ചിത്രവുമാണിത്.