കോഴിക്കോട്: ജലത്തില്‍ മുഴുവന്‍ വിഷം കലര്‍ന്ന് ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോഴാണ് മതം മാറാനുള്ള തീരുമാനമെടുത്തതെന്ന് സംവിധായകന്‍ അലി അക്ബര്‍. ഇനി ഇതില്‍ നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായി. എന്തെങ്കിലും  സാമൂഹിക പരിഷ്‌കാരം ഇതില്‍ വരുത്താന്‍ കഴിയുമെന്ന ബോധ്യവും എനിക്കില്ല. ഈ സാഹചര്യത്തിലാണ് താനും ഭാര്യയും മതം മാറുന്നതെന്നും അലി അക്ബര്‍ മാതൃഭൂമി ഡോട്ട് കോമിനോട്  പറഞ്ഞു. പേരൊന്നും  തീരുമാനിച്ചിട്ടില്ല.  ഇതിന്റെ ബാക്കി കാര്യങ്ങള്‍ക്ക് ശേഷം മാത്രമാണ് പേര് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമുണ്ടാവുകയുള്ളൂവെന്നും അലി അക്ബര്‍ ചൂണ്ടിക്കാട്ടി. താനും ഭാര്യയുമാണ് ഇപ്പോള്‍ മതം മാറുന്നത്. കുട്ടികള്‍ വലുതായി. അവര്‍ക്ക് അവരുടെ വഴിയുണ്ടെന്നും അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെയെന്നും അലി അക്ബര്‍ ചൂണ്ടിക്കാട്ടി.

To advertise here,

തീര്‍ത്തും വ്യക്തിപരമായിട്ടാണ് തീരുമാനമെടുത്തത്. ഇതിന്റെ പിന്നില്‍ യാതൊരു രാഷ്ട്രീയവുമില്ല. മുസ്ലീമായി നിന്നാല്‍ യാതൊരു ആനുകൂല്യവും ബി.ജെ.പിയില്‍ നിന്ന് കിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ മതം മാറുന്നത് എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. ഇതൊന്നും ശരിയല്ല. അങ്ങനെയെങ്കില്‍ ഞാന്‍ ലീഗിലേക്കല്ലേ പോവേണ്ടിയിരുന്നതെന്നും ഹിന്ദുവിലേക്ക് മാതം മാറുകയല്ലല്ലോ വേണ്ടതെന്നും അലി അക്ബര്‍ ചോദിച്ചു. ഞാനിപ്പോള്‍ ഏതെങ്കിലും  രാഷ്ട്രീയത്തിന്റേയോ മറ്റോ ഭാഗമല്ല. ശിഷ്ടകാലം ഇങ്ങനെയൊക്കെയങ്ങ്  പോവണം. ആരോപണവുമായി വരുന്നവര്‍ അങ്ങനെ പറഞ്ഞ് തീര്‍ക്കട്ടെയന്നും അലി അക്ബര്‍ ചൂണ്ടിക്കാട്ടി. 

കഴിഞ്ഞ ദിവസമായിരുന്നു  മതം മാറുകയാണെന്നും ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തിലായിരിക്കും ജീവിക്കുകയെന്നും അലി അക്ബര്‍ പറഞ്ഞത്. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ തന്റെ മതം മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ പ്രതികരിച്ച തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചതായും ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടു കൂട്ടിയിരിക്കുകയാണെന്നും അലി അക്ബര്‍ ആരോപിച്ചിരുന്നു. അലി അക്ബര്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ നിലിവില്‍ അദ്ദേഹത്തിന്റെ വാളില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.