നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന കോടതി വിധിക്ക് പിന്നാലെ നടനോട് മാപ്പ് ചോദിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെ വിമര്‍ശിച്ചതിനും വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് ആലപ്പി അഷ്‌റഫ് മാപ്പ് ചോദിച്ചത്.
'കണ്ടതും കേട്ടതും' എന്ന തന്റെ യുട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് സംവിധായകന്‍ ഇക്കാര്യം പറയുന്നത്. അതിജീവിതയുടെ ദുരവസ്ഥയെ കുറിച്ച് സംസാരിച്ച ആലപ്പി അഷ്‌റഫ് ദിലീപിനെ വെറുതെവിട്ട കോടതിവിധിയെ സ്വാഗതം ചെയ്യുകയും ചെയ്തു. കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിയാത്തത് പ്രോസിക്യൂഷന്റേയും ഭരണകൂടത്തിന്റേയും പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവം നടന്നത് അറിഞ്ഞപ്പോള്‍ തന്നെ തനിക്ക് ദിലീപിന്റെ മേല്‍ സംശയം തോന്നിയിരുന്നുവെന്നും ദിലീപുമായി അടുത്ത ബന്ധമുള്ള മിമിക്രി താരം ദുബായില്‍ ഒരു ഷോയില്‍വെച്ച് നടന്ന ചില സംഭവങ്ങളെ കുറിച്ച് തനിക്ക് സൂചന തന്നിരുന്നുവെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. ഈ സംഭവത്തിന് ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആദ്യമായി വെളിപ്പെടുത്തിയപ്പോള്‍ തന്റെ സംശയം കൂടുതല്‍ ബലപ്പെട്ടുവെന്നും പിന്നീട് ബൈജു പൗലോസിനെപ്പോലെ ക്ലീന്‍ ഇമേജുള്ള പൊലീസ് ഉദ്യോഗസ്ഥരും കീഴ്‌ക്കോടതിയും ഹൈക്കോടതിയും വരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്ന് ആവര്‍ത്തിച്ച് കൊണ്ടാണ് അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചതെന്നും ആലപ്പി അഷ്ഫറ് പറയുന്നു.
ഒരു സാധാരണ പൗരന്‍ എന്ന നിലയിലും ദിലീപിന്റെ മുന്‍ ചെയ്തികള്‍ അറിയാവുന്ന വ്യക്തി എന്ന നിലയിലും നമ്മുടെ നീതിന്യായ വ്യവസ്ഥയും സിസ്റ്റവും പറയുന്നത് വിശ്വസിക്കണമോ അതോ ചാനലില്‍ വന്നിരുന്ന് പ്രസംഗിക്കുന്ന പിആര്‍ വര്‍ക്കേഴ്‌സ് പറയുന്നത് വിശ്വസിക്കണമോ എന്ന ചിന്തയുണ്ടായിരുന്നു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവര്‍ ബന്ധങ്ങള്‍ മറന്ന് സംസാരിക്കേണ്ടി വരുമെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കുന്നു.
'എനിക്ക് ദിലീപിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. നല്ലൊരു കലാകാരന്‍ എന്ന നിലയില്‍ ഇഷ്ടവുമായിരുന്നു. പ്രോസിക്യൂഷനും പൊലീസും നിരത്തിയ തെളിവുകളും വാദങ്ങളുമൊക്കെ ഫാബ്രിക്കേറ്റഡ് ആണെന്ന ദിലീപിന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ വന്ന കോടതി വിധി. ആ വിധിയെ അംഗീകരിക്കുന്നു. ദിലീപിനുണ്ടായ തകര്‍ച്ചയ്ക്ക് ആര് ഉത്തരവാദിത്വം പറയും. ദിലീപിനോട് നിരുപാധികം മാപ്പ് പറയുന്നു. എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണിത്. തെറ്റിദ്ധാരണകള്‍ മൂലം തെറ്റുകള്‍ സംഭവിക്കാം. അത് തിരുത്തപ്പെടുമ്പോഴാണല്ലോ നമ്മള്‍ നന്മയുള്ളവരായി മാറുന്നത്.'-ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
Content Highlights: alleppey ashraf apologizes dileep after verdict in actress atatck case
Published: 10 Dec 2025, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented